Gossips
വിധിയെ വെല്ലുവിളിക്കാൻ ദിലീപിന്റെ ‘നീക്കം’; ആകാംഷയുടെ മുൾമുനയിൽ നിർത്തി ജഗൻ ഷാജി കൈലാസ് ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ !
മലയാള സിനിമാപ്രേമികളെയും ദിലീപ് ആരാധകരെയും ഒരേപോലെ ആവേശത്തിലാഴ്ത്തിക്കൊണ്ട് ജനപ്രിയ നായകൻ ദിലീപിന്റെ പുതിയ ചിത്രമായ ‘നീക്കം’ എന്ന സിനിമയുടെ ഒഫീഷ്യൽ ടീസർ പുറത്തിറങ്ങി. ദിലീപിന്റെ കരിയറിലെ 152-ാമത്തെ ചിത്രമായ ‘നീക്കം’ സംവിധാനം ചെയ്യുന്നത് മലയാളത്തിന്റെ മാസ്സ് ഡയറക്ടർ ഷാജി കൈലാസിന്റെ മകൻ ജഗൻ ഷാജി കൈലാസാണ്. ജഗന്റെ ആദ്യ സംവിധാന സംരംഭമെന്ന പ്രത്യേകത കൂടിയുള്ള ഈ ചിത്രത്തിന് ‘ബിയോണ്ട് ഡെസ്റ്റിനി’ എന്നൊരു ടാഗ് ലൈനും നൽകിയിട്ടുണ്ട്. തൊടുപുഴ, കൊച്ചി എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയാക്കിയ ഈ ചിത്രം ഒരു മികച്ച സിനിമാനുഭവമായിരിക്കും പ്രേക്ഷകർക്ക് സമ്മാനിക്കുക എന്ന് ഉറപ്പുനൽകുന്നതാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്ന ടീസർ.
പൂർണ്ണമായും ഒരു പൊലീസ് സ്റ്റേഷന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന ഈ ചിത്രം തികച്ചും വൈകാരിക തലങ്ങളുള്ള ഒരു ക്രൈം ത്രില്ലർ ഡ്രാമയാണെന്നാണ് ടീസർ നൽകുന്ന സൂചന. സിദ്ദിഖ്, കലാഭവൻ ഷാജോൺ, ബിനു പപ്പു, അശോകൻ, വീണ നന്ദകുമാർ, ശാരി, രമ്യ സുരേഷ് തുടങ്ങിയ വലിയൊരു താരനിര തന്നെ ചിത്രത്തിൽ ദിലീപിനൊപ്പം പ്രധാന വേഷങ്ങളിൽ അണിനിരക്കുന്നുണ്ട്.
ഉർവ്വശി തിയറ്റേഴ്സ്, പെൻ സ്റ്റുഡിയോസ്, കാക്കാ സ്റ്റോറീസ് എന്നിവയുടെ ബാനറിൽ സന്ദീപ് സേനൻ, അലക്സ് ഇ. കുര്യൻ, ധവാൽ ഗഡ എന്നിവർ ചേർന്നാണ് ഈ ബിഗ് ബജറ്റ് ചിത്രം നിർമ്മിക്കുന്നത്. വിബിൻ ബാലചന്ദ്രൻ തിരക്കഥയൊരുക്കിയ ചിത്രത്തിന് വേണ്ടി അജയ് ഡേവിഡ് കാച്ചപ്പിള്ളി ക്യാമറയും സൂരജ് ഇ.എസ് എഡിറ്റിംഗും നിർവ്വഹിക്കുന്നു. മുജീബ് മജീദ് പശ്ചാത്തല സംഗീതവും ദീപക് ദേവ് ഗാനങ്ങളും ഒരുക്കുന്ന ചിത്രത്തിന്റെ ഒടുക്കം വരെയുള്ള ആകാംഷയും ത്രില്ലും നിലനിർത്തുന്ന ടീസറിന് ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള മികച്ച പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
