Gossips
മൂന്ന് വർഷത്തിന് ശേഷം ആ വിധി; കൊല്ലം സുധിയുടെ കുടുംബത്തിന് 1.77 കോടി രൂപ
കൊല്ലം സുധിയുടെ മരണത്തിന് പിന്നാലെ കുടുംബം നേരിട്ട സാമ്പത്തിക നഷ്ടത്തിന് ഇപ്പോൾ കോടതി വിധിയിലൂടെ പരിഹാരം. വാഹനാപകടത്തിൽ മരിച്ച നടനും ഹാസ്യതാരവുമായ കൊല്ലം സുധിയുടെ ആശ്രിതർക്ക് 1.77 കോടി രൂപ നഷ്ടപരിഹാരം നൽകാൻ കോട്ടയം മോട്ടോർ ആക്സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണൽ ഉത്തരവിട്ടു. ഭാര്യ, രണ്ട് മക്കൾ, അമ്മ എന്നിവരെയാണ് നഷ്ടപരിഹാരത്തിന് അർഹരായ ആശ്രിതരായി കോടതി പരിഗണിച്ചത്.
2023 ജൂൺ 5നായിരുന്നു സുധിയുടെ ജീവനെടുത്ത അപകടം. തൃശൂർ കൈപ്പമംഗലത്ത് സുധി സഞ്ചരിച്ചിരുന്ന കാറും എതിർദിശയിൽ എത്തിയ പിക്കപ്പ് വാനും കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ സുധിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അപകടത്തിന് പിന്നാലെ കുടുംബം സമർപ്പിച്ച നഷ്ടപരിഹാര ഹർജിയും അനുബന്ധ രേഖകളും മറ്റ് തെളിവുകളും പരിശോധിച്ച ശേഷമാണ് കോടതി വിധി പ്രസ്താവിച്ചത്. സുധിയുടെ അപ്രതീക്ഷിത വിയോഗം കുടുംബത്തിനുണ്ടാക്കിയ സാമ്പത്തിക നഷ്ടവും ആശ്രിതരുടെ അവകാശങ്ങളും പരിഗണിച്ചാണ് നഷ്ടപരിഹാരത്തുക നിശ്ചയിച്ചതെന്നാണ് കോടതി ഉത്തരവിൽ പറയുന്നത്. തുക ഇൻഷുറൻസ് കമ്പനിയാണ് നൽകേണ്ടത്.
മലയാള സിനിമാ-ടെലിവിഷൻ രംഗത്ത് സജീവമായി നിൽക്കുന്നതിനിടെയായിരുന്നു സുധിയുടെ മരണം. അദ്ദേഹത്തിന്റെ വിയോഗത്തിന് മൂന്ന് വർഷത്തിന് ശേഷമാണ് കുടുംബത്തിന്റെ നഷ്ടപരിഹാര ഹർജിയിൽ ഇപ്പോൾ കോടതി ഉത്തരവ് വന്നിരിക്കുന്നത്.
