Gossips
ആരാണ് ഈ ഫഫ? ഫഹദ് ഫാസിലിനെക്കുറിച്ച് രാജമൗലി!
ഫഹദ് ഫാസിൽ നായകനാകുന്ന ‘ഡോണ്ട് ട്രബിൾ ദ ട്രബിൾ’ എന്ന ചിത്രത്തിന്റെ പ്രീ-റിലീസ് പരിപാടിക്കായി സംവിധായകൻ എസ്.എസ്. രാജമൗലി കൊച്ചിയിലെത്തി. ലുലു മാളിൽ നടന്ന ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത രാജമൗലി, ഫഹദിനോടുള്ള തന്റെ ആരാധനയും കേരളവുമായുള്ള വൈകാരിക ബന്ധവും തുറന്നുപറഞ്ഞു.
വർഷങ്ങൾക്ക് മുൻപ് ഫഹദ് ഫാസിലിനെക്കുറിച്ച് തനിക്ക് അറിവില്ലാതിരുന്ന കാലത്തെക്കുറിച്ചാണ് എസ്.എസ്. രാജമൗലി ആദ്യം സംസാരിച്ചത്. “ഫഹദ് ഫാസിലിന്റെ സിനിമകൾ കാണാറുണ്ടോ” എന്ന് മുൻപ് ആരോ ചോദിച്ചപ്പോൾ, അദ്ദേഹം ആരാണെന്ന് പോലും തനിക്ക് അറിയില്ലായിരുന്നു എന്ന് രാജമൗലി തുറന്നുപറഞ്ഞു.
എന്നാൽ പിന്നീട് ഫഹദിന്റെ ചിത്രങ്ങൾ ഓരോന്നായി തിരഞ്ഞുപിടിച്ചു കാണാൻ തുടങ്ങിയെന്നും, അദ്ദേഹത്തിന്റെ സ്വാധീനം ഒരു പ്രത്യേക വിഭാഗം പ്രേക്ഷകരിൽ മാത്രം ഒതുങ്ങുന്നതല്ലെന്ന് മനസ്സിലാക്കിയെന്നും രാജമൗലി വ്യക്തമാക്കി. അന്നുമുതൽ ഫഹദിനെ തെലുങ്ക് സിനിമയിലേക്ക് കൊണ്ടുവരണമെന്ന ആഗ്രഹം തന്റെ മനസ്സിലുണ്ടായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
ചിത്രത്തിൽ ‘സൂരി’ എന്ന കഥാപാത്രമായി ഫഹദ് എത്തുന്നതിൽ ഏറെ സന്തോഷമുണ്ടെന്ന് രാജമൗലി വ്യക്തമാക്കി. “കരയിക്കാനും അതേസമയം വെറുപ്പിക്കാനും ഒരുപോലെ കഴിവുള്ള നടനാണ് ഫഹദ്” എന്നായിരുന്നു അദ്ദേഹത്തിന്റെ വിശേഷണം.
