latest news
‘അന്ന് ദുൽഖർ സാറിനോട് കഥ പറഞ്ഞ ആ രണ്ട് മണിക്കൂറാണ് എനിക്ക് ധൈര്യം തന്നത്’; മനസ്സ് തുറന്ന് ദളപതി വിജയ്യുടെ മകൻ ജേസൺ സഞ്ജയ്
തെന്നിന്ത്യൻ സിനിമാലോകം ഏറെ ആവേശത്തോടെ കാത്തിരിക്കുന്നത് തമിഴ്നാട് മുഖ്യമന്ത്രിയും സൂപ്പർതാരവുമായ വിജയ്യുടെ മകൻ ജേസൺ സഞ്ജയ് ആദ്യമായി സംവിധാനം ചെയ്യുന്ന ‘സിഗ്മ’ എന്ന ചിത്രത്തിന് വേണ്ടിയാണ്. സന്ദീപ് കിഷൻ നായകനാകുന്ന ഈ സിനിമയുടെ പ്രൊമോഷൻ തിരക്കുകളിലാണ് ജേസൺ ഇപ്പോൾ. ഇപ്പോഴിതാ തന്റെ ആദ്യ ചിത്രത്തിന്റെ കഥ താൻ ആദ്യമായി പറഞ്ഞത് മലയാളികളുടെ പ്രിയതാരം ദുൽഖർ സൽമാനോട് ആയിരുന്നു എന്ന കൗതുകകരമായ വിവരം പങ്കുവെച്ചിരിക്കുകയാണ് താരം. ഒരു തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ദുൽഖറിനെ കുറിച്ചുള്ള ഓർമ്മകൾ ജേസൺ തുറന്നുപറഞ്ഞത്.
“മൂന്ന് വർഷം മുമ്പ് ഞാൻ ചെന്നൈയിൽ വെച്ചാണ് ദുൽഖർ സൽമാൻ സാറിനെ കാണുന്നത്. അന്ന് അദ്ദേഹത്തിന് എന്നെ അറിയുമോ എന്ന് പോലും എനിക്ക് ഉറപ്പില്ലായിരുന്നു. എങ്കിലും ദുൽഖറിന്റെ സിനിമകളും അദ്ദേഹം കഥകൾ തിരഞ്ഞെടുക്കുന്ന രീതിയും എനിക്ക് ഒരുപാട് ഇഷ്ടമായതുകൊണ്ട് കഥ പറയാൻ ഞാൻ തീരുമാനിക്കുകയായിരുന്നു. ഏകദേശം രണ്ട് മണിക്കൂറോളം എടുത്താണ് ഞാൻ അദ്ദേഹത്തോട് കഥ വിവരിച്ചത്. ആ നരേഷൻ അനുഭവമാണ് സിനിമ ചെയ്യാൻ എനിക്ക് ഏറ്റവും വലിയ ആത്മവിശ്വാസം തന്നത്” – ജേസൺ പറയുന്നു.
സിനിമയുടെ കഥ കേട്ടപ്പോൾ ദുൽഖറിന് അത് ചെയ്യാൻ വലിയ താല്പര്യമുണ്ടായിരുന്നു. എന്നാൽ നിർഭാഗ്യവശാൽ ആ സമയത്ത് അദ്ദേഹത്തിന് ഡേറ്റുകളുടെ കുറവുണ്ടായിരുന്നതുകൊണ്ട് മാത്രമാണ് ചിത്രം ചെയ്യാൻ സാധിക്കാതെ പോയത്. എങ്കിലും അന്ന് മുതൽ ദുൽഖർ താനുമായി എപ്പോഴും ബന്ധപ്പെടാറുണ്ടെന്നും സിനിമയുടെ വിശേഷങ്ങൾ ചോദിച്ചറിയാറുണ്ടെന്നും ജേസൺ കൂട്ടിചേർത്തു. ഭാവിയിൽ ദുൽഖറിനൊപ്പം ഒരു സിനിമ ചെയ്യാൻ സാധിക്കുമെന്ന വലിയ പ്രതീക്ഷയും താരം പങ്കുവെച്ചു.
ലൈക്കാ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഒരുങ്ങുന്ന ജേസൺ സഞ്ജയ്യുടെ ആദ്യ ചിത്രം ഒക്ടോബർ രണ്ടിനാണ് തീയേറ്ററുകളിൽ എത്തുന്നത്.
