Connect with us

Screenima

latest news

നടിമാരുടെ ദൃശ്യങ്ങള്‍ മോശമായി പകര്‍ത്തുന്നവരോട് രൂക്ഷമായി പ്രതികരിച്ച് സല്‍മാന്‍ ഖാന്‍

പൊതുയിടങ്ങളിലെത്തുന്ന സെലിബ്രിറ്റികളുടെ ശരീരഭാഗങ്ങള്‍ മോശം ഉദ്ദേശത്തോടെ പകര്‍ത്തി അത് സോഷ്യല്‍ മീഡിയയില്‍ അപ്ലോഡ് ചെയ്ത് അതില്‍ നിന്നുപോലും വരുമാനം കണ്ടെത്തുന്ന നിരവധി ആളുകളുണ്ട്. എത്രയൊക്കെ മാന്യമായി വസ്ത്രം ധരിച്ചാലും സെലിബ്രിറ്റികള്‍ പോലുമറിയാതെ വൃത്തികെട്ട ആംഗിളുകള്‍ സൂം ചെയ്‌തെടുക്കുന്നവരുമുണ്ട്. വായില്‍ തോന്നുന്ന ക്യാപ്ഷനും ഇട്ടായിരിക്കും ഇത്തരക്കാര്‍ വിഡിയോ അപ്‌ലോഡ് ചെയ്യുക.

ബോളിവുഡിലും മലയാളത്തിലുമൊക്കെ പല നടിമാരും ഇത്തരം പ്രവണതകളെ ചോദ്യം ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ ഇങ്ങനെ ചെയ്യുന്നവരോട് കടുത്ത ഭാഷയില്‍ മറുപടി പറയുകയാണ് നടന്‍ സല്‍മാന്‍ ഖാന്‍. ‘ബിഗ് ബോസ് 20’യുടെ ഏറ്റവും പുതിയ ‘വീക്കെന്‍ഡ് കാ വാര്‍’ എപ്പിസോഡിലാണ് നടന്‍ പ്രതികരിച്ചത്. താരങ്ങളുടെ പ്രശസ്തി ഉപയോഗിച്ച് ഉപജീവനം നടത്തുകയും പിന്നീട് അവരെത്തന്നെ പരിഹസിക്കുകയും ചെയ്യുന്ന മാധ്യമ സംസ്‌കാരത്തോടുള്ള തന്റെ ദീര്‍ഘകാലത്തെ അതൃപ്തിയും സല്‍മാന്‍ ഖാന്‍ അറിയിച്ചു.

നടിമാരുടെ അരക്കെട്ട്, തുട, പുറംഭാഗം എന്നിവയിലേക്ക് മനഃപൂര്‍വം കാമറ കേന്ദ്രീകരിക്കുന്ന പ്രവണതയെയും അദ്ദേഹം വിമര്‍ശിച്ചു. ഇത്തരത്തിലുള്ള, സ്വകാര്യതയിലേക്ക് കടന്നുകയറുന്ന ഫോട്ടോകളെ എന്തുകൊണ്ടാണ് സാധാരണ വിനോദവാര്‍ത്തകളായി കണക്കാക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. ഒരു സെലിബ്രിറ്റിയുടെ ശരീരം, വ്യക്തിജീവിതം അല്ലെങ്കില്‍ സ്വകാര്യ നിമിഷങ്ങള്‍ എന്നിവ ഓട്ടോമാറ്റിക്കായി പൊതുവസ്തുവായി മാറുന്നു എന്ന ചിന്താഗതിയാണ് ഇതിന് കാരണമെന്നും അദ്ദേ?ഹം പറഞ്ഞു.

‘നായികമാര്‍ക്കൊന്നും ഇഷ്ടപ്പെടാത്ത ആ ‘ബാക്ക് ഷോട്ട്’ (പിന്നില്‍ നിന്നുള്ള ദൃശ്യം) എടുക്കുന്ന കാര്യമോ ?. അതു കുഴപ്പമില്ല, എനിക്ക് വിരോധമില്ല എന്ന് പറയുന്ന ചിലരെങ്കിലും കാണും. എന്നാല്‍ അത് ഇഷ്ടപ്പെടാത്തവരുടെ കാര്യമോ ?. സായി മഞ്ജരേക്കര്‍, നേഹ ധൂപിയ എന്നിവരൊക്കെ അതിനെതിരെ പ്രതികരിച്ചത് ഞാന്‍ അടുത്തിടെ കണ്ടിരുന്നു.

എന്റെ സ്വന്തം അനന്തരവള്‍ നടന്നുപോകുമ്പോള്‍ അവര്‍ പിന്നില്‍ നിന്ന് തുടര്‍ച്ചയായി ഫോട്ടോ എടുക്കുമായിരുന്നു. എന്നിട്ട് അതിന് നല്‍കിയ അടിക്കുറിപ്പോ ?. ‘ഇതാരാണെന്ന് ഊഹിക്കൂ’ എന്നൊക്കെ. ഇങ്ങനെ ചെയ്യാന്‍ അവര്‍ക്ക് എന്ത് അവകാശമാണുള്ളത് ?.

ഇത് ഇഷ്ടപ്പെടാത്ത എല്ലാ പെണ്‍കുട്ടികളോടുമായാണ് ഞാന്‍ പറയുന്നത്. ഇത്തരം സന്ദര്‍ഭങ്ങളില്‍ തിരിഞ്ഞുനിന്ന് അവര്‍ക്കിട്ട് ഒരടി കൊടുക്കണം. എന്നിട്ട് അവരോട് പറയണം, നിങ്ങളുടെ സ്വന്തം അമ്മയുടെയോ സഹോദരിയുടെയോ ചിത്രം ഇതുപോലെ എടുത്ത് കാണിക്കാന്‍. അറപ്പുളവാക്കുന്ന ആളുകള്‍. എല്ലാ ചടങ്ങുകളിലും അവര്‍ സ്ഥിരമായി ഇതാണ് ചെയ്യുന്നത്’.- സല്‍മാന്‍ രോഷത്തോടെ പറഞ്ഞു.

Continue Reading
To Top