Connect with us

Screenima

Gossips

സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി മഞ്ജു വാര്യർ; അപകീർത്തികരമായ പോസ്റ്റുകൾക്ക് കോടതി വിലക്ക്

സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം അസത്യ പ്രചാരണങ്ങൾ നടത്തി അപമാനിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ നടി മഞ്ജു വാര്യർ മാനനഷ്ടക്കേസ് ഫയൽ ചെയ്തു. എറണാകുളം മുൻസിഫ് കോടതിയിലാണ് നടി ഹർജി നൽകിയത്. മഞ്ജു വാര്യർ ചില മാഫിയകളുടെയോ സെക്സ് റാക്കറ്റിന്റെയോ തടവിലാണെന്ന തരത്തിൽ സനൽ കുമാർ ശശിധരൻ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങൾ തന്റെ വ്യക്തിത്വത്തെയും അന്തസ്സിനെയും കരിയറിനെയും മോശമായി ബാധിക്കുന്നുവെന്ന് ഹർജിയിൽ വ്യക്തമാക്കുന്നു. ഇത്തരം അടിസ്ഥാനരഹിതമായ വാദങ്ങൾ ഉന്നയിച്ച് സനൽ കുമാർ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സെക്രട്ടേറിയറ്റിന് മുന്നിൽ അനിശ്ചിതകാല നിരാഹാര സമരം നടത്തിവരികയായിരുന്നു. ഇതിന് പിന്നാലെയാണ് നടി നിയമനടപടികളിലേക്ക് നീങ്ങിയത്.

അഭിഭാഷകയും നടിയുമായ ശാന്തി മായാദേവി മുഖേന സമർപ്പിച്ച ഹർജി പരിഗണിച്ച കോടതി, മഞ്ജു വാര്യർക്കെതിരെ അപകീർത്തികരമായ പ്രസ്താവനകൾ നടത്തുന്നതിൽ നിന്ന് സനൽ കുമാർ ശശിധരനെ താൽക്കാലികമായി വിലക്കിക്കൊണ്ട് ഉത്തരവിട്ടു. കേസിൽ സനൽ കുമാർ ശശിധരൻ ഒന്നാം പ്രതിയും, ഇയാളുടെ ആരോപണങ്ങൾക്ക് വലിയ രീതിയിൽ പ്രചാരണം നൽകിയ ഓൺലൈൻ മാധ്യമപ്രവർത്തകൻ സാജൻ സ്കറിയ രണ്ടാം പ്രതിയുമാണ്. കൂടാതെ, അപകീർത്തികരമായ പോസ്റ്റുകളും വീഡിയോകളും അടിയന്തരമായി നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ മെറ്റയ്ക്കും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. ഈ മാസം 30-നകം കോടതിയിൽ ഹാജരാകാൻ പ്രതികൾക്ക് സമൻസ് അയച്ചിരിക്കുകയാണ്.

Continue Reading
To Top