latest news
നീ പോയാല്‍ എനിക്കൊരു നല്ല ജീവിതം കിട്ടുമെന്ന് അയാള്‍ പറഞ്ഞു’; ലക്ഷ്മി ജയന്‍
ടെലിവിഷന്‍ വേദികളിലൂടെയും റിയാലിറ്റി ഷോകളിലൂടെയും മലയാളികളുടെ പ്രിയങ്കരിയായി മാറിയ ഗായികയും അവതാരകയുമാണ് ലക്ഷ്മി ജയന്‍. ബിഗ് ബോസ് മലയാളം സീസണ്‍ 3-ലെ മത്സരാര്‍ത്ഥി കൂടിയായിരുന്ന ലക്ഷ്മി, തന്റെ സ്വതസിദ്ധമായ ആലാപന ശൈലി കൊണ്ടും ബോള്‍ഡ് നിലപാടുകള്‍ കൊണ്ടും ശ്രദ്ധേയയാണ്.
ജീവിതത്തിലെ കടുത്ത പ്രതിസന്ധികളെയും പരീക്ഷണങ്ങളെയും അതിജീവിച്ചാണ് ലക്ഷ്മി ഇന്നത്തെ നിലയിലെത്തിയത്. ഒരു സിംഗിള്‍ മദര്‍ എന്ന നിലയില്‍ മകനുവേണ്ടിയുള്ള തന്റെ ജീവിതപോരാട്ടങ്ങളെക്കുറിച്ച് പല വേദികളിലും ലക്ഷ്മി തുറന്നുപറഞ്ഞിട്ടുണ്ട്.
ഇപ്പോഴിതാ, തന്റെ വിവാഹജീവിതം അവസാനിച്ചതിനെക്കുറിച്ചും ഭര്‍ത്താവ് ഡിവോഴ്‌സ് ആവശ്യപ്പെട്ട ആ നിര്‍ണായക നിമിഷത്തെക്കുറിച്ചും മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ തുറന്നു പറഞ്ഞിരിക്കുകയാണ് ലക്ഷ്മി.
ഭര്‍ത്താവിന്റെ വാക്കുകള്‍ തന്നെ ഒരു തിരിച്ചറിവിലേക്കാണ് നയിച്ചതെന്ന് ലക്ഷ്മി ഓര്‍ത്തെടുക്കുന്നു:
‘നീ എന്റെ ജീവിതത്തില്‍ നിന്നും പോയാല്‍ എനിക്കൊരു നല്ല ജീവിതം കിട്ടുമെന്നാണ് ഭര്‍ത്താവ് എന്നോട് പറഞ്ഞത്. ഞാന്‍ ആ സാഹചര്യത്തെക്കുറിച്ച് തിരിച്ചു ചിന്തിച്ചു നോക്കി. ഞാന്‍ ഇതേ കാര്യം ഭര്‍ത്താവിനോടാണ് പറയുന്നതെങ്കിലോ? എനിക്ക് അയാളെ ഇനി വേണ്ട എന്നുണ്ടെങ്കില്‍, അയാള്‍ എന്റെ മുന്നില്‍ വന്ന് യാചിച്ചാലോ കരഞ്ഞു നിലവിളിച്ചാലോ എനിക്ക് ‘എന്തൊരു കഷ്ടമാണിത്’ എന്ന ചിന്ത മാത്രമേ വരൂ. ഒരാളോട് ഒരിക്കല്‍ ഇഷ്ടം പോയിക്കഴിഞ്ഞാല്‍ പിന്നെ അവരെ പൂര്‍ണ്ണമനസ്സോടെ സ്വീകരിക്കാന്‍ കഴിയില്ല.
ഇവിടെ അയാള്‍ക്ക് എന്നെ ഇഷ്ടമില്ല. അങ്ങനെയുള്ളപ്പോള്‍ ഞാന്‍ അയാളുടെ മുന്നില്‍ ഇരുന്ന് കരഞ്ഞിട്ടോ കാല് പിടിച്ചിട്ടോ എന്തുകാര്യം? സ്‌നേഹമുള്ളപ്പോള്‍ മാത്രമേ നമ്മുടെ കണ്ണുനീരിനും സ്‌നേഹത്തിനുമൊക്കെ വിലയുണ്ടാവുകയുള്ളൂ. അയാള്‍ക്ക് എന്നോടുള്ള സ്‌നേഹം എവിടെയോ വെച്ച് നഷ്ടപ്പെട്ടു. അതിന് ആരെയും കുറ്റം പറയാന്‍ കഴിയില്ല. ഒരാളോട് പ്രണയം തോന്നുന്നതും അത് നഷ്ടപ്പെടുന്നതുമെല്ലാം പെട്ടെന്ന് സംഭവിക്കുന്ന കാര്യങ്ങളാണ്. ചിലപ്പോള്‍ എന്റെ കുഴപ്പങ്ങള്‍ കൊണ്ടുതന്നെയാവാം. അയാള്‍ക്ക് എന്നെ ഇഷ്ടമല്ലെങ്കില്‍ ഞാന്‍ കരയുന്നത് പോലും വെറും അരോചകമായി മാത്രമേ തോന്നൂ. അങ്ങനെയാണ് ആ ബന്ധം അവസാനിപ്പിച്ച് ഡിവോഴ്‌സ് നല്‍കാമെന്ന് ഞാന്‍ തീരുമാനിച്ചത്.’
