latest news
സ്റ്റേജ് ഷോ ചെയ്യുന്നതു കൊണ്ട് സിനിമയില്‍ നിന്ന് മാറ്റി നിര്‍ത്തി; ഷംന കാസിം
ഡാന്‍സ് റിയാലിറ്റി ഷോയിലൂടെ കരിയര്‍ തുടങ്ങിയ നടിയാണ് ഷംന കാസിം. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ ഷംന അഭിനയിച്ചിട്ടുണ്ട്. അടുത്തിടെ ജയിലര്‍ 2 വില്‍ ഷംന ചെയ്ത ഡാന്‍സും ശ്രദ്ധേയമായി മാറിയിരുന്നു. ഇപ്പോഴും സ്റ്റേജ് ഷോകളില്‍ സജീവമാണ് ഷംന.
എന്നാല്‍ കരിയറിന്റെ തുടക്കത്തില്‍ തന്നെ സ്റ്റേജ് ഷോകള്‍ കാരണമാണ് സിനിമയില്‍ അവസരം കുറയുന്നതെന്ന് താന്‍ കേട്ടിട്ടുണ്ടെന്നും മാറ്റി നിര്‍ത്തലുകള്‍ ഉണ്ടായിട്ടുണ്ടെന്നും ഷംന പറയുന്നു. സ്റ്റേജ് ഷോകള്‍ ചെയ്യുന്ന നിരവധി താരങ്ങള്‍ സിനിമയിലുണ്ടെങ്കിലും, തന്റെ കാര്യത്തില്‍ ചില സംവിധായകര്‍ വ്യത്യസ്തമായ നിലപാട് സ്വീകരിച്ചിട്ടുണ്ടെന്നും നടി പറയുന്നു.
അടുത്ത മൂന്ന് നാല് മാസത്തേക്ക് സ്റ്റേജ് ഷോകള്‍ ചെയ്യരുതെന്നും സിനിമയില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ഒരു വലിയ സംവിധായകന്‍ തന്നോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും താരം പറഞ്ഞു. എഡിറ്റോറിയലിനോട് സംസാരിക്കുകയായിരുന്നു ഷംന. ‘സ്റ്റേജ് ഷോ ചെയ്യുന്നതു കൊണ്ട് എന്നെ മാറ്റി നിര്‍ത്തിയിട്ടുണ്ട്. കുറേ പേര്‍ എന്നെ അങ്ങനെ മാറ്റിയിട്ടുണ്ട്.
ഇത് എന്നോട് പറഞ്ഞ ഒരുപാട് സംവിധായകരുണ്ട്. പക്ഷേ എന്റെ അടുത്ത് ഒരു വലിയ സംവിധായകന്‍ പറഞ്ഞിട്ടുണ്ട്, അടുത്ത മൂന്ന് നാല് മാസത്തേക്ക് സ്റ്റേജ് ഷോകളെ ചെയ്യാന്‍ പാടില്ലെന്ന്. ഡാന്‍സ് ഞാന്‍ അന്ന് നിര്‍ത്തിയിരുന്നെങ്കില്‍ ഇന്ന് ജയിലറിലെ ഈ പാട്ട് എനിക്ക് വരുമോ ?.
അന്ന് സിനിമയ്ക്ക് വേണ്ടി എന്റെ ഡാന്‍സ് മാറ്റി വയ്ക്കാം എന്ന് വച്ചിരുന്നെങ്കില്‍, എനിക്ക് തോന്നുന്നില്ല എനിക്ക് ഈ അവസരം കിട്ടുമെന്ന്. എന്റെ മാനേജര്‍മാരും ‘കുറച്ചുകാലത്തേക്ക് നീ സ്റ്റേജ് ഷോകള്‍ ഒഴിവാക്ക്, നിനക്ക് നല്ല സിനിമകള്‍ കിട്ടും, അവര്‍ തരാന്‍ റെഡിയാണ്. എന്ത് ഇവന്റ് ഉണ്ടെങ്കിലും ഷംനയുടെ ഡാന്‍സ് ഉണ്ടാകും’ എന്നൊക്കെ പറഞ്ഞിരുന്നു.
അപ്പോള്‍ ഞാന്‍ ചോദിച്ചു, ‘അതും ഇതും തമ്മില്‍ എന്ത് ബന്ധമാണ്’ എന്ന്. ഒരിക്കലും എന്റെ തീരുമാനം മണ്ടത്തരമായിരുന്നെന്ന് എനിക്ക് തോന്നിയിട്ടില്ല. സാമ്പത്തിക ബുദ്ധിമുട്ട് കാരണമാണ് ഷംന എപ്പോഴും സ്റ്റേജ് ഷോകള്‍ ചെയ്യുന്നത് എന്ന് പറഞ്ഞവരുണ്ട് എന്നോട്. ഉണ്ട്, കാരണം വെറുതേ ഞാന്‍ വീട്ടില്‍ ഇരുന്നാല്‍ ആരും എനിക്ക് ഒന്നും തരില്ല.
എല്ലാവരും ജോലി ചെയ്യുന്നത് പൈസ് ആവശ്യമുള്ളതു കൊണ്ടാണ്. നമ്മളാരും ഫ്രീയായിട്ട് ഒന്നും ചെയ്യില്ല. പക്ഷേ ഇത് എനിക്ക് ഇഷ്ടമുള്ള കാര്യമാണ്. 30 ദിവസം തുടര്‍ച്ചയായി ഷോ ഉണ്ടായാലും ഡാന്‍സ് ചെയ്യുന്നതില്‍ എനിക്ക് മടുപ്പോ ക്ഷീണമോ തോന്നാറില്ല. എത്ര ഡാന്‍സ് വേണമെങ്കിലും എനിക്ക് ചെയ്യാന്‍ പറ്റും’.- ഷംന പറഞ്ഞു.
