latest news
വിമര്‍ശനങ്ങള്‍ തന്നെ ബാധിച്ചിട്ടില്ലെന്ന് പറയാന്‍ സാധിക്കില്ല; ധ്രുവ് വിക്രം
നടി അനുപമ പരമേശ്വരന്‍ നാര്‍സിസ്റ്റിക് അബ്യൂസിനെക്കുറിച്ച് തുറന്നുപറഞ്ഞതിന് പിന്നാലെ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുകയാണ് നടന്‍ ധ്രുവ് വിക്രം. അനുപമ പരാമര്‍ശിച്ച മുന്‍ കാമുകന്‍ ധ്രുവ് വിക്രമാണെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായ ചര്‍ച്ചകളും ഉയര്‍ന്നിരുന്നു.
തനിക്ക് നേരിടേണ്ടി വന്ന വിമര്‍ശനങ്ങളേയും വ്യക്തിജീവിതവുമായി ബന്ധപ്പെട്ട ചര്‍ച്ചകളെയും കുറിച്ച് പ്രതികരിക്കുകയാണ് ധ്രുവ് ഇപ്പോള്‍. ഇന്ത്യ ടുഡേ തമിഴ് സംഘടിപ്പിച്ച റൗണ്ട് ടേബിള്‍ പരിപാടിയില്‍ സംസാരിക്കവെയാണ് നടന്റെ പ്രതികരണം. ‘സിനിമ പോലെയുള്ള ഒരു ജോലി തിരഞ്ഞെടുക്കുമ്പോള്‍ വളരെ നേരത്തേ തന്നെ നമുക്ക് മനസിലാകും വിമര്‍ശനങ്ങളും ഇതിന്റെ ഭാഗമാണെന്ന്.
ഈ ജോലി അത്രയും മനോഹരമാകുന്നതോടൊപ്പം തന്നെ ഇതിന് ഒരുപാട് വശങ്ങളുമുണ്ട്. സത്യസന്ധമായി പറയുകയാണെങ്കില്‍, ഇത് ഒരിക്കലും എന്നെ ബാധിച്ചിട്ടില്ലെന്ന് പറയാന്‍ കഴിയില്ല. എന്നാല്‍ യാഥാര്‍ഥ്യത്തില്‍ ഉറച്ച് നില്‍ക്കുക എന്നത് വളരെ പ്രധാനമാണെന്ന് ഞാന്‍ കരുതുന്നു. നിങ്ങള്‍ ആരാണെന്ന് അറിയുക. എന്തിന് വേണ്ടിയാണ് നിങ്ങള്‍ നിലകൊള്ളുന്നതെന്ന് മനസിലാക്കുക.
നിങ്ങള്‍ സ്‌നേഹിക്കുന്ന എല്ലാവരെയും നിങ്ങള്‍ക്ക് പ്രധാനപ്പെട്ടതായിട്ടുള്ളതും ഒരിക്കല്‍ പ്രധാനപ്പെട്ടതായിരുന്നതുമായ എല്ലാത്തിനെയും ശക്തമായി സംരക്ഷിക്കുക. നിങ്ങള്‍ സത്യത്തോടൊപ്പം നില്‍ക്കുമ്പോള്‍, നിങ്ങളെ ഉറപ്പിച്ച് നിര്‍ത്തുന്ന കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നിങ്ങള്‍ക്ക് വ്യക്തമായി അറിവുള്ളപ്പോഴും മറ്റുള്ളവരുടെ നിരീക്ഷണങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും ഒരു പരിധിക്കപ്പുറം പോകാന്‍ കഴിയില്ല.
പതിയെ അറിയാതെ തന്നെ നിങ്ങള്‍ ഒരു ഒറ്റയാള്‍ സൈന്യമായി മാറും. നിങ്ങള്‍ക്ക് നിങ്ങളുടേതായ ഒരു ലോകമുണ്ടാകും. നിങ്ങള്‍ സ്വയം ഉള്ളിലേക്ക് നോക്കുകയും ആവശ്യമായ മാറ്റങ്ങള്‍ വരുത്തുകയും ചെയ്യും. കഴിയുന്നത്ര നിങ്ങളുടെ സ്വകാര്യ ലോകത്തെ സംരക്ഷിക്കും’.- ധ്രുവ് പറഞ്ഞു. സോഷ്യല്‍ മീഡിയയില്‍ സജീവമല്ലാത്തതിന്റെ കാരണവും ധ്രുവ് വെളിപ്പെടുത്തി. ‘എനിക്ക് എഡിറ്റ് ചെയ്യാനും ഷൂട്ട് ചെയ്യാനും ഒരുപാട് ഇഷ്ടമാണ്.
അച്ഛനെയും എന്റെ മരുമകളെയും വളര്‍ത്തു മൃ?ഗങ്ങളെയും ഷൂട്ട് ചെയ്യാന്‍ എനിക്ക് ഇഷ്ടമാണ്. ഇതൊന്നും ഞാന്‍ പോസ്റ്റ് ചെയ്യാറില്ലെങ്കിലും ഞാന്‍ ഒരുപാട് എഡിറ്റ് ചെയ്യാറുണ്ട്. ഐമൂവി ഉപയോഗിച്ച് വിഡിയോകള്‍ കട്ട് ചെയ്ത് അതില്‍ മ്യൂസിക് ചേര്‍ക്കാനൊക്കെ എനിക്ക് ഇഷ്ടമാണ്. നമ്മളെല്ലാവരും സോഷ്യല്‍ മീഡിയയിലൂടെ ഒരുപാട് സമയം ചെലവഴിച്ച് കഴിഞ്ഞെന്ന് എനിക്ക് തോന്നുന്നു.
ലോകത്തിന്റെ മുഴുവന്‍ സംഗമകേന്ദ്രം പോലെയാണിപ്പോള്‍ അത്. സിനിമയുടെ പ്രൊമോഷന്‍ സമയത്താണ് ഞാന്‍ കൂടുതല്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാകുന്നത്. മറ്റ് സമയങ്ങളില്‍ വായനയോ സംഗീതമോ ഒക്കെയായി ഞാന്‍ പോകും. അതൊരു ബോധപൂര്‍വമായ തീരുമാനമൊന്നുമല്ല’.- ധ്രുവ് വ്യക്തമാക്കി.
