latest news
തന്റെ ശരീര ഭാരത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് വിദ്യ ബാലന്
ഒരു കാലത്ത് ബോളിവുഡില്‍ നായികമാര്‍ എങ്ങനെയിരിക്കണം എന്നതിന് വ്യക്തമായ ചില സൗന്ദര്യ മാനദണ്ഡങ്ങളുണ്ടായിരുന്നു. എപ്പോഴും പ്രായം കുറഞ്ഞതായി തോന്നണം, ഒരു പ്രത്യേക രീതിയില്‍ വസ്ത്രം ധരിക്കണം, കാലത്തിനനുസരിച്ച് മാറിക്കൊണ്ടിരിക്കുന്ന സൗന്ദര്യ സങ്കല്‍പ്പങ്ങള്‍ക്ക് അനുസരിച്ച് സ്വയം മാറ്റണം എന്നതെല്ലാം നായികമാര്‍ നേരിടേണ്ടി വന്ന സമ്മര്‍ദങ്ങളായിരുന്നു. എന്നാല്‍ ആ മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ച് ജീവിക്കാന്‍ ശ്രമിക്കുന്നതിനിടെ തനിക്ക് സ്വന്തം വ്യക്തിത്വം നഷ്ടപ്പെടുകയാണെന്ന് വിദ്യാ ബാലന് തിരിച്ചറിഞ്ഞു. അന്ന് മുതല്‍ മാറി ചിന്തിച്ച് തുടങ്ങി.
ഇന്ന് താരം സ്വന്തം നിബന്ധനകളില്‍ സിനിമാ ജീവിതം കെട്ടിപ്പടുത്ത നടിയാണ്. പതിവ് വഴികളില്‍ നിന്ന് മാറി സഞ്ചരിക്കുന്ന കഥാപാത്രങ്ങളും തിരക്കഥകളും തിരഞ്ഞെടുക്കുന്നതിലൂടെയും ബോളിവുഡ് നായികമാര്‍ എങ്ങനെയായിരിക്കണം എന്ന പഴയ കാഴ്ചപ്പാടുകളെ ചോദ്യം ചെയ്തുകൊണ്ടും കഴിവിന് ശരീരത്തിന്റെ വലിപ്പവുമായോ രൂപവുമായോ യാതൊരു ബന്ധവുമില്ലെന്ന് അവര്‍ ആവര്‍ത്തിച്ച് തെളിയിച്ചു.
ബോളിവുഡിന്റെ സൗന്ദര്യ സങ്കല്‍പ്പങ്ങള്‍ക്ക് പിന്നാലെ ഓടുന്നത് എന്തുകൊണ്ടാണ് താന്‍ അവസാനിപ്പിച്ചതെന്ന് സംതിങ് ബിഗ്ഗര്‍ ഷോ വിത്ത് റോഡ്രിഗോ കനേലാസ് എന്ന പരിപാടിയില്‍ സംസാരിക്കവെ വിദ്യാ ബാലന് തുറന്ന് പറഞ്ഞിരുന്നു. ആളുകള്‍ കരുതുന്നതിലും ആഴത്തില്‍ ആ സമ്മര്‍ദം തന്നെ ബാധിച്ചിരുന്നുവെന്നാണ് നടി വെളിപ്പെടുത്തിയത്. ശരീരഭാരത്തെക്കുറിച്ച് ആളുകള്‍ മനസിലാക്കാത്ത ഒരു കാര്യമുണ്ട്. വര്‍ഷങ്ങളായി എന്റെ ഹീലറിനൊപ്പമുള്ള പ്രവര്‍ത്തനത്തിലൂടെയാണ് ഞാന്‍ അത് തിരിച്ചറിഞ്ഞത്. പലപ്പോഴും ശരീരഭാരം ഒരു സുരക്ഷിതത്വത്തിന്റെ കവചം പോലെയാണ്. നിങ്ങള്‍ക്ക് അരക്ഷിതാവസ്ഥ അനുഭവപ്പെടുമ്പോള്‍ പലപ്പോഴും ശരീരഭാരം കൂടും. കരിയറിന്റെ തുടക്കകാലം ഓര്‍ത്തെടുത്ത വിദ്യാ പരിണീത സിനിമ പുറത്തിറങ്ങിയതിന് പിന്നാലെ തന്നെ തന്റെ രൂപത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ തുടങ്ങിയത് ഓര്‍ത്തെടുത്തു.
താന്‍ അന്ന് സ്വയം കാമ്പുള്ള സ്ത്രീകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഒരു നടിയായാണ് കണ്ടിരുന്നത്. എന്നാല്‍ സിനിമാ രംഗത്തിന്റെ പ്രതീക്ഷ മറ്റൊന്നായിരുന്നു. ദീര്‍ഘകാലം നായികയായി തുടരണമെങ്കില്‍ കൂടുതല്‍ ചെറുപ്പമായി തോന്നുകയും അത്തരത്തിലുള്ള കഥാപാത്രങ്ങള്‍ ചെയ്യുകയും വേണമെന്നായിരുന്നു പലരുടെയും അഭിപ്രായം. പരിണീത ഒരു പീരിയഡ് സിനിമയായിരുന്നു. അതില്‍ ഞാന്‍ ഒരു പക്വതയുള്ള സ്ത്രീയെയാണ് അവതരിപ്പിച്ചത്. പക്ഷെ എല്ലാവരും എന്നോട് പറഞ്ഞത് നിനക്ക് ദീര്‍ഘകാല കരിയര്‍ വേണമെങ്കില്‍ ചെറുപ്പക്കാരിയായ കഥാപാത്രങ്ങളും ചെയ്യാന്‍ കഴിയണം എന്നായിരുന്നു. അന്ന് എനിക്ക് 26 വയസായിരുന്നു. ഞാന്‍ ഒരു സ്ത്രീയാണെന്ന ബോധം എനിക്കുണ്ടായിരുന്നു. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ആ സമ്മര്‍ദം കൂടുതല്‍ ശക്തമായി. 2008ല്‍ പുറത്തിറങ്ങിയ കിസ്മത് കണക്ഷന്റെ റിലീസിന് മുമ്പ് ശരീരഭാരം കുറയ്ക്കാനും സഹതാരമായ ഷാഹിദ് കപൂറിനേക്കാള്‍ പ്രായം കുറഞ്ഞതായി തോന്നിപ്പിക്കാനും വിദ്യയോട് പലരും നിര്‍ദേശിച്ചിരുന്നു.
