latest news
സിനിമയോടുള്ള പാഷന്‍ നഷ്ടമായി; മാധവന്‍
തമിഴിലും ഹിന്ദിയിലും ഒരുപോലെ ശ്രദ്ധേയനായ നടന്‍ ആര്‍. മാധവന്‍ തന്റെ കരിയറിലെ ഏറ്റവും കഠിനമായ ഘട്ടത്തെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ്. ഒരുകാലത്ത് സിനിമയോടുണ്ടായിരുന്ന ആവേശവും അഭിനിവേശവും പൂര്‍ണമായും നഷ്ടപ്പെട്ടിരുന്നുവെന്നും, അത് ആദ്യം തിരിച്ചറിഞ്ഞത് ഭാര്യ സരിതയാണെന്നും താരം വെളിപ്പെടുത്തി.
ഫിലിം കമ്പാനിയന് നല്‍കിയ അഭിമുഖത്തിലാണ് മാധവന്റെ തുറന്നുപറച്ചില്‍. തുടര്‍ച്ചയായി സിനിമകള്‍ വിജയിച്ചിരുന്ന കാലത്ത് എല്ലാം പതിവ് പോലെ മുന്നോട്ടുപോകുകയായിരുന്നുവെങ്കിലും, അഭിനയത്തോടുള്ള തന്റെ പാഷന്‍ പതിയെ ഇല്ലാതായെന്ന് അദ്ദേഹം പറഞ്ഞു.
‘ഒരു കഥയെക്കുറിച്ച് ചിന്തിക്കാനോ ഷൂട്ടിങ് സെറ്റിലേക്ക് പോകാനോ ഉള്ള ആവേശം എനിക്ക് നഷ്ടപ്പെട്ടിരുന്നു. പക്ഷേ അത് ഞാന്‍ തിരിച്ചറിഞ്ഞിരുന്നില്ല. ആദ്യം അത് മനസ്സിലാക്കിയത് എന്റെ ഭാര്യയാണ്,’ മാധവന്‍ പറഞ്ഞു.
നാല്പതുകളുടെ തുടക്കത്തില്‍ തന്നെ താന്‍ ‘കമ്ഫര്‍ട്ട് സോണില്‍’ കുടുങ്ങിപ്പോയെന്നാണ് പിന്നീട് തിരിച്ചറിഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി.
‘അത് ശരിയായ ആത്മവിശ്വാസമായിരുന്നില്ല. സാമ്പത്തിക സുരക്ഷ എന്നെ ഒരു കമ്ഫര്‍ട്ട് സോണിലേക്ക് തള്ളിവിട്ടു. അതാണ് പതിയെ എന്നെ പിന്നോട്ടടിച്ചത്,’ അദ്ദേഹം പറഞ്ഞു.
സിനിമകള്‍ പരാജയപ്പെട്ടാലും പരസ്യങ്ങള്‍, പൊതുപരിപാടികള്‍, കോര്‍പ്പറേറ്റ് ഇവന്റുകള്‍ എന്നിവയിലൂടെ വരുമാനം ലഭിച്ചിരുന്നതിനാല്‍ സിനിമയെ ആശ്രയിക്കേണ്ട സാഹചര്യം ഇല്ലാതായിരുന്നുവെന്നും അതോടെ മുന്നേറാനുള്ള ആഗ്രഹം നഷ്ടമായെന്നും മാധവന്‍ തുറന്നുപറഞ്ഞു.
