latest news
‘അമ്മ’ അംഗങ്ങൾക്ക് വിശദീകരണവുമായി ശ്വേത കമ്മിറ്റി; ഭരണനടപടികൾ കൂടുതൽ ഉത്തരവാദിത്തത്തോടെ മുന്നോട്ടെന്ന് ഉറപ്പ്
താരസംഘടനയായ ‘അമ്മ’യിലെ ഭരണപരമായ തർക്കങ്ങൾക്കിടെ സംഘടനാംഗങ്ങൾക്ക് വിശദീകരണ കത്തയച്ച് ശ്വേത മേനോന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി. ഭരണസമിതിയുടെ പ്രവർത്തനത്തിനിടെ ഉണ്ടായ വീഴ്ചകൾ അനുഭവക്കുറവ് മൂലമാണെന്നും അവ പരിഹരിക്കുന്നതിനുള്ള നടപടികൾ ഇതിനകം ആരംഭിച്ചിട്ടുണ്ടെന്നും കത്തിൽ വ്യക്തമാക്കുന്നു.
ഭാവിയിൽ കൂടുതൽ പക്വതയോടെയും ഉത്തരവാദിത്തത്തോടെയും സംഘടനയുടെ പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകുമെന്നാണ് അംഗങ്ങൾക്ക് നൽകിയ ഉറപ്പ്. നിലവിൽ ചുമതല വഹിക്കുന്ന എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ തങ്ങളുടെ ഉത്തരവാദിത്തങ്ങൾ തുടർന്നും നിർവഹിക്കുമെന്നും സംഘടനയുടെ ദൈനംദിന പ്രവർത്തനങ്ങൾക്ക് യാതൊരു തടസ്സവും ഉണ്ടാകില്ലെന്നും കത്തിൽ പറയുന്നു.
അതേസമയം, ശ്വേത മേനോന്റെ നിലപാടിനെ എതിർക്കുന്ന വിഭാഗം ഇതുവരെ കത്തിന് ഔദ്യോഗിക പ്രതികരണം നൽകിയിട്ടില്ല. കോടതി വിഷയത്തിൽ അന്തിമ തീരുമാനം എടുക്കുന്നതുവരെ കൂടുതൽ പ്രതികരണങ്ങൾ നടത്തേണ്ടതില്ലെന്ന നിലപാടിലാണ് ആ വിഭാഗമെന്നാണ് വിവരം.
