latest news
വിഡ്ഢികള്‍ നമ്മുടെ നെഞ്ചത്ത് കയറും’; സൈബര്‍ ആക്രമണത്തില്‍ ഖുശ്ബു
തന്റെ മക്കള്‍ക്കെതിരെ സോഷ്യല്‍ മീഡിയയിലൂടെ നിരന്തരം അധിക്ഷേപം നടത്തുന്നവര്‍ക്കെതിരെ രൂക്ഷ പ്രതികരണവുമായി നടി ഖുശ്ബു. ഖുശ്ബുവിന് പിന്തുണച്ച് നടി രാധിക ശരത്കുമാറും രംഗത്തെത്തി. സ്‌നേഹവും വിശ്വാസവും പരസ്പര ധാരണയും അടിസ്ഥാനമാക്കിയാണ് തന്റെ കുടുംബം കെട്ടിപ്പടുത്തിരിക്കുന്നതെന്ന് ഖുശ്ബു എക്സില്‍ കുറിച്ചു.
‘ഇതാണ് എന്റെ കുടുംബം. സ്‌നേഹം, വിശ്വാസം, ധാരണ എന്നിവയില്‍ കെട്ടിപ്പടുത്തതാണ്. ഇന്നത്തെ ഈ നിലയില്‍ എത്തിച്ചേരാന്‍ ഞങ്ങള്‍ ഒരുപാട് കഷ്ടപ്പെടുകയും കഠിനാധ്വാനം ചെയ്യുകയും ചോരയും നീരും ഒഴുക്കുകയും ചെയ്തിട്ടുണ്ട്. ചില സമയങ്ങളില്‍ ഞങ്ങള്‍ക്കു കാലിടറിയിട്ടുണ്ടാകാം,
പരാജയപ്പെട്ടിട്ടുണ്ടാകാം, തട്ടി വീണിട്ടുമുണ്ടാകാം; എന്നാല്‍, വീര്യത്തോടെ പൊരുതിക്കയറുന്നതിലും വീണ്ടും വിജയം വരിക്കുന്നതിലും ഞങ്ങള്‍ ഒരിക്കലും പരാജയപ്പെട്ടിട്ടില്ല. വിജയങ്ങളില്‍ മതിമറന്നു പോകാനോ സെലിബ്രിറ്റികളുടെ മക്കളെന്ന ആനുകൂല്യം മുതലെടുക്കാനോ അനുവദിക്കാതെ, അങ്ങേയറ്റത്തെ ശ്രദ്ധയോടെയാണ് ഞങ്ങള്‍ മക്കളെ വളര്‍ത്തിയത്.
തങ്ങള്‍ ആരാണെന്നതിന്റെ ആനുകൂല്യം അവര്‍ ഒരിക്കല്‍പ്പോലും മുതലെടുത്തിട്ടില്ല. ഞങ്ങളുടെ മക്കളെക്കുറിച്ച് ഞങ്ങള്‍ക്ക് അങ്ങേയറ്റത്തെ അഭിമാനമുണ്ട്. അവരുടെ അതേ ഭാഷയിലും രീതിയിലും മറുപടി നല്‍കാന്‍ ആഗ്രഹമുണ്ട്, പക്ഷേ ഞാനത് ചെയ്യില്ല. ഒരമ്മയോടും കളിക്കാന്‍ നില്‍ക്കരുത്. സ്വന്തം കുഞ്ഞുങ്ങളെ സംരക്ഷിക്കാന്‍ ചാടിവീണു കൊല്ലുന്ന മുറിവേറ്റ കടുവയാണ് അമ്മയെന്ന് ഓര്‍ക്കുക.
കുറച്ചു ഫോളോവേഴ്‌സിനെയും പരിഹാസങ്ങളെയും നേടാനായി എന്റെ മക്കളെയും കുടുംബത്തെയും ഉപയോഗിക്കാന്‍ ഇറങ്ങിത്തിരിച്ച ഏതോ തരംതാണ ഒരു വിഡ്ഢിക്കു വേണ്ടിയുള്ളതല്ല ഈ സന്ദേശം. ഒരു കെട്ട് പച്ചനോട്ടുകള്‍ക്കു വേണ്ടി, സ്വന്തം കുടുംബം പുലര്‍ത്താനായി ഞങ്ങളെക്കുറിച്ച് ഇരുന്ന് സംസാരിക്കുന്ന യൂട്യൂബര്‍മാര്‍ എന്നു വിളിക്കപ്പെടുന്ന എല്ലാവര്‍ക്കുമുള്ള വളരെ വ്യക്തമായ സന്ദേശമാണിത്’. -ഖുശ്ബു പറഞ്ഞു.
”ഇന്ന് നമ്മള്‍ നമുക്കു വേണ്ടി സംസാരിച്ചില്ലെങ്കില്‍, ഈ മഠയന്മാര്‍ നമ്മുടെ നെഞ്ചത്തു കയറും. അവര്‍ക്ക് അറിയാത്ത ഒന്നുണ്ട് ; നമ്മുടെ ഉള്ളിലുള്ള കരുത്ത് വിലയ്ക്കു വാങ്ങിയതല്ല, കഠിനാധ്വാനത്തിലൂടെ നേടിയെടുത്തതാണ്. നിങ്ങള്‍ക്ക് വേണ്ടി നിങ്ങള്‍ തന്നെ നിലകൊള്ളണമെന്നാണ് ഇവിടെയുള്ള ഓരോ സ്ത്രീയോടും എനിക്കു പറയാനുള്ളത്. മറ്റുള്ളവര്‍ നിങ്ങളെ ബഹുമാനിക്കാതിരിക്കുമ്പോള്‍ അതൊരു കാര്യമാക്കേണ്ടതില്ല.
നിങ്ങളെത്തന്നെ ബഹുമാനിക്കാന്‍ പഠിക്കുക. മറ്റുള്ളവര്‍ നിങ്ങളെ അപമാനിക്കാന്‍ ഒരിക്കല്‍പ്പോലും അനുവദിക്കരുത്. ഒരു സുഹൃത്തായും കുടുംബമായും എപ്പോഴും കൂടെയുണ്ടാകുന്നതിന് രാധികയ്ക്ക് നന്ദി’.- ഖുശ്ബു കൂട്ടിച്ചേര്‍ത്തു. ഖുശ്ബുവിനും കുടുംബത്തിനും ഒപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് രാധിക ശരത്കുമാര്‍ തന്റെ പിന്തുണ അറിയിച്ചത്.
