latest news
സാമ്പത്തിക ബുദ്ധിമുട്ട്; ചികിത്സയെക്കുറിച്ച് ഉല്ലാസ് പന്തളം
പക്ഷാഘാതത്തെ തുടര്‍ന്ന് ഏറെ നാളുകളായി മിമിക്രി വേദികളില്‍ നിന്നൊക്കെ വിട്ടു നില്‍ക്കുകയാണ് ഉല്ലാസ് പന്തളം. ജീവിതത്തിലേക്ക് തിരിച്ചുവരാനുള്ള തയ്യാറെടുപ്പിലാണ് ഉല്ലാസിപ്പോള്‍. ഈ സീസണില്‍ തിരികെ സ്റ്റേജ് പ്രോഗ്രാമിലേക്ക് എത്തുമെന്ന് ഉല്ലാസ് പന്തളം പറയുന്നു.
പക്ഷാഘാതം വന്നതിനു ശേഷം തുടര്‍ന്നു വന്നിരുന്ന ഫിസിയോതെറാപ്പി സാമ്പത്തിക പ്രതിസന്ധിയാല്‍ മുടങ്ങി കിടക്കുകയാണെന്നും ഒരുപാട് ലോണുകളുടെ ഞെരുക്കത്തിലായതാണ് തെറാപ്പി മുടങ്ങാന്‍ കാരണമെന്നും അദ്ദേഹം വെളിപ്പെടുത്തി. ലക്ഷ്മി നക്ഷത്രയുടെ യൂട്യൂബ് ചാനലിനു നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഉല്ലാസ് പന്തളം.
‘ആദ്യത്തെ അവസ്ഥയില്‍ നിന്ന് ഇപ്പോള്‍ നല്ല വ്യത്യാസമുണ്ട്. ചികിത്സയുടെ ഭാഗമായി ഇപ്പോള്‍ ഫിസിയോതെറാപ്പിയാണ് ചെയ്യുന്നത്. ഇനിയും ഒന്നര വര്‍ഷം കൂടി തെറാപ്പി ചെയ്യണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. പഴയ രീതിയിലേക്ക് ആകാനാണ് ഈ ഒന്നര വര്‍ഷം. ഇപ്പോള്‍ കയ്യൊക്കെ പൊക്കാന്‍ ഇത്തിരി ബുദ്ധിമുട്ടാണ്. പക്ഷേ കാലിന് അത്ര പ്രശ്നനമില്ല.
എന്നാല്‍ കാല്‍മുട്ടിനും നടുവിനുമൊക്കെ നല്ല വേദനയാണ്. കുറേ നേരം ഇരുന്നു കഴിഞ്ഞാല്‍ എഴുന്നേല്ക്കാന് നല്ല വേദനയാണ്. എന്തായാലും ഈ സീസണില്‍ ഞാന്‍ സ്റ്റേജില്‍ പ്രോഗ്രാം കളിക്കാന്‍ കേറും. ഫിസിയോ തെറാപ്പി എല്ലാ ദിവസവും ചെയ്യണം. ഇടയ്ക്ക് അത് നിന്നു പോയി, വൈകാതെ വീണ്ടും തുടങ്ങണം. ഡോക്ടര്‍മാര്‍ പറയുന്നത് തെറാപ്പി മുടക്കരുതെന്നാണ്.
തെറാപ്പി ചെയ്താലേ ഇനിയും ആരോഗ്യവാനാകൂ. തത്ക്കാലം തെറാപ്പി മുടങ്ങി നില്‍ക്കുകയാണ്. സാമ്പത്തികമാണ് കാരണം. ഒരുപാടു ലോണും കാര്യങ്ങളുമുണ്ട്. ആശുപത്രിയിലായിരുന്ന സമയത്തെ കാര്യങ്ങളൊക്കെ വളരെ നന്നായി നടന്നു. ലോണാണ് ഇപ്പോഴത്തെ പ്രതിസന്ധി. അതിനുള്ള പരിഹാരമാണ് നോക്കുന്നത്.
ഇപ്പോഴത്തെ പ്രതിസന്ധികളെല്ലാം മാറണമെങ്കില്‍ സ്ഥിരവരുമാനം വേണം. അതിനുള്ള ഒരു പ്ലാനാണ് ഇപ്പോള്‍ മനസിലുള്ളത്. അസുഖം വന്നതിന് ശേഷം തുടങ്ങിയ ‘മുന്തിരിപ്പന്തല്‍’ എന്ന ഹോട്ടല്‍ ഇത്തിരി ഉള്ളിലാണ്. അതിനാല്‍ എല്ലാവര്ക്കും ഒന്നും എത്തിപ്പെടാന്‍ കഴിയാറില്ല. എല്ലാവര്ക്കും വരാനും നല്ലപോലെ കച്ചവടം നടക്കുകയും ചെയ്താല്‍ പ്രശ്നമില്ല.
മുന്തിരിപ്പന്തല്‍’ അവിടെ നിന്ന് മാറ്റി എംസി റോഡ് സൈഡില്‍ തുടങ്ങണമെന്നാണ് മനസിലെ ആഗ്രഹം. എന്റെ നിലവിലെ പ്രശ്നങ്ങള്‍ക്കെല്ലാം അതൊരു പരിഹാരമായി തീരുമെങ്കില്‍ അതാണ് ഏറ്റവും വലിയ സന്തോഷം. അതിന് ഇനിയും ഒന്നരവര്‍ഷം സമയമെടുക്കും’.- ഉല്ലാസ് പന്തളം പറഞ്ഞു.
