Connect with us

Screenima

latest news

സ്പിരിച്വാലിറ്റി എന്ന് പറയുന്നത് ഒന്നുമില്ലായ്മയാണ്; സംയുക്ത വർമ

ആത്മീയതയെക്കുറിച്ച് നടി സംയുക്ത വര്‍മ പറഞ്ഞ വാക്കുകളാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നത്. സ്പിരിച്വാലിറ്റി ഓരോരുത്തര്‍ക്കും ഓരോ പോലെയാണെന്നും തന്നെ സംബന്ധിച്ചിടത്തോളം സ്പിരിച്വാലിറ്റി എന്ന് പറയുന്നത് ഒന്നുമില്ലായ്മയാണെന്ന് പറയുകയാണ് സംയുക്ത. ഐ ആം വിത്ത് ധന്യ വര്‍മയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സംയുക്ത.

‘സ്പിരിച്വാലിറ്റി ഓരോരുത്തര്‍ക്കും ഓരോ പോലെയാണ്. ഞാന്‍ കാണുന്ന സ്പിരിച്വാലിറ്റി വ്യത്യസ്തമാണ്. എന്നെ സംബന്ധിച്ചിടത്തോളം സ്പിരിച്വാലിറ്റി എന്ന് പറയുന്നത് ഒന്നുമില്ലായ്മയാണ്. ഏറ്റവും വലിയ സ്വാതന്ത്ര്യം. ഈ പറയുന്നത് പോലെ ഇരുട്ട് ആണ് എനിക്ക് സ്പിരിച്വാലിറ്റി.

ഞാന്‍ നില്‍ക്കുന്ന ഈ അവസ്ഥയില്‍ നിന്ന് ഉള്ളിലേക്ക് പോവുക, അല്ലെങ്കില്‍ പുറത്തേക്ക് പോവുക. അങ്ങനെ രണ്ട് അവസ്ഥയിലേക്ക് പോയിക്കഴിഞ്ഞാല്‍ പിന്നെ പൂര്‍ണമായും ഇരുട്ടാണ്. ആ ഇരുട്ടാണ് ഏറ്റവും സുരക്ഷിതമായ ഇടവും ഏറ്റവും കംഫര്‍ട്ടബിളായതും. അവിടെ നമുക്ക് സന്തോഷവുമില്ല, സങ്കടവുമില്ല, അവിടെ ബന്ധങ്ങളില്ല, വികാരങ്ങളില്ല.

ഒന്നുമില്ലാത്ത അവസ്ഥ. ശിവം എന്ന് പറയുന്ന ആ അവസ്ഥ. അതിനെയാണ് ഞാന്‍ സ്പിരിച്വാലിറ്റി ആയിട്ട് കണക്കാക്കുക. എനിക്ക് നിയമങ്ങള്‍ ഇഷ്ടമല്ല. നിയമങ്ങളില്‍ കെട്ടുപാടായി കിടക്കുന്നത് എനിക്കിഷ്ടമല്ല. അതിപ്പോള്‍ പ്രാക്ടീസില്‍ ആണെങ്കില്‍ പോലും. ആ നിയമം എന്നൊക്കെ പറഞ്ഞു പോകുന്നത് ഒന്നും സ്പിരിച്വാലിറ്റി അല്ല.

ശരിക്കും വെള്ളം ഒഴുകി പോകുന്നതു പോലെ പോകണം അതാണ് സ്പിരിച്വാലിറ്റി. അതിലേക്ക് ഞാന്‍ എത്തിയിട്ടുണ്ടോ എന്ന് എനിക്കറിയില്ല. അത്രയും സിംപിളായിട്ട് ഒന്നുമില്ലായ്മയിലേക്ക് നമ്മള്‍ കൂടി ചേരുന്നതാണ് സ്പിരിച്വാലിറ്റി. അത് ഇടയ്ക്ക് വരുന്നുണ്ട്.

ദിവസത്തില്‍ എപ്പോഴൊക്കെയോ വന്നു പോകും. പക്ഷേ അത് പൂര്‍ണമായിട്ട് വന്നിട്ടില്ല. അതിന് പോലും നമ്മള്‍ എഫേര്‍ട്ട് എടുക്കാന്‍ പാടില്ല. അത്രയും എളുപ്പമായിരിക്കണം. അതൊരു കൂടിച്ചേരലാണ്. അത് നമ്മളറിയരുത്. അതിനെയാണ് ഞാന്‍ സ്പിരിച്വാലിറ്റിയായി കണക്കാക്കുന്നത്’. – സംയുക്ത വര്‍മ പറഞ്ഞു.

Continue Reading
To Top