Connect with us

Screenima

Gossips

എ ഗ്രേഡോടെ ബിരുദം, പഠനവും അഭിനിയവും എങ്ങനെ ഒന്നിച്ചു കൊണ്ടുപോയി? വിശേഷങ്ങളുമായി ഹന്‍സിക

അമല്‍ നീരദ് ഒരുക്കുന്ന ‘ബാച്ച്ലര്‍ പാര്‍ട്ടി 2’വിലൂടെ മലയാള സിനിമയില്‍ ഹന്‍സിക അരങ്ങേറ്റം കുറിക്കും. ഇപ്പോഴിതാ താന്‍ ബിരുദധാരിയായ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് താരം. പഠനവും അഭിനിയവും എങ്ങനെ ഒന്നിച്ചു കൊണ്ടുപോവാന്‍ സാധിച്ചെന്ന് നടി തുറന്നുപറഞ്ഞു. ജൂണ്‍ 9-നാണ് ബിരുദം നേടിയത്. എ ഗ്രെഡോടെയാണ് വിജയം.

‘ ഇതോടെ എന്റെ ക്യാമ്പസ് ജീവിതത്തിന് ഔദ്യോഗികമായി തിരശ്ശീല വീണു. 2026 ജൂണ്‍ 9-ന്, മികച്ചൊരു ‘എ ഗ്രേഡോടെ’ ഞാന്‍ എന്റെ ബാച്ചിലേഴ്‌സ് ബിരുദം നെഞ്ചോടു ചേര്‍ത്തു. എന്നെക്കുറിച്ച് എനിക്ക് ഏറ്റവും കൂടുതല്‍ അഭിമാനം തോന്നുന്ന നിമിഷം!

ചില സൗഹൃദങ്ങള്‍ വഞ്ചനയിലാണ് കലാശിച്ചത്. പിന്നീട് അവര്‍ ഖേദത്തോടെയും ക്ഷമാപണങ്ങളോടെയും തിരിച്ചുവന്നെങ്കിലും, അടഞ്ഞുപോയ എല്ലാ വാതിലുകളും വീണ്ടും തുറക്കേണ്ടതില്ലെന്നാണ് ജീവിതം എന്നെ പഠിപ്പിച്ചത്. സ്വന്തം വ്യക്തിത്വം കൈവിടാതിരിക്കാനും, മനസ്സിന്റെ സമാധാനം തിരഞ്ഞെടുക്കാനും കഴിഞ്ഞതാണ് എന്നെ കൂടുതല്‍ മികച്ചൊരു മനുഷ്യയാക്കി മാറ്റിയത്.

എന്റേത് തികച്ചും കുറ്റമറ്റൊരു കോളജ് കാലമായിരുന്നു എന്ന് എനിക്ക് പറയാനാവില്ല. എങ്കിലും, എന്നെ രൂപപ്പെടുത്തിയ, ഞാന്‍ ഒരുപാടേറെ വളര്‍ന്നൊരു യാത്രയായിരുന്നു അതെന്ന് എനിക്ക് ഉറപ്പിച്ചു പറയാം. ഓരോ സെമസ്റ്റര്‍ കഴിയുമ്പോഴും എന്റെ ഗ്രേഡുകള്‍ മെച്ചപ്പെട്ടു. ഒരുപാട് പാഠങ്ങള്‍ ഞാന്‍ പഠിച്ചു; വിരലിലെണ്ണാവുന്ന ചില നല്ല സൗഹൃദങ്ങള്‍ നേടി; ഒപ്പം നെഞ്ചിലെന്നും സൂക്ഷിക്കാന്‍ ഒരുപിടി സുന്ദരമായ ഓര്‍മ്മകളും
എല്ലാ പ്രതിസന്ധികളെയും ഒന്നിച്ച് കൊണ്ടുപോകാന്‍ കഴിഞ്ഞു എന്നതിലാണ് എനിക്ക് ഏറ്റവും കൂടുതല്‍ അഭിമാനം തോന്നുന്നത്. ഷൂട്ടുകള്‍, കണ്ടന്റ് ക്രിയേഷന്‍, സോഷ്യല്‍ മീഡിയയുടെ തിരക്കുകള്‍… ഇതിനിടയിലും എന്റെ പഠനത്തെ ഞാന്‍ ഒട്ടും മാറ്റിനിര്‍ത്തിയില്ല. എയര്‍പോര്‍ട്ടുകളിലും, ഫ്‌ലൈറ്റുകളിലും, ട്രെയിന്‍ യാത്രകളിലും, കാരവനുകളിലും… എപ്പോഴൊക്കെ പുസ്തകം തുറക്കാന്‍ ഒരു ചെറിയ നിമിഷം കിട്ടിയോ, അവിടെയൊക്കെയിരുന്ന് ഞാന്‍ പഠിച്ചു. ഒടുവില്‍, എന്റെ ജീവിതത്തിലെ ഏറ്റവും തിരക്കേറിയ ഘട്ടങ്ങളിലൊന്നായ അവസാന സെമസ്റ്ററില്‍, എല്ലാ പേപ്പറുകള്‍ക്കും ‘എ’ ഗ്രേഡും പ്രോജക്റ്റിന് ‘എ+’ ഉം നേടി ഞാന്‍ എന്റെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ തന്നെ സ്വന്തമാക്കി! എന്റെ യൂട്യൂബിലെ സ്റ്റഡി വ്‌ലോഗുകളിലൂടെ ഒട്ടനവധി വിദ്യാര്‍ഥികള്‍ക്ക് പ്രചോദനമാകാന്‍ കഴിഞ്ഞതില്‍ എനിക്ക് ഒരുപാട് സന്തോഷമുണ്ട്.

പല അധ്യാപകരുടെയും പ്രിയപ്പെട്ട വിദ്യാര്‍ഥിയാകാന്‍ കഴിഞ്ഞത് എന്റെ ഭാഗ്യമാണ്. അത് ഒരിക്കലും ഒരു പക്ഷപാതം കൊണ്ടായിരുന്നില്ല; മറിച്ച്, ഞാന്‍ എപ്പോഴും കാത്തുസൂക്ഷിച്ച ബഹുമാനവും ദയയും എന്റെ സമര്‍പ്പണവും കൊണ്ടാണ്. മറ്റുള്ളവരുടെ അഭിനന്ദനങ്ങള്‍ നേടാനും, അവര്‍ക്കൊരു നല്ല മാതൃകയാകാനും കഴിഞ്ഞതില്‍ ഞാന്‍ എന്നും നന്ദിയുള്ളവളായിരിക്കും.’- ഹന്‍സിക എഴുതി.

Continue Reading
To Top