Connect with us

Screenima

latest news

ഏറ്റവും മോശം ഘട്ടത്തില്‍ താങ്ങായി

‘പ്രേമം’ എന്ന ഒരൊറ്റ ചിത്രത്തിലൂടെ തെന്നിന്ത്യന്‍ സിനിമാ പ്രേക്ഷകരുടെ മനം കവര്‍ന്ന നായികമാരാണ് സായ് പല്ലവിയും അനുപമ പരമേശ്വരനും. ഇരുവരും അടുത്ത സുഹൃത്തുക്കളുമാണ്. തന്റെ ജീവിതത്തിലെ ഏറ്റവും കഠിനമായ ഒരു ഘട്ടത്തില്‍ സായ് പല്ലവി തനിക്ക് തണലായി മാറിയതിനെക്കുറിച്ച് പറയുകയാണ് അനുപമയിപ്പോള്‍.

താന്‍ വരച്ച പെയിന്റിങുകള്‍ നിറഞ്ഞ ചുവരുകളുടെ ചിത്രത്തിനൊപ്പം പങ്കുവെച്ച വൈകാരികമായ ഇന്‍സ്റ്റഗ്രാം കുറിപ്പിലാണ് അനുപമ, സായ് പല്ലവിയെക്കുറിച്ച് പറഞ്ഞത്. വേദന നിറഞ്ഞൊരു കാലത്തെ എങ്ങനെയാണ് താന്‍ ചായക്കൂട്ടുകളിലൂടെ അതിജീവിച്ചതെന്നും, അതിന് വഴിത്തിരിവായത് സായ് പല്ലവിയുമായുള്ള ഒരു സംഭാഷണമായിരുന്നെന്നും അനുപമ പറയുന്നു.

”കുട്ടിയായിരുന്നപ്പോള്‍ നിറങ്ങള്‍ ഇഷ്ടമായിരുന്നെങ്കിലും ചിത്രരചനയുടെ വിശാലമായ ലോകത്തേക്ക് ഒരിക്കലും കടന്നിരുന്നില്ല. ഞാന്‍ കടന്നുപോകുന്ന മാനസികാവസ്ഥയെക്കുറിച്ച് ഒരിക്കല്‍ സായ് പല്ലവിയോട് മനസുതുറക്കാനിടയായി. ആ സമയത്ത് അവള്‍ നല്‍കിയ ലളിതമായൊരു നിര്‍ദ്ദേശമാണ് എന്നെ ചിത്രരചനയിലേക്ക് നയിച്ചത്.

എനിക്കറിയാത്ത എന്റെ മറ്റൊരു മുഖം എനിക്ക് തന്നെ പരിചയപ്പെടുത്തി തന്നതിന് പല്ലവിയോട് ഞാന്‍ കടപ്പെട്ടിരിക്കുന്നു. ലവ് യൂ ഡാര്‍ലിങ്. കഴിഞ്ഞ വര്‍ഷം എന്റെ പ്രിയപ്പെട്ട അച്ഛനും അമ്മയും ചേര്‍ന്ന് രഹസ്യമായി ഞാന്‍ വരച്ചുകൂട്ടിയ ചിത്രങ്ങളെല്ലാം ഫ്രെയിം ചെയ്ത് എന്റെ സ്റ്റുഡിയോയിലെ ചുമരുകളില്‍ തൂക്കി.

അതെനിക്ക് ഒരു സര്‍പ്രൈസ് ആയിരുന്നു. ഒരു കഠിനമായ അധ്യായത്തില്‍ നിന്നും മനോഹരമായ ഓര്‍മകളുടെ ഒരു ചുമരിലേക്കുള്ള മാറ്റം എത്ര മധുരമുള്ളതാണല്ലേ’.- അനുപമ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

അനുപമയുടെ കുറിപ്പ് സായ് പല്ലവിയും ഷെയര്‍ ചെയ്തിരുന്നു. ”ഒരുപാട് സ്‌നേഹം മൈ ബേബി… ഈ ചിത്രങ്ങള്‍ വളരെ പേഴ്സണലും അതിമനോഹരവുമാണ്. നിന്റെ ഉള്ളിലെ കഴിവുകള്‍ ഇങ്ങനെ പൂത്തുലയുന്നത് കാണുമ്പോള്‍ എനിക്ക് ഏറെ സന്തോഷം തോന്നുന്നു.” -എന്നാണ് സായ് പല്ലവി കുറിച്ചത്.

Continue Reading
To Top