latest news
ബോളിവുഡില്‍ എങ്ങനെ കളിക്കണമെന്ന് ആലിയയ്ക്ക് നന്നായി അറിയാം; കുറിപ്പ്
ബോളിവുഡിലെ സമവാക്യങ്ങള്‍ മനസ്സിലാക്കി മികച്ച രീതിയില്‍ മുന്നോട്ടുപോകാന്‍ അനിയത്തിയും നടിയുമായ ആലിയ ഭട്ടിന് കൃത്യമായി അറിയാമെന്ന് പൂജ ഭട്ട്. ആലിയ കഠിനാധ്വാനിയാണെന്നും സിനിമകള്‍ തിരഞ്ഞെടുക്കുന്നതില്‍ മിടുമിടുക്കിയാണെന്നും പൂജ പ്രശംസിച്ചു. ആലിയയുടെയും രണ്‍ബീര്‍ കപൂറിന്റെയും മകള്‍ റാഹ ജനിച്ചത് തന്നെ ഒരു നടിയാകാനാണെന്നും പൂജ ഭട്ട് അഭിമുഖത്തില്‍ പറഞ്ഞു.
മഹേഷ് ഭട്ടിന്റെ മൂത്ത മകളായ പൂജ ഭട്ട് 1980-കളുടെ അവസാനത്തിലാണ് സിനിമാരംഗത്തേക്ക് എത്തിയത്. രണ്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് അനിയത്തി ആലിയ ഭട്ട് അഭിനയത്തില്‍ ചുവടുവെക്കുന്നത്. തന്നേക്കാള്‍ ഫീച്ചറുകളുള്ള തന്റെ ഒരപ്ഗ്രേഡഡ് വേര്‍ഷന്‍ ആണ് ആലിയയെന്നും, ഭാവിയില്‍ ആലിയയുടെ മകള്‍ റാഹ അതിലും വലിയൊരു അപ്ഗ്രേഡഡ് മോഡലായിരിക്കുമെന്നും പൂജ കൂട്ടിച്ചേര്‍ത്തു.
താനും ആലിയയും തമ്മില്‍ യാതൊരു താരതമ്യവുമില്ലെന്ന് പൂജ ഭട്ട് വ്യക്തമാക്കി. ‘ആലിയയും ഞാനും തികച്ചും വ്യത്യസ്തരാണ്. എന്റെ സമയം കഴിഞ്ഞു, ഇപ്പോള്‍ അവളുടേതാണ്. ഈ ഇന്‍ഡസ്ട്രിയില്‍ എങ്ങനെ നിലനില്ക്കണമെന്ന് അവള്‍ക്കറിയാം, എനിക്ക് അതിനുള്ള കഴിവുണ്ടായിരുന്നില്ല. അവള് അതീവ ബുദ്ധിശാലിയാണ്. ബോളിവുഡില്‍ എങ്ങനെ കളിക്കണമെന്ന് അവള്‍ക്ക് നന്നായി അറിയാം, അതവള് ഗംഭീരമായി ചെയ്യുന്നുമുണ്ട്.’
ആലിയ തിരഞ്ഞെടുക്കുന്ന സിനിമകളെയും സംവിധായകരെയും പൂജ പ്രശംസിച്ചു. ‘അവള് ചെയ്ത കഥാപാത്രങ്ങളും ഒപ്പം പ്രവര്‍ത്തിച്ച സംവിധായകരും മികച്ചതാണ്. അഭിനയത്തിനായി അവള് നടത്തുന്ന തയ്യാറെടുപ്പുകള്‍ ചെറുതല്ല. എന്ത് ജനങ്ങളുമായി പങ്കുവെക്കണം, എന്ത് പങ്കുവെക്കേണ്ടതില്ല എന്ന് കൃത്യമായ ബോധ്യമുള്ളതു കൊണ്ടാണ് ആലിയ ഇത്രയും വലിയ വിജയമായത്.’
