latest news
രേണു സുധിക്കും കുടുംബത്തിനും എതിരെ ആരോപണങ്ങളുമായി കിച്ചു സുധി
കൊല്ലം സുധിയുടെ മരണശേഷം അദ്ദേഹത്തിന്റെ കുടുംബത്തില്‍ നിന്നുയരുന്ന വെളിപ്പെടുത്തലുകള്‍ ആരാധകരെ ഒന്നടങ്കം ഞെട്ടിക്കുന്നതാണ്. സുധിയുടെ മൂത്തമകന്‍ രാഹുല്‍ (കിച്ചു) കഴിഞ്ഞ ദിവസം തന്റെ ജീവിതത്തിലുണ്ടായ കയ്‌പേറിയ അനുഭവങ്ങള്‍ തുറന്നുപറഞ്ഞുകൊണ്ട് രംഗത്തെത്തി. അച്ഛന്റെ മരണശേഷം താന്‍ അനുഭവിച്ച ഒറ്റപ്പെടലിനെക്കുറിച്ചും കുടുംബാംഗങ്ങളില്‍ നിന്നുള്ള അവഗണനയെക്കുറിച്ചുമൊക്കെയാണ് വീഡിയോയില്‍ കിച്ചു വികാരാധീനനായി സംസാരിച്ചത്.
ഞാനൊരു ഇന്‍ട്രോവേര്‍ട്ട് ആണ്. അധികം അങ്ങനെ സംസാരിക്കാനൊന്നും അറിയില്ല, ഈ വിഡിയോ പുറത്തുവരുന്നതോടെ എന്തൊക്കെ സംഭവിക്കുമെന്ന് അറിയില്ല. എന്റെ ജീവിത കഥയാണ് പറയുന്നത്. 2004ല്‍ ഞാന്‍ ജനിക്കുന്നു. ശാലിനി എന്നാണ് എന്റെ അമ്മയുടെ പേര്. അച്ഛനും അമ്മയും തമ്മിലുള്ള അടിയും വഴക്കുമാണ് കുഞ്ഞിലേ മുതലുള്ള ഓര്‍മ. എന്റെ സ്വന്തം അമ്മ, എനിക്ക് ഒന്നര വയസ്സുള്ളപ്പോള്‍ വേറൊരാളുടെ കൂടെ പോയി,’ കിച്ചു പറഞ്ഞു.
അമ്മ പോയ വിഷമത്തില്‍ അച്ഛന്‍ തന്നെയും കൂട്ടി ലോറിക്കു മുന്നില്‍ ചാടി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചുവെന്നും അന്ന് ഭാഗ്യം കൊണ്ടാണ് രണ്ടുപേരും രക്ഷപ്പെട്ടതെന്നും കിച്ചു വെളിപ്പെടുത്തി.
‘എനിക്ക് മൂന്ന് വയസ്സുളളപ്പോള്‍ ഞാനും അച്ഛനും കൊല്ലത്തു വന്നു. പിന്നെ എന്നെ നോക്കുന്നത് വല്യമ്മയായിരുന്നു. അഞ്ചാം ക്ലാസു വരെ അവിടെ ജീവിച്ചു. അതിനിടയ്ക്ക് അച്ഛന്‍ രണ്ടാമത് വിവാഹം കഴിച്ചു. വീണ എന്നായിരുന്നു അവരുടെ പേര്. ആ സമയത്ത് അച്ഛനുമായി യാതൊരു കോണ്ടാക്ടും ഇല്ലായിരുന്നു. അവരുമായിട്ടും വഴക്ക് തന്നെയായിരുന്നു. അച്ഛന്‍ എപ്പോഴും വീണയുടെ വീട്ടിലായിരിക്കും. വൈകിട്ട് എപ്പോഴെങ്കിലും എന്നെ വന്ന് കാണും. എന്നെ അവര്‍ക്ക് ഇഷ്ടമല്ലായിരുന്നു. ഇതൊക്കെ എങ്ങനെ പറഞ്ഞു തരണം എന്ന് അറിയില്ല, എന്റെ മനസ്സില്‍ ഉണ്ട് എല്ലാക്കാര്യങ്ങളും, പക്ഷേ അത് നിങ്ങളോടെങ്ങനെ പറഞ്ഞു തരണമെന്ന് അറിയില്ല. അവിടെയും അടിയാണ്. ആ സമയത്ത് ഓരോ കാര്യങ്ങളും എനിക്ക് തിരിച്ചറിയാന്‍ തുടങ്ങിയിരുന്നു. വീണ എന്ന ആളുടെയും രണ്ടാം വിവാഹമായിരുന്നു. ആ ബന്ധത്തില്‍ അവര്‍ക്ക് രണ്ട് പിള്ളേരുമുണ്ടായിരുന്നു. അതൊക്കെ ഞാനറിയുന്നത് കുറേ കഴിഞ്ഞാണ്.’
രേണു സുധി അമ്മയായി വീട്ടിലേക്ക് വന്നതിനെ കുറിച്ചും കിച്ചു വീഡിയോയില്‍ പറയുന്നുണ്ട്. ‘അഞ്ചാം ക്ലാസിലെ അവധിക്കാലം, ഞങ്ങള്‍ അപ്പോള്‍ എറണാകുളത്താണ്. കുറേ നാള് അവിടെയായിരുന്നു താമസം. അന്ന് അച്ഛന് ഷൂട്ട് ഒക്കെയുണ്ട്. ഒരുദിവസം വിഡിയോ കോളില്‍, ഇപ്പോള്‍ കാണുന്ന അമ്മ രേണു സുധിയെ കാണുന്നു. ആ സമയത്ത് അമ്മയുമായി ഭയങ്കര കമ്പനിയായിരുന്നു. സൂപ്പറായിരുന്നു ആ ടൈമില്‍. ഞങ്ങളെ കാണാന്‍ വന്നു, നല്ല കമ്പനിയായി. പിന്നെ അച്ഛന്‍ വന്ന് ഒരുദിവസം എന്റെ അടുത്ത് വന്നു ചോദിച്ചു, ‘ഞാന്‍ കല്യാണം കഴിക്കട്ടെ നിനക്കെന്താണ് പറയാനുള്ളത്’. ‘അച്ഛന് ഇഷ്ടമാണോ?’ എന്നു ഞാന്‍ തിരിച്ചു ചോദിച്ചു. ഇതിനിടയ്ക്ക് വീണയും അച്ഛനുമായി ഡിവോഴ്‌സ് ആയി. അവര്‍ക്ക് പൈസയും കൊടുത്തു. അങ്ങനെ കൊല്ലത്തെ വീട്ടില്‍ വന്ന് രേണു അമ്മയുടെ കാര്യം സംസാരിച്ച് വിവാഹം കഴിയുന്നു. വിവാഹത്തിനുശേഷം ഞാനും അച്ഛനും അമ്മയും കൊല്ലത്ത് തന്നെയാണ് നില്‍ക്കുന്നത്. പക്ഷേ കൊല്ലത്ത് വച്ച് ചെറിയൊരു വഴക്ക് ഉണ്ടായി, അങ്ങനെ ഞങ്ങള്‍ കോട്ടയത്തേക്ക് മാറി.’
ആദ്യമൊക്കെ ഭയങ്കര രസമായിരുന്നു. കൊല്ലത്ത് ഉള്ളപ്പോള്‍ എന്നെ പുറത്തുപോയി കളിക്കാനൊന്നും വിടില്ലായിരുന്നു. കോട്ടയത്ത് വന്നപ്പോള്‍ എനിക്കു വലിയ സ്വാതന്ത്ര്യം കിട്ടി. കുറച്ച് കഴിഞ്ഞതോടെ എന്തൊക്കെയോ പ്രശ്‌നങ്ങളാകുന്നു. എല്ലാവരുടെയും സ്വഭാവത്തിലൊരു മാറ്റം. ഞാന്‍ ആ സമയത്ത് കംപ്യൂട്ടറൊക്കെ മേടിച്ചു. റൂമില്‍ തന്നെ ഗെയിം കളിയുമായി ഇരിക്കും. ഇതൊക്കെയാണ് ഇതിന്റെയൊക്കെ തുടക്കം. അവിടം തൊട്ടാണ് ഞാന്‍ ഇങ്ങനെ ആകുന്നത്. വേറൊരു കണക്ഷനുമില്ല. അച്ഛന്‍ വന്ന് ഇടയ്ക്ക് ഭക്ഷണം തന്നിട്ടു പോകും. ഇടയ്ക്ക് റിഥപ്പന്‍ റൂമിലേക്കുവരും. അവനെയും മടിയിലിരുത്തി ഗെയിം കളിക്കും.
പിന്നെ കൊറോണ വന്നു. അച്ഛന്‍ ആ സമയത്ത് ഒരു യൂട്യൂബ് ചാനല് തുടങ്ങി, വെബ് സീരിസ് ചെയ്യാന്‍ പദ്ധതിയിട്ടിരുന്നു. കുറേ ആര്‍ട്ടിസ്റ്റുകളെയും വിളിച്ചിരുന്നു. പക്ഷേ ലോക്ക്ഡൗണ്‍ വന്നതോടെ അത് നടന്നില്ല. കുറേ കടം വന്നു. ഞാന്‍ അച്ഛന്‍, അമ്മ, റിഥപ്പന്‍, അമ്മയുടെ ചേച്ചി, അളിയന്‍, അവരുടെ രണ്ട് മക്കള്‍, പപ്പ, അമ്മ ഇവരുടെ ഇത്രയും പേരുടെ ചെലവും അച്ഛന്‍ ഒറ്റയ്ക്കാണ് നോക്കിക്കൊണ്ടിരുന്നത്. നിങ്ങള്‍ക്ക് മനസ്സിലാകുന്നുണ്ടാകും. അച്ഛന്റെയും എന്റെയും ഒരു സ്വഭാവമാണ്, നോ പറയാന്‍ അറിയില്ല, അതൊരു കൊള്ളാത്ത സ്വഭാവമാണ്. അപ്പുറത്തു നില്‍ക്കുന്ന ഒരാള്‍ക്ക് വിഷമമാകും എന്നു വിചാരിച്ചാണത്. ഞാനിപ്പോള്‍ ഓരോ കാര്യം പറയാത്തതും അതുകൊണ്ടാണ്.
‘കൊല്ലത്തുള്ള കൂട്ടുകാര്‍ക്കെല്ലാം എന്റെ ജീവിതത്തില്‍ നടന്ന എല്ലാ കാര്യങ്ങളും അറിയാം. അങ്ങനെ വീട്ടുകാരുമായി ഒരു കണക്ഷനില്ലാത്ത ജീവിതം, ആ റൂമിലിരുന്ന് ശരിക്കും വട്ടായി പോയിരുന്നു. കൂട്ടുകാരുമൊത്ത് കൂടി മോശം ശീലങ്ങളും തുടങ്ങി. പക്ഷേ അങ്ങനെ അഡിക്റ്റഡ് ഒന്നുമല്ലായിരുന്നു. ഞാനും അച്ഛനും സംസാരിക്കുന്നതു തന്നെ ഷൂട്ടിനു പോകുമ്പോഴാണ്. ഇങ്ങനെ നില്‍ക്കുന്ന സമയത്തും കൊല്ലത്ത് വിളിച്ച് ചോദിച്ചിരുന്നു, അവിടെ വന്ന് നില്‍ക്കട്ടെ എന്ന്. പക്ഷേ അതിനവര്‍ സമ്മതിച്ചില്ല. അങ്ങനെ കോട്ടയത്ത് തന്നെ നില്‍ക്കേണ്ടി വന്നു.
ഒരു ദിവസം അച്ഛന്‍ വന്ന് പറഞ്ഞു, ‘ഷൂട്ട് ഉണ്ട്, നീ വരണ്ട അച്ഛനങ്ങ് പൊയ്‌ക്കോളാം’. എന്നെ ഷൂട്ടിനു കൊണ്ടുപോകുന്നത് അമ്മയ്ക്ക് വലിയ ഇഷ്ടമല്ലായിരുന്നു. അതിനും വലിയ അടി ഉണ്ടായിട്ടുണ്ട്. എന്തോ ആര്‍ക്കും എന്നെ ഇഷ്ടമല്ലായിരുന്നു. അങ്ങനെ ശരിക്കും വട്ടായിപ്പോയി. പക്ഷേ അപ്പോഴും എന്റെ വിഷമങ്ങള്‍ പറയാന്‍ അപ്പോഴും അച്ഛനെന്ന ഒരാളുണ്ടായിരുന്നു. എന്തൊക്കെ ചെയ്താലും അച്ഛനെ വിളിക്കാം എന്ന ധൈര്യം എനിക്കുണ്ടായിരുന്നു.
അങ്ങനെ ആ ഷൂട്ടിനുപോയ ദിവസം രാത്രി അച്ഛന്‍ വിളിച്ചിട്ടു പറഞ്ഞു, പിറ്റേദിവസം രാവിലെ നാല് മണിയാകുമ്പോള്‍ ഞാന്‍ വരും, ചങ്ങനാശേരിയില്‍ നീ വന്നു കൂട്ടണമെന്ന്. നാല് മണിയായപ്പോള്‍ വിളിച്ചു, അച്ഛന്‍ ഫോണ്‍ എടുത്തില്ല, ഞാന്‍ കിടന്നുറങ്ങി. ഷൂട്ടിനു പോയിട്ടു വരുമ്പോള്‍ ഉറങ്ങിപ്പോകുന്ന സ്വഭാവം അച്ഛനുണ്ട്. അതുകൊണ്ടായിരിക്കും ഫോണ്‍ എടുക്കാത്തതെന്നോര്‍ത്ത് ഞാനും ഉറങ്ങി. രാവിലെ എന്തായാലും അച്ഛന്‍ വരുമെന്ന് ഓര്‍ത്തു. പെട്ടന്ന് അമ്മ വന്ന് എന്നെ തട്ടി എണീപ്പിച്ചു, അച്ഛന് എന്തോ പറ്റിയെന്നു തോന്നുന്നു വിളിച്ച് നോക്കാന്‍ പറഞ്ഞു. ഫോണ്‍ പക്ഷേ ഓഫ് ആയിരുന്നു. അപ്പോഴേക്കും ആളുകളൊക്കെ വരാന്‍ തുടങ്ങി. ഞാന്‍ നേരെ അനൂപേട്ടനെ വിളിച്ചു, എന്തോ പറ്റി അച്ഛനെന്നു ചോദിച്ചു. ‘രക്ഷിക്കാന്‍ പറ്റിയില്ലെടാ, സോറി’ എന്നു പറഞ്ഞ് ഫോണ്‍ കട്ട് ചെയ്തു. എന്തുവാ അനൂപേട്ടാ പറയുന്നതെന്ന്’ ചോദിച്ച് ഞാന്‍ ഫോണ്‍ എടുത്തെറിഞ്ഞു.’
അച്ഛന്റെ മരണശേഷം താന്‍ പൂര്‍ണ്ണമായും തകര്‍ന്നുപോയെന്നും മാനസിക വിഷമം താങ്ങാനാവാതെ ലഹരി ഉപയോഗത്തിലേക്ക് തിരിഞ്ഞുവെന്നുമാണ് കിച്ചു പറയുന്നത്.
