Connect with us

Screenima

latest news

ഭാഗ്യം കെട്ടവളെന്ന് പറഞ്ഞു; ഒന്‍പത് സിനിമകളില്‍ നിന്നും എന്നെ ഒഴിവാക്കി; വിദ്യ ബാലന്‍

ഇന്ത്യന്‍ സിനിമയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട നടിയാണ് വിദ്യ ബാലന്‍. ഒരേസമയം ഗ്ലാമറസ് റോളുകളിലൂടെയും കരുത്തുള്ള കഥാപാത്രങ്ങളിലൂടെയും വിദ്യ ആരാധകരെ ഞെട്ടിച്ചിട്ടുണ്ട്. മലയാളത്തില്‍ അരങ്ങേറ്റം കുറിക്കേണ്ട നടിയായിരുന്നു വിദ്യ ബാലന്‍. എന്നാല്‍, രാശിയില്ലാത്ത നടിയാണെന്ന് പറഞ്ഞ് മലയാള സിനിമ വിദ്യയെ തട്ടി കളയുകയാണ് ചെയ്തത്. ഇപ്പോള്‍ താരം പറഞ്ഞ വാക്കുകളാണ് വീണ്ടും ചര്‍ച്ചയായിരിക്കുന്നത്.

”ഞാന്‍ മോഹന്‍ലാല്‍ സാറിനും ദിലീപിനുമൊപ്പം ചക്രം ചെയ്യുകയായിരുന്നു. കമല്‍ സാര്‍ ആണ് സംവിധാനം. കമല്‍ ഹാസനല്ല. ഞങ്ങള്‍ ഒരു ഷെഡ്യൂളും പൂര്‍ത്തിയാക്കി. പത്ത് ദിവസത്തിന് ശേഷം കമല്‍ സാറും ലാല്‍ സാറും തമ്മില്‍ എന്തോ പ്രശ്നമുണ്ടായി. ഷൂട്ട് നിര്‍ത്തിവച്ചു. ഞങ്ങള്‍ തിരിച്ചു വീട്ടിലേക്ക് പോന്നു. വീണ്ടും തുടങ്ങുമെന്നായിരുന്നു പ്രതീക്ഷ. സെപ്തംബറില്‍ ലാന്റ് ലൈനിലേക്ക് ഒരു കോള്‍ വന്നു. മോഹന്‍ലാല്‍ സാര്‍ തന്റെ നാടക കര്‍ണഭാരത്തിലേക്ക് ക്ഷണിച്ചു. അപ്പോഴാണ് അദ്ദേഹം ഞങ്ങളോട് ചക്രം ഉപേക്ഷിച്ചതായി പറയുന്നത്. ഞങ്ങള്‍ക്ക് യാതൊരു സൂചനയും ഉണ്ടായിരുന്നില്ല” വിദ്യ ബാലന്‍ പറയുന്നു.

മെയ്ക്കും സെപ്തംബറിനും ഇടയില്‍ ഞാന്‍ നിരവധി സിനിമകളുടെ കരാറില്‍ ഒപ്പിട്ടിരുന്നു. പക്ഷെ ചക്രം നിന്നുപോയെന്ന വാര്‍ത്ത പ്രചരിച്ചതോടെ എനിക്ക് വന്ന സിനിമകളില്‍ നിന്നെല്ലാം എന്നെ ഒഴിവാക്കി. എട്ടോ ഒമ്പതോ ഉണ്ടായിരുന്നു മൊത്തം എന്നും വിദ്യ പറയുന്നു. ആ സമയത്ത് ഞാന്‍ തമിഴിലും ഒരു സിനിമ ഏറ്റിരുന്നു. സെറ്റിലെത്തിയപ്പോള്‍ തമാശ രംഗങ്ങളും മറ്റും ശരിയല്ലെന്ന് തോന്നി. വല്ലാതെ അസ്വസ്ഥത തോന്നി. അതോടെ ഞാന്‍ ഇറങ്ങിപ്പോന്നുവെന്നാണ് വിദ്യ ബാലന്‍ പറയുന്നത്.

അവര്‍ എനിക്ക് വക്കീല്‍ നോട്ടീസ് അയച്ചു. എനിക്ക് 22 വയസേയുള്ളൂ. എന്താണ് അതിന്റെ അര്‍ത്ഥം എന്ന് പോലും അറിയില്ലായിരുന്നു. ഞങ്ങള്‍ മറുപടി നല്‍കുകയും മുന്നോട്ട് പോവുകയും ചെയ്തു. പക്ഷെ അത് പ്രയാസകരമായൊരു വേക്കപ്പ് കോള്‍ ആയിരുന്നു എന്നും വിദ്യ ബാലന്‍ ഓര്‍ക്കുന്നുണ്ട്. അതേസമയം ചില മലയാള സിനിമകള്‍ കോസ്റ്റ്യൂം ട്രയല്‍ വരെ എത്തിയ ശേഷമാണ് നഷ്ടമായതെന്നും വിദ്യ പറയുന്നു. അന്നത്തെ കാലത്ത് കരാറൊന്നും ഉണ്ടായിരുന്നില്ല. അതിനാല്‍ മാറ്റിയാലും ഒന്നും ചെയ്യാന്‍ സാധിച്ചിരുന്നില്ലെന്നും വിദ്യ പറയുന്നു.

Continue Reading
To Top