Connect with us

Screenima

Empuraan Team

Gossips

Exclusive: എമ്പുരാന്‍ ‘വെട്ടില്‍’ മുരളി ഗോപിക്ക് കടുത്ത അതൃപ്തി; സക്‌സസ് പോസ്റ്ററുകളും പങ്കുവയ്ക്കുന്നില്ല !

എമ്പുരാന്‍ വിവാദങ്ങളില്‍ തിരക്കഥാകൃത്ത് മുരളി ഗോപിക്ക് കടുത്ത അതൃപ്തി. വിവാദങ്ങള്‍ക്കു പിന്നാലെ നടന്‍ മോഹന്‍ലാല്‍ മാപ്പ് പറഞ്ഞതിലും സിനിമയിലെ ചില രംഗങ്ങള്‍ മാറ്റിയതിലും മുരളിക്ക് വിയോജിപ്പുണ്ട്. സിനിമയുമായി ബന്ധപ്പെട്ട് പ്രതികരിക്കാനോ പ്രസ്താവനയിറക്കാനോ താല്‍പര്യമില്ലെന്ന് മുരളി ഗോപിയുമായി ഏറ്റവും അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി.

വിവാദങ്ങളെ പേടിച്ച് സിനിമയിലെ ഏതെങ്കിലും ഭാഗങ്ങള്‍ ഒഴിവാക്കേണ്ട ആവശ്യമില്ലെന്നാണ് മുരളി ഗോപിയുടെ നിലപാട്. ഇക്കാര്യം സംവിധായകന്‍ പൃഥ്വിരാജിനെ മുരളി അറിയിക്കുകയും ചെയ്തു. സംഘപരിവാര്‍ കേന്ദ്രങ്ങളില്‍ നിന്ന് വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലാണ് എമ്പുരാനിലെ ചില രംഗങ്ങളില്‍ വീണ്ടും കത്രിക വയ്ക്കാന്‍ സംവിധായകന്‍ പൃഥ്വിരാജ് നിര്‍ബന്ധിതനായത്.

Mohanlal - Empuraan
Mohanlal – Empuraan

വിവാദങ്ങളെ തുടര്‍ന്ന് നടന്‍ മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയിലൂടെ മാപ്പ് പറഞ്ഞിരുന്നു. മോഹന്‍ലാലിന്റെ ക്ഷമാപണ കുറിപ്പ് പൃഥ്വിരാജ് ഷെയര്‍ ചെയ്തിരുന്നു. എന്നാല്‍ മോഹന്‍ലാലിന്റെ ക്ഷമാപണത്തോടു മുരളിക്ക് എതിര്‍പ്പുണ്ട്.

എമ്പുരാനുമായി ബന്ധപ്പെട്ട് മുരളി ഗോപി അവസാനം ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചത് ‘കാവലായി ചേകവര്‍’ എന്ന പാട്ടിന്റെ ലിറിക്കല്‍ വീഡിയോയാണ്. മാര്‍ച്ച് 29 നാണ് മുരളിയുടെ അവസാന എമ്പുരാന്‍ അപ്‌ഡേറ്റ്. റിലീസ് ദിവസവും അതിനുശേഷമുള്ള രണ്ട് ദിവസവും എമ്പുരാനുമായി ബന്ധപ്പെട്ട പോസ്റ്ററുകള്‍ മുരളി ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്. എന്നാല്‍ സിനിമയിലെ ചില രംഗങ്ങള്‍ മാറ്റാന്‍ തീരുമാനിച്ചതിനു പിന്നാലെ മുരളി ഗോപി എമ്പുരാന്റെ യാതൊരു പോസ്റ്ററുകളും പങ്കുവെച്ചിട്ടില്ല.

ചെറിയ പെരുന്നാള്‍ ദിവസമായ ഇന്നലെ ഈദ് ആശംസകള്‍ നേര്‍ന്നുകൊണ്ട് മുരളി ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. എന്നാല്‍ സിനിമയുടെ 100, 200 കോടി പോസ്റ്ററുകളൊന്നും മുരളി പോസ്റ്റ് ചെയ്തിട്ടില്ല.

Continue Reading
To Top