latest news
ഡബ്ല്യൂസിസിക്കെതിരെ തുറന്നടിച്ച് ഭാഗ്യലക്ഷ്മി, മറുപടിയുമായി പാര്‍വതി
പൊതുവേദിയില്‍ ഡബ്ല്യൂസിസിക്കെതിരെ തുറന്ന് സംസാരിച്ച് ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ വേദിയില്‍ സ്ത്രീയും സിനിമയും എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന സംവാദത്തിനിടെയായിരുന്നു പാര്‍തിയും ഭാഗ്യലക്ഷ്മിയും തമ്മില്‍ തുറന്ന വാക്‌പോര് നടന്നത്. വേദിയില്‍ ഡബ്ല്യൂസിസി എന്ന സംഘടനയെക്കുറിച്ചും ഇത് സ്രീകള്‍ക്കായി നല്‍കുന്ന ഇടത്തെക്കുറിച്ചും പാര്‍വതി സംസാരിച്ചിരുന്നു. ഇതിന് മറുപടിയായാണ് ഭാഗ്യലക്ഷ്മി തന്റെ വിമര്‍ശനം അറിയിച്ചത്.
ഡബ്ല്യൂിസിസി എന്ന സംഘടന ആളുകള്‍ക്ക് സംരക്ഷണം കൊടുക്കുന്ന രീതിയില്‍ ആകണം. ഇരുന്ന് സംസാരിക്കാനും അവരോടൊപ്പം കുറച്ചു സമയം ചെലവഴിക്കാനും ഉള്ള ഒരു സ്‌പേസ് നല്‍കാനുള്ള ഒരു ശ്രമം ഡബ്ല്യുസിസി നടത്തിയാല്‍ നല്ലതാണെന്ന് എനിക്ക് തോന്നുന്നു, കുറെ കൂടി ആളുകള്‍ നിങ്ങളിലേക്ക് വരാന്‍ ശ്രമിക്കും. ഞങ്ങള്‍ എങ്ങനെയാ മാഡം അവരുടെ അടുത്തേക്ക് പോകേണ്ടത് എന്ന് പല സ്ത്രീകളും എന്നോട് ചോദിക്കാറുണ്ട്. ആരുടെ അടുത്തേക്കാണ് പോകേണ്ടത് എന്നും ചോദിക്കാറുണ്ട്. അത്തരത്തിലുള്ള ചോദ്യങ്ങള്‍ ഇവിടെ നില്‍ക്കുന്നുണ്ട്. അത് കൂടി പരിഗണിക്കണം എന്നുമാണ് ഭാഗ്യലക്ഷ്മി പറഞ്ഞത്.
ഇതിനു മറുപടിയായി ഒരു ചോദ്യമാണ് പാര്‍വതി ഉന്നയിച്ചത്. ചേച്ചി നിങ്ങള്‍ക്ക് എന്നെ നന്നായി അറിയാം. നിങ്ങള്‍ക്ക് എന്റെ നമ്പര്‍ കിട്ടാനും ഒരു പ്രയാസവും ഉണ്ടാകില്ല. നിങ്ങള്‍ക്ക് എന്തുകൊണ്ട് കളക്ടീവില്‍ ജോയിന്‍ ചെയ്തു കൂടാ എന്നാണ് ചോദിച്ചത്. എന്നാല്‍ സംഘടന തുടങ്ങിയ സമയത്ത് ഭാഗ്യലക്ഷ്മിയെ ഉള്‍പ്പെടുത്തണ്ട എന്ന് സംഘടനയില്‍ തന്നെ ഉള്ള ഒരാള്‍ പറഞ്ഞതായി താന്‍ അറിഞ്ഞെന്നും അതുകൊണ്ടാണ് ഡബ്ല്യുസിസിയിലേക്ക് വരാത്തതെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. മുഖ്യമന്ത്രിക്ക് പരാതി കൊടുക്കാന്‍ പോകുന്ന ദിവസം രാവിലെ എന്നോട് ചര്‍ച്ച ചെയ്തിട്ട് നമുക്ക് ഒന്നിച്ച് പോകാം എന്ന് പറഞ്ഞിട്ട്, പിന്നെ ഞാന്‍ കാണുന്നത് ടെലിവിഷനില്‍ നിങ്ങളെല്ലാം മന്ത്രിയെ കണ്ടു എന്ന വാര്‍ത്തയാണ് എന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.
