Connect with us

Screenima

latest news

വിഷാദവുമായി പോരാടുന്ന സമയമാണ് ആ ടൊവിനോ ചിത്രം വരുന്നത്: അര്‍ച്ചന കവി

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അര്‍ച്ചന കവി. ലാല്‍ ജോസ് ചിത്രം നീലത്താമരയിലൂടെ മലയാളികള്‍ സുപരിചിതയായ നടിയാണ് അര്‍ച്ചന കവി. നീലത്താമരയ്ക്ക് ശേഷം മമ്മി ആന്റ് മീ, ബെസ്റ്റ് ഓഫ് ലക്ക്, നാടോടി മന്നന്‍, ഹണീ ബീ, പട്ടം പോലെ, സോള്‍ട്ട് ആന്റ് പെപ്പര്‍ എന്നിവയാണ് അര്‍ച്ചന അഭിനയിച്ച ശ്രദ്ധേയ ചിത്രങ്ങള്‍. സോഷ്യല്‍ മീഡിയയിലും അര്‍ച്ചന വളരെ സജീവമാണ്.

ഐഡന്റിറ്റി എന്ന സിനിമയിലൂടെ തിരിച്ചു വരവ് നടത്തിയിരിക്കുകയാണ് താരം. ഇതേക്കുറിച്ചാണ് താരം ഇപ്പോള്‍ ഒരു കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. എന്റെ മുഖം ആദ്യമായി ബിഗ് സ്‌ക്രീനില്‍ കണ്ടിട്ട് പത്ത് വര്‍ഷമായെന്ന് വിശ്വസിക്കാനാകുന്നില്ല. എന്റെ ജീവിതത്തിലെ ഏറ്റവും മോശം സമയങ്ങളിലൊന്നിലാണ് ഐഡന്റിറ്റി വരുന്നത്. എനിക്കതോട് നീതിപുലര്‍ത്താന്‍ സാധിക്കുമോ എന്ന് സംശയമുണ്ടായിരുന്നു. എന്റെ മരുന്നുകള്‍ ക്രമരഹിതമായിരുന്നു. ഞാന്‍ വിഷാദത്തിന്റെ എപ്പിസോഡുകളുമായി പോരാടുകയായിരുന്നു.

അപ്പോഴാണ് അഖില്‍ പോള്‍ ഒരു സംവിധായകനായി കടന്നു വരുന്നതും പിന്നീട് സുഹൃത്താകുന്നതും. അദ്ദേഹം എനിക്കൊപ്പം നിന്നു. ഞാന്‍ കൃത്യമായി മരുന്ന് കഴിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തി. ആ പ്രയാസകരമായ നാളുകളില്‍ എനിക്കൊപ്പം പ്രാര്‍ത്ഥിക്കുക വരെ ചെയ്തു. ഡോകടര്‍മാരെ മാറ്റി. ഷൂട്ടിംഗ് തുടങ്ങുമ്പോഴേക്കും എനിക്ക് ഒരു എപ്പിസോഡ് പോലുമുണ്ടായില്ല.

ഇപ്പോള്‍ കൂടുതല്‍ മെച്ചപ്പെട്ടൊരു അവസ്ഥയിലാണ് ഞാന്‍. പക്ഷെ ഇപ്പോഴും സ്‌ക്രീനിനെ ഫേസ് ചെയ്യാന്‍ സാധിക്കുമോ എന്നെനിക്ക് അറിയില്ല. ഡെലിവറി റൂമിന് ഭര്‍ത്താവ് നില്‍ക്കുന്നതു പോലെ ആശങ്കയോടെ ഞാന്‍ പുറത്ത് നിന്നേക്കാം. ആളുകള്‍ എന്നേയും എന്റെ സിനിമയേയും ഇഷ്ടപ്പെടുമെന്ന പ്രതീക്ഷയോടെ. നീലത്താമരയ്ക്ക് ശേഷം എന്റെയൊരു സിനിമ കാണാനായി അച്ഛനും അമ്മയും കേരളത്തിലേക്ക് വരിയാണ്. പുനര്‍ജന്മം പോലെയാണ് തോന്നുന്നത്. പ്രാര്‍ത്ഥനയോടെ എന്നുമാണ് താരം പറയുന്നത്.

Continue Reading
To Top