Connect with us

Screenima

latest news

നയന്‍താരയ്ക്കും വിഘ്‌നേഷിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി ധനുഷ്

നയന്‍താരയും ധനുഷും തമ്മിലുള്ള ഡോക്യുമെന്ററി വിവാദം അവസാനിക്കാതെ നീളുന്നു. നയന്‍താരയ്ക്കും വിഘ്‌നേഷ് ശിവനുമെതിരെ ധനുഷ് ഉന്നയിച്ച ഗുരുതര ആരോപണങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. മദ്രാസ് ഹൈക്കോടതിയില്‍ നയന്‍താരക്കെതിരെ നല്‍കിയ സിവില്‍ കേസില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് ഇവര്‍ക്കെതിരായ രൂക്ഷ പരാമര്‍ശങ്ങള്‍ ധനുഷ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ധനുഷിന് വേണ്ടി അദ്ദേഹത്തിന്റെ നിര്‍മ്മാണ കമ്പനിയായ വണ്ടര്‍ബാര്‍ ഫിലിംസിന്റെ ഡയറക്ടര്‍ ശ്രേയ ശ്രീനിവാസാണ് സത്യവാങ്മൂലം സമര്‍പ്പിച്ചത്. ഇത് പരിഗണിച്ച കോടതി വിഷയത്തില്‍ മറുപടി നല്‍കാന്‍ നയന്‍താരയ്ക്കും ഭര്‍ത്താവ് വിഘ്‌നേഷ് ശിവനും നെറ്റ്ഫ്‌ലിക്‌സിനും ജനുവരി എട്ട് വരെ സമയം അനുവദിച്ചിട്ടുണ്ട്.

‘നാനും റൗഡി താന്‍’ എന്ന ചിത്രത്തിന്റെ പരാജയത്തിന് കാരണം ഇരുവരുടെയും പ്രണയം ആണെന്നാണ് ഇതില്‍ പറയുന്നത്. 4 കോടി ബജറ്റിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കാന്‍ തീരുമാനിച്ചതെങ്കിലും ഇവരുടെ പ്രണയം ഷൂട്ടിംഗ് വൈകാന്‍ കാരണമായി എന്ന് സത്യവാങ്മൂലത്തില്‍ ആരോപിക്കുന്നു. വിഘ്‌നേഷും നയന്‍താരയും തമ്മിലുള്ള പ്രണയം തുടങ്ങിയതോടെ സെറ്റില്‍ ഇരുവരും വൈകി എത്തുന്നത് പതിവായി.

സെറ്റിലെ മറ്റെല്ലാവരെയും അവഗണിച്ചു കൊണ്ട് വിഘ്‌നേഷ് ശ്രദ്ധ നയന്‍താരയില്‍ മാത്രമൊതുക്കി. നയന്‍താര ഉള്‍പ്പെടുന്ന രംഗങ്ങള്‍ അനാവശ്യമായി വീണ്ടും വീണ്ടും ചിത്രീകരിച്ചു കൊണ്ടേയിരുന്നു; സത്യവാങ്മൂലത്തില്‍ പറയുന്നു. പ്രഫഷണലിസം തൊട്ടുതീണ്ടാത്ത പെരുമാറ്റമായിരുന്നു ഇവരുടേതെന്നും ആരോപണമുണ്ട്. ഇതോടെ ചിത്രത്തിന്റെ ഷൂട്ടിംഗ് തീരുമാനിച്ച ബജറ്റില്‍ തീര്‍ന്നില്ല. ശേഷം ഇരുവരുടെയും വിവാഹ ഡോക്യൂമെന്ററിക്കായി ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനുകളിലെ ദൃശ്യങ്ങള്‍ വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ട് വിഘ്‌നേഷ് ശിവന്‍ സമീപിച്ചിരുന്നുവെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

Continue Reading
To Top