latest news
‘കടവുളേ’ ആ വിളി വേണ്ട;ആരാധകരോട് അജിത്
തമിഴ് സിനിമയിലെ ‘തല’ എന്നറിയപ്പെടുന്ന നടനാണ് അജിത് കുമാര്‍. പേരിനൊപ്പം എന്തെങ്കിലും കൂട്ടിച്ചേര്‍ത്ത് വിളിച്ചില്ലെങ്കില്‍ ആരാധകര്‍ക്കും സമാധാനം കിട്ടില്ല. പക്ഷേ, ഇപ്പോള്‍ ”കടുവുളേ…” എന്നുകൂടി സംബോധന ചെയ്യുന്ന ആരാധകരെ തിരുത്തുകയാണ് താരം.
എന്നെ സംബന്ധിച്ചിടത്തോളം പേരിനൊപ്പം മറ്റൊരു സംബോധന ചേര്‍ക്കുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണെന്നും ‘കടവുളേ’ എന്നുചേര്‍ക്കാതെ തന്റെ പേരായ ‘അജിത്’ എന്നുതന്നെ വിളിക്കണമെന്നുമാണ് അഭ്യര്‍ത്ഥന.
കഴിഞ്ഞ ദിവസങ്ങളില്‍ നടന്റെ ആരാധകര്‍ പങ്കുവെച്ച ‘കടവുളേ അജിത്തേ’ എന്ന അഭിസംബോധന സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. പൊതു ഇടങ്ങളിലും മതപരമായ ചടങ്ങുകളില്‍ പോലും ആരാധകര്‍ ഈ വാക്കുകള്‍ വിളിച്ചിരുന്നു. ഈ അഭിസംബോധന അവസാനിപ്പിക്കണമെന്നാണ് അജിത് ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്.
അജിത് തന്റെ പിആര്‍ ആയ സുരേഷ് ചന്ദ്ര മുഖേന തമിഴിലും ഇംഗ്ലീഷിലും ഇതുസംബന്ധിച്ച് പ്രസ്താവന പുറത്തിറക്കുകയായിരുന്നു.
”കുറച്ച് വൈകിയാണെങ്കിലും എന്നെ അലോസരപ്പെടുത്തുന്ന ഒരു കാര്യം ഞാന്‍ പറയുന്നു, പ്രത്യേകിച്ചും, കെ….’, ‘അജിത്തേ’ എന്നീ മുദ്രാവാക്യങ്ങള്‍ വിവിധ പരിപാടികളിലും പൊതുയോഗങ്ങളിലും ഇപ്പോള്‍ കേള്‍ക്കുന്നുണ്ട്. പേരിനൊപ്പം എന്തെങ്കിലും ഒരു തരം അഭിസംബോധന ചേര്‍ക്കുന്നത് എന്നെ സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടുള്ള കാര്യമാണ്. എന്റെ പേരോ ഇനീഷ്യലോ ഉപയോഗിച്ച് അഭിസംബോധന ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.” – ഇതായിരുന്നു പ്രസ്താവനയില്‍ പറയുന്നത്. മുന്‍പ് ആരാധകര്‍ വിളിച്ചിരുന്ന ‘തല’ എന്ന അഭിസംബോധന അവസാനിപ്പിക്കാന്‍ അജിത് ആവശ്യപ്പെട്ടത് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.