latest news
സ്ഥാനം കിട്ടിയെന്നു കരുതി തലയില്‍ കൊമ്പില്ലല്ലോ; പ്രേംകുമാറിനെതിരെ ധര്മ്മജന്
നടനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ നടന് പ്രേംകുമാറിനെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ച് നടന് ധര്മ്മജന് ബോള്‍ഗാട്ടി. ഫെയ്സ്ബുക്കിലൂടെയാണ് പ്രേംകുമാറിനെതിരെ ധര്മ്മജന് വിമര്‍ശനം ഉന്നയിച്ചുകൊണ്ട് സംസാരിച്ചിരിക്കുന്നത്.
ഞാന്‍ മൂന്നു മെഗാ സീരിയല്‍ എഴുതിയ ആളാണ്. എനിക്കത് അഭിമാനമാണ് സീരിയലിനെ എന്‍ഡോസള്‍ഫാന്‍ എന്ന് പറഞ്ഞ് പ്രേംകുമാര്‍ സീരിയലിലൂടെ തന്നെ വന്ന ആളാണ്. ഒരു സ്ഥാനം കിട്ടി എന്നുവെച്ചു തലയില്‍ കൊമ്പൊന്നും ഇല്ലല്ലോ. പാവപെട്ടവര്‍ ജീവിച്ചു പൊക്കോട്ടെ ചേട്ടാ എന്നുമാണ് ധര്മ്മജന് ഫെയ്സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.
ചില മലയാളം സീരിയലുകള്‍ എന്‍ഡോസള്‍ഫാന്‍ പോലെ സമൂഹത്തിന് മാരകമാണെന്നും സീരിയലുകള്‍ക്ക് സെന്‍സറിങ് ആവശ്യമാണെന്നുമായിരുന്നു പ്രേംകുമാറിന്റെ വിമര്‍ശനം. സിനിമയും സീരിയലും വെബ് സീരിസുമെല്ലാം ഒരു വലിയ ജനസമൂഹത്തെയാണ് കൈകാര്യം ചെയ്യുന്നത്. എല്ലാ സീരിയലുകളേയും അടച്ചാക്ഷേപിക്കുകയല്ല. കലാകാരന് അതിരുകളില്ലാത്ത ആവിഷ്കാര സ്വാതന്ത്ര്യം വേണമെന്ന് ആഗ്രഹിക്കുന്ന ആളാണ് താന്‍. സിനിമയില്‍ സെന്‍സറിങ് ഉണ്ട്. എന്നാല്‍ ടെലിവിഷന്‍ സീരിയലുകള്‍ക്കില്ല. അതില്‍ ചില പ്രായോഗിക പ്രശ്നങ്ങളുണ്ട് എന്നുമാണ് പ്രേം കുമാര്‍ പറഞ്ഞത്.
ധര്മ്മജന് ബോള്‍ഗാട്ടിക്ക് പിന്നാലെ പ്രേം കുമാറിനെതിരെ നടി സീമ ജി നായരും രംഗത്തെത്തിയിട്ടുണ്ട്. കഴിഞ്ഞ കുറെ ദിവസമായി സീരിയലിന്റെ പേരില്‍ കുറച്ചു വിഷയങ്ങള്‍ വന്നു കൊണ്ടേയിരിക്കുന്നു. സീരിയല്‍ ആണ് കേരളത്തിലെ ഏറ്റവും വലിയ പ്രശ്നം. സീരിയല്‍ കാരണം ഇവിടെ എന്തൊക്കെയോ സംഭവിക്കുന്നു. സത്യത്തില്‍ മനസിലാകാത്ത ചില ചോദ്യങ്ങള്‍ മനസ്സില്‍. ഇവിടെ നടക്കുന്നത് ചീഞ്ഞ രാഷ്ട്രീയ കളികള്‍. കഴിഞ്ഞ ദിവസങ്ങളില്‍ എല്ലാവരും അത് കണ്ടതാണ്. ഇനി കാണാന്‍ പോകുന്നതും അതാണ്. അതിലും എത്രയോ ഭേദമാണ് സീരിയല്‍ എന്നുമാണ് സീമ ജീ നായര്‍ പറഞ്ഞത്.