latest news
ഷാര്‍ജയിലെ സംഗീത വിദ്യാലയത്തിന്റെ ഡയറക്ടര്‍ ബോര്‍ഡ് അംഗമായി എംജി ശ്രീകുമാര്‍
ഗായകന് എം ജി ശ്രീകുമാറിനെ ഷാര്‍ജയുടെ സംഗീത വിദ്യാലയത്തിന്റെ ഡയറക്ടര്‍ ബോര്‍ഡ് അംഗമായി തിരഞ്ഞെടുത്തു. ഷാര്‍ജ ഭരണാധികാരിയുടെ പ്രൈവറ്റ് കണ്‍സള്‍ട്ടന്റ് മുഹമ്മദ് ബിന്‍ അബ്ദുള്ള അല്‍ മര്‍സൂഖിയാണ് അദ്ദേഹത്തെ തിരഞ്ഞെടുത്തത്. എംജി ശ്രീകുമാറിന്റെ സംഗീത ജീവിതത്തിന്റെ 4 പതിറ്റാണ്ട് പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായി നടത്തിയ എംജി അറ്റ് ഫോര്‍ട്ടി എന്ന ആഘോഷ പരിപാടിക്കിടെയായിയിരുന്നു ഷാര്‍ജ ഭരണാധികാരിയുടെ പ്രൈവറ്റ് കണ്‍സള്‍ട്ടന്റ് ഇത്തരത്തില്‍ ഒരു പ്രഖ്യാപനം നടത്തിയത്.
മുഹമ്മദ് ബിന്‍ അബ്ദുള്ള അല്‍ മസൂഖിയായിരുന്നു ഈ പരിപാടിയുടെ ചീഫ് ഗസ്റ്റ്. എംജി ശ്രീകുമാര്‍ പാട്ട് പാടുന്നതിനിടയില്‍ അദ്ദേഹം വേദിയിലേക്ക് കടന്ന് ചെന്നു. ഷാര്‍ജ ടു ഷാര്‍ജയിലെ പതിനാലാം രാവിന്റെ എന്ന് തുടങ്ങുന്ന പാട്ടായിരുന്നു എംജി ശ്രീകുമാര്‍ ആലപിച്ചത്. സംഗീത പരിപാടി കഴിഞ്ഞുള്ള ഔദ്യോഗിക ചടങ്ങിനിടയിലാണ് എംജി ശ്രീകുമാറിനോടുള്ള ഇഷ്ടം അദ്ദേഹം വ്യക്തമാക്കിയത്.
അതിനുശേഷം എംജിയെ ആദരിക്കുന്ന ചടങ്ങില്‍ എംജി ശ്രീകുമാറിന് തന്റെ മ്യൂസിക് സ്കൂളിന്റെ ഷെയര്‍ നല്കി തങ്ങളോടൊപ്പം നിര്‍ത്താന്‍ ആഗ്രഹിക്കുന്നതായും അദ്ദേഹം പറഞ്ഞു. കൂടാതെ സ്കൂളിന്റെ ഡയറക്ടര്‍ ബോര്‍ഡ് മെമ്പറായി പ്രഖ്യാപിക്കുകയും ചെയ്തു.
ഇത്തരത്തില്‍ ഒരു അപ്രതീക്ഷിത പ്രഖ്യാപനം കേട്ട് താന്‍ ഞെട്ടിപ്പോയി എന്നാണ് ഇതുമായി ബന്ധപ്പെട്ട് പ്രതികരിക്കുവെ എം ജി ശ്രീകുമാര്‍ പറഞ്ഞത്. തന്റെ ജീവിതത്തില്‍ ലഭിച്ച ഏറ്റവും വലിയ ബഹുമതികളില്‍ ഒന്നാണ്. സാധാരണ അറബ് രാജ്യങ്ങളെ ഭരണാധികാരികള്‍ അവരുടെ ഭരണസ്ഥാനങ്ങളില്‍ അന്യരാജ്യക്കാരെ എടുക്കാറില്ല. എനിക്കദ്ദേഹത്തോട് മറുപടി പറയാന്‍ വാക്കുകള്‍ കിട്ടിയില്ല. ഒടുവില്‍ അദ്ദേഹത്തോടുള്ള ബഹുമാനാര്‍ത്ഥം ഞാനൊരു കീര്‍ത്തനം ആലപിച്ചു എന്നും എംജി ശ്രീകുമാര്‍ പറയുന്നു