latest news
എ ആര്‍ എം വ്യാജ പതിപ്പ്; പ്രതികള്‍ പിടിയില്‍
ടോവിനോ തോമസിനെ നായകനാക്കി ജിതിന്‍ലാല്‍ സംവിധാനം ചെയ്ത അജയന്റെ രണ്ടാം മോഷണം സിനിമയുടെ വ്യാജ പതിപ്പ് പ്രചരിപ്പിച്ച സംഭവത്തില്‍ രണ്ടുപേര്‍ പോലീസിന്റെ പിടിയില്‍. തമിഴ്‌നാട് സ്വദേശികളെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. കോയമ്പത്തൂരില്‍ നിന്ന് പ്രതികളെ കസ്റ്റഡിയില്‍ എടുത്തതായി പോലീസ് അറിയിച്ചു. കോയമ്പത്തൂരിലെ തീയേറ്ററില്‍ വെച്ചാണ് സിനിമയുടെ വ്യാജ പതിപ്പ് പുറത്തായതെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ഇതിന്റെ ഭാഗമായാണ് കോയമ്പത്തൂര്‍ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടത്തിയത്.
അറസ്റ്റ് ചെയ്ത പ്രതികളെ കൊച്ചി സൈബര്‍ പോലീസ് ചോദ്യം ചെയ്ത് വരികയാണ്. ചിത്രത്തിന്റെ വ്യാജ പതിപ്പ് പുറത്തിറങ്ങിയ സംഭവവുമായി ബന്ധപ്പെട്ട് സംവിധായകനും നിര്‍മ്മാതാവും പോലീസില്‍ പരാതി നല്‍കിയിരുന്നു.
ഓണം റിലീസായാണ് ചിത്രം തിയേറ്ററുകളിലേക്ക് എത്തിയത്. ടൊവിനോ തോമസ് മൂന്ന് വേഷങ്ങളില്‍ എത്തിയ ഈ ചിത്രം സംവിധാനം ചെയ്തത് ജിതിന്‍ ലാലാണ്. മലയാളം, തമിഴ്, കന്നഡ, തെലുഗു, ഹിന്ദി, ഇംഗ്ലീഷ് എന്നീ ആറുഭാഷകളിലായാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിയത്. കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരാണ് ചിത്രത്തില്‍ ടൊവിനോയുടെ നായികമാരായി എത്തുന്നത്. തെലുഗു സിമികളിലൂടെ പ്രശസ്തി നേടിയ കൃതി ഷെട്ടിയുടെ ആദ്യ മലയാള ചിത്രം കൂടിയാണിത്.
നടനും സംവിധായകനുമായ ബേസില്‍ ജോസഫ്, ജഗദീഷ്, ഹരീഷ് പേരടി, ഹരീഷ് ഉത്തമന്‍, പ്രമോദ് ഷെട്ടി, രോഹിണി തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
സിനിമയുടെ കഥ, തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കിയിരിക്കുന്നത് സുജിത് നമ്പ്യാരാണ്. ദിബു നൈനാന്‍ തോമസാണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം ഒരുക്കിയിരിക്കുന്നത്. ജോമോന്‍ ടി ജോണ്‍ ഛായാഗ്രഹണവും ഷമീര്‍ മുഹമ്മദ് ചിത്ര സംയോജനവും നിര്‍വഹിച്ചിരിക്കുന്നു. മാജിക് ഫ്രെയിംസ്, യുജിഎം മോഷന്‍ പിക്‌ചേഴ്‌സ് എന്നീ ബാനറുകളില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍, ഡോ.സക്കറിയ തോമസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.