latest news
മോഹന്‍ലാലിനെ കാണണമെന്ന് ആഗ്രഹം സാധിക്കാതെ ടിപി മാധവന്റെ മടക്കം
ടിപി മാധവന്റെ മരണം ഏറെ ദുഃഖത്തോടെയാണ് മലയാളം സിനിമാലോകം ഉള്‍ക്കൊണ്ടിരിക്കുന്നത്. പത്തനാപുരം ഗാന്ധിഭവനിലെ അന്തേവാസിയായിരുന്നു അദ്ദേഹം. അവിടെ വച്ച് തന്നെയായിരുന്നു അദ്ദേഹത്തിന്റെ മരണവും.
കുറച്ച് നാളുകള്‍ക്ക് മുമ്പ് മന്ത്രി ഗണേഷ് കുമാര്‍ അദ്ദേഹത്തെ കാണാനായി ഇവിടേക്ക് എത്തിയിരുന്നു. അപ്പോഴേക്കും ഓര്‍മ്മകള്‍ നശിച്ചു തുടങ്ങിയിരുന്നുവെങ്കിലും മോഹന്‍ലാലിനെ കാണണമെന്നായിരുന്നു അദ്ദേഹം പറഞ്ഞ ഒരു ആഗ്രഹം. മോഹന്‍ലാലിനെ കാണണമെന്ന ആഗ്രഹം സാധിച്ചു കൊടുക്കാം എന്ന് ഗണേഷ് കുമാര്‍ പറഞ്ഞിരുന്നു. എന്നാല്‍ ആ വാക്ക് അദ്ദേഹത്തിന് പാലിക്കാനായില്ല. മോഹന്‍ലാലിനെ കാണാതെയാണ് ടി പി മാധവന്‍ എന്ന കലാകാരന്‍ മരണത്തിന് കീഴടങ്ങിയിരിക്കുന്നത്
ഏതാണ്ട് എട്ടുവര്ഷത്തോളമായി അദ്ദേഹം ഗാന്ധി ഭവനിലാണ്. സിനിമയൊക്കെ വിട്ട് തീര്‍ത്ഥാടനത്തിനായി ഹരിദ്വാറിലേക്ക് പോയതാണ് അദ്ദേഹം. അവിടെവച്ചു ഒരു മുറിയില്‍ കുഴഞ്ഞു വീണു. സന്യാസിമാരും മറ്റുള്ളവരും ചേര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നടത്തി, നടക്കാന്‍ പറ്റുന്ന അവസ്ഥയായപ്പോള്‍ കേരളത്തിലേക്ക് വണ്ടി കയറ്റി വിട്ടു. തിരുവനന്തപുരത്തെ ഒരു ലോഡ്ജ് മുറിയില്‍ പരസഹായമില്ലാതെ ഒന്ന് അനങ്ങാന്‍ പോലും വയ്യാതെ കിടന്ന സമയത്താണ് സീരിയല്‍ സംവിധായകന്‍ പ്രസാദ് നൂറനാട് അദ്ദേഹത്തെ കാണുന്നത്. അങ്ങിനെയാണ് ഗാന്ധി ഭവനില്‍ എത്തുന്നത്. ഗാന്ധി ഭവനിലെത്തി ആരോഗ്യം മെച്ചപ്പെട്ടതിനു ശേഷം ഒന്ന് രണ്ടു സിനിമകളിലും സീരിയലുകളിലും അവിടെനിന്നു തന്നെ പോയി അഭിനയിച്ചു. പിന്നീടാണ് അദ്ദേഹത്തിന് മറവി രോഗം പിടിപെട്ടത്.