latest news
കോളജിലേക്ക് ക്ഷണിച്ചു വരുത്തി അപമാനിച്ച് ഇറക്കിവിട്ടു; വേദന തോന്നിയതായി ബിബിന്‍ ജോര്‍ജ്
കോളേജില്‍ ചടങ്ങില്‍ പങ്കെടുക്കാനായി വിളിച്ചുവരുത്തി നടന്‍ വിപിന്‍ ജോര്‍ജിനെ അപമാനിച്ച് ഇറക്കി വിട്ടു. കോളേജിലെ പുസ്തക പ്രകാശനത്തിനായിരുന്നു വിപിന്‍ ജോര്‍ജിനെ വിളിച്ചുവരുത്തിയത്. മലപ്പുറം വാളാഞ്ചേരിയിലെ എംഇഎസ് കോളജില്‍ വച്ചാണ് താരത്തിന് ഇത്തരത്തില്‍ മോശം ഒരു അനുഭവം ഉണ്ടായിരിക്കുന്നത്. താരത്തെ വേദിയില്‍ സംസാരിക്കാന്‍ അനുവദിക്കാതെ പ്രിന്‍സിപ്പാള്‍ അവിടെ നിന്നും ഇറക്കിവിടുകയായിരുന്നു. ഇതിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇതിനു പിന്നാലെയാണ് സംഭവത്തില്‍ പ്രതികരണവുമായി ബിബിന്‍ ജോര്‍ജ് തന്നെ രംഗത്തെത്തിയിരിക്കുകയാണ്. പ്രിന്‍സിപ്പലിന്റെ നടപടി വേദനയുണ്ടാക്കി എന്നാണ് നടന്‍ പറഞ്ഞത്.
ബിബിന്‍ ജോര്‍ജ് പ്രധാന വേഷത്തില്‍ എത്തിയ പുതിയ ചിത്രം ഗുമസ്തന്റെ പ്രമോഷന്റെ ഭാഗമായാണ് താരവും മറ്റ് അണിയറ പ്രവര്‍ത്തകരും കോളജില്‍ എത്തിയത്. മാഗസിന്‍ പ്രകാശനം കഴിഞ്ഞ് സംസാരിച്ചു തുടങ്ങിയപ്പോള്‍ പുസ്തകം പ്രകാശനം ചെയ്താല്‍ മാത്രം മതിയെന്നും എത്രയും പെട്ടെന്ന് വേദി വിടണമെന്നും പ്രിന്‍സിപ്പാള്‍ ആവശ്യപ്പെടുകയായിരുന്നു.
സംഭവത്തെക്കുറിച്ച് ബിബിന്‍ ജോര്‍ജ് പറയുന്നത്. ഇങ്ങനെ. ‘കോളജിന്റെ മൂന്നാം നിലയിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്. ഞാന്‍ വന്നപ്പോള്‍ മുതല്‍ പ്രിന്‍സിപ്പാള്‍ അസ്വസ്ഥനായിരുന്നു. സിനിമയുടെ കാര്യം പറഞ്ഞു തുടങ്ങിയപ്പോഴേക്കും പ്രിന്‍സിപ്പാള്‍ വിറച്ചുകൊണ്ട് വേദിയിലേക്ക് കയറി പ്രകാശനം ചെയ്തിട്ട് പൊയ്‌ക്കോ, പടത്തെക്കുറിച്ച് ഒന്നും പറയേണ്ട എന്നു പറയുകയായിരുന്നു. ജീവിതത്തില്‍ ആദ്യമായാണ് ഇങ്ങനെയൊരു അനുഭവം. വിളിച്ച് വരുത്തിയുള്ള അപമാനം. എനിക്കേറ്റവും വിഷമം വന്നത് എന്റെ കൂടെ വന്ന ആളുകള്‍ കൂടി അപമാനിക്കപ്പെട്ടല്ലോ എന്നോര്‍ത്തപ്പോഴാണ്. ഞാന്‍ വേദിയില്‍ നിന്നിറങ്ങി തിരികെ പോരാന്‍ ഒരുങ്ങിയപ്പോള്‍ കുട്ടികള്‍ ഓടിയെത്തി മാപ്പു പറഞ്ഞു. അവര്‍ ഒന്നടങ്കം പോകരുതെന്ന് അഭ്യര്‍ത്ഥിച്ചു. പക്ഷേ പിന്നീട് ആ വേദിയിലേക്ക് തിരികെ ചെല്ലാന്‍ എനിക്കു തോന്നിയില്ല എന്നുമാണ് ബിബിന്‍ ജോര്‍ജ് പറയുന്നത്.