latest news
ഇന്ത്യയ്ക്ക് രാഷ്ട്രപിതാവില്ല: വിവാദ പരാമര്‍ശവുമായി കങ്കണ
ഗാന്ധിജയന്തി ദിനത്തില്‍ സോഷ്യല്‍ മീഡിയയില്‍ നടിയും ബിജെപി എംപിയുമായ കങ്കണ റണാവത്ത് പങ്കുവെച്ച് കുറിപ്പ് വിവാദത്തില്‍. ഇന്ത്യയ്ക്ക് രാഷ്ട്രപിതാവ് ഇല്ല എന്നായിരുന്നു കുറിപ്പ്. മുന്‍ പ്രധാനമന്ത്രി ലാല്‍ ബഹാദൂര്‍ ശാസ്ത്രിയുടെ 120ാം ജന്മവാര്‍ഷിക ആശംസ നേര്‍ന്നുകൊണ്ടായിരുന്നു വിവാദ പരാമര്‍ശം.
രാജ്യത്തിന് പിതാക്കന്മാരില്ല; പുത്രന്മാരുണ്ട്. ഭാരതമാതാവിന്റെ ഈ പുത്രന്മാര്‍ അനുഗൃഹീതരാണ്’ എന്നാണ് ശാസ്ത്രിയുടെ ചിത്രത്തിനൊപ്പം കങ്കണ കുറിച്ചത്. ഗാന്ധിജിയുടെ ശുചിത്വഭാരതമെന്ന ആശയം മുന്നോട്ടുകൊണ്ടുപോയത് പ്രധാനമന്ത്രി നരേന്ദ്രമോദിയാണെന്നും കങ്കണ പറഞ്ഞു.
കങ്കണയുടെ പരാമര്‍ശത്തിനെതിരെ വലിയ പ്രതിഷേധമാണ് ഉയര്‍ന്നു വരുന്നത്. ബിജെപി നേതാവ് മനോരഞ്ജന്‍ കാലിയയും റണാവത്തിന്റെ പുതിയ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു. ‘ഗാന്ധിജിയുടെ 155ാം ജന്മവാര്‍ഷികത്തില്‍ കങ്കണ റണാവത്ത് നടത്തിയ പരാമര്‍ശങ്ങളെ ഞാന്‍ അപലപിക്കുന്നു. തന്റെ ഹ്രസ്വ രാഷ്ട്രീയ ജീവിതത്തില്‍, അവര്‍ വിവാദ പ്രസ്താവനകള്‍ നടത്തുന്ന ശീലം വളര്‍ത്തിയെടുത്തിട്ടുണ്ട്.’ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ കാലിയ പറഞ്ഞു. ‘രാഷ്ട്രീയം അവളുടെ മേഖലയല്ല. രാഷ്ട്രീയം ഗൗരവമുള്ള കാര്യമാണ്. സംസാരിക്കുന്നതിന് മുമ്പ് ഒന്ന് ചിന്തിക്കണം. അവളുടെ വിവാദ പരാമര്‍ശങ്ങള്‍ പാര്‍ട്ടിക്ക് പ്രശ്‌നമുണ്ടാക്കുന്നു.’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.