Gossips
‘സ്തുതി’ സോങ്ങിനു ഫ്രീ പബ്ലിസിറ്റി നല്കി സിറോ മലബാര്‍ സഭ; ട്രോളി സോഷ്യല്‍ മീഡിയ
അമല്‍ നീരദ് ചിത്രം ബോഗയ്ന്‍വില്ലയിലെ ‘സ്തുതി’ ഗാനത്തിനെതിരെ സിറോ മലബാര്‍ സഭ രംഗത്തെത്തിയിരിക്കുകയാണ്. എന്നാല്‍ സിറോ മലബാര്‍ സഭയുടെ വിമര്‍ശനം സിനിമയ്ക്ക് അനുഗ്രഹമായി. മതവികാരം വ്രണപ്പെടുത്തുന്നു എന്ന വിമര്‍ശനത്തിനു പിന്നാലെ സ്തുതി പാട്ടിന്റെ കാഴ്ചക്കാര്‍ വര്‍ധിച്ചു. സിറോ മലബാര്‍ സഭയുടെ ഫ്രീ പബ്ലിസിറ്റിക്ക് നന്ദിയെന്നാണ് സിനിമാ ആരാധകര്‍ പറയുന്നത്.
കഴിഞ്ഞ ദിവസമാണ് ചിത്രത്തിലെ ടൈറ്റില്‍ സോംഗ് റിലീസ് ആയത്. ‘ഭൂലോകം സൃഷ്ടിച്ച കര്ത്താവിന് സ്തുതി’ എന്ന ഗാനം ഒറ്റ ദിവസം കൊണ്ട് തന്നെ വൈറലാവുകയും ചെയ്തു. 2 മില്യണിലേറെ വ്യൂസ് നേടിയ ഗാനം യൂട്യൂബ് ട്രെന്‍ഡിംഗ് ലിസ്റ്റില്‍ മൂന്നാമതായി തുടരുകയാണ് ഇപ്പോഴും. ജ്യോതിര്‍മയിയും കുഞ്ചാക്കോ ബോബനും സംഗീതസംവിധായകന് സുഷിന് ശ്യാമുമാണ് ഈ ഗാനരംഗത്തില്‍ പ്രത്യക്ഷപ്പെടുന്നത്.
ഭൂലോകം സൃഷ്ടിച്ച കര്ത്താവിന് സ്തുതി എന്ന ഗാനം ക്രൈസ്തവ സമൂഹത്തിന്റെ വിശ്വാസങ്ങളെ വികലമാക്കുന്നു എന്നാണ് സിറോ മലബാര്‍ സഭയുടെ ആരോപണം. ഗാനം സെന്‍സര്‍ ചെയ്യണമെന്നും വേണ്ടി വന്നാല്‍ സിനിമ തന്നെ സെന്‍സര്‍ ചെയ്യണമെന്നും ആവശ്യമുയരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവിന് മെയില്‍ അയച്ചാണ് സീറോ മലബാര്‍ സഭ അല്മായ ഫോറം സെക്രട്ടറി ടോണി ചിറ്റിലപ്പിള്ളി പരാതി നല്‍കിയിട്ടുണ്ട്.