Gossips
കഴുത്തിലേക്ക് കൈ നീണ്ടപ്പോള്‍ ഞാന്‍ ഓടിരക്ഷപ്പെട്ടു; സംവിധായകന്‍ രഞ്ജിത്തിനെതിരെ നടി ശ്രീലേഖയുടെ തുറന്നുപറച്ചില്‍
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ചര്‍ച്ചയായതിനു പിന്നാലെ സിനിമയിലെ പല പ്രമുഖര്‍ക്കുമെതിരെ ആരോപണങ്ങളുടെ കുത്തൊഴുക്കാണ്. സംവിധായകനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ രഞ്ജിത്തിനെതിരെയും ഇപ്പോള്‍ മീ ടു ആരോപണം ഉയര്‍ന്നിരിക്കുകയാണ്. ബംഗാളി നടി ശ്രീലേഖ മിത്രയാണ് രഞ്ജിത്തിനെതിരെ രംഗത്തെത്തിയത്. മമ്മൂട്ടി ചിത്രമായ ‘പാലേരിമാണിക്യം, ഒരു പാതിരാകൊലപാതകത്തിന്റെ കഥ’ എന്ന സിനിമയിലേക്ക് അഭിനയിക്കാന്‍ വിളിച്ച സമയത്താണ് രഞ്ജിത്തില്‍ നിന്ന് മോശം അനുഭവം ഉണ്ടായതെന്ന് ശ്രീലേഖ പറഞ്ഞു.
ശ്യാമപ്രസാദ് സംവിധാനം ചെയ്ത ‘അകലെ’ എന്ന സിനിമയിലെ അഭിനയം കണ്ടിട്ടാണ് രഞ്ജിത്ത് തന്നെ പാലേരിമാണിക്യത്തിലേക്ക് വിളിച്ചത്. സാമ്പത്തികമായി ബുദ്ധിമുട്ടിയിരുന്ന സമയം ആയതിനാല്‍ ഒരു മമ്മൂട്ടി സിനിമയില്‍ അഭിനയിക്കുന്നത് നല്ലതാകുമെന്ന് കരുതി. കൊച്ചിയിലെ ഹോട്ടലിലായിരുന്നു ഓഡിഷന്‍. സംവിധായകന്‍ രഞ്ജിത്തിനെ രാവിലെ കണ്ടു. ചിത്രത്തിനായുള്ള ഫോട്ടോഷൂട്ടും നടന്നു. അതിനുശേഷം വൈകിട്ട് വീണ്ടും സംസാരിക്കാന്‍ പോയപ്പോഴാണ് തനിക്ക് മോശം അനുഭവം നേരിട്ടതെന്ന് ശ്രീലേഖ പറയുന്നു.
സംസാരിച്ചു കൊണ്ടിരിക്കെ ആദ്യം വന്ന് വളകളില്‍ തൊട്ടു. പിന്നീട് മുടിയില്‍ തലോടി. രഞ്ജിത്തിന്റെ കൈകള്‍ കഴുത്തിലേക്ക് നീണ്ടപ്പോള്‍ ആ മുറിയില്‍ നിന്ന് ഇറങ്ങി ഓടുകയായിരുന്നെന്ന് ശ്രീലേഖ പറഞ്ഞു. ഹോട്ടല്‍ മുറി അകത്തുനിന്ന് പൂട്ടി അവിടെ പേടിച്ച് ഇരിക്കുകയായിരുന്നു. ഓഡിഷന്റെ കാര്യം അറിയിച്ച ആളെ വിളിച്ച് ഇപ്പോള്‍ തന്നെ മടക്കയാത്രയ്ക്കു ടിക്കറ്റ് എടുത്തു തരണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ അയാള്‍ അതു സമ്മതിച്ചില്ല. ഒടുവില്‍ പിറ്റേന്ന് രാവിലെ സ്വന്തം കൈയില്‍ നിന്ന് പണം ചെലവാക്കി ടിക്കറ്റെടുത്ത് മടങ്ങുകയായിരുന്നെന്നും ശ്രീലേഖ മിത്ര കൂട്ടിച്ചേര്‍ത്തു.
അതേസമയം മീ ടു ആരോപണത്തില്‍ രഞ്ജിത്തും പ്രതികരിച്ചു. നടിയോടു മോശമായി പെരുമാറിയിട്ടില്ലെന്ന് രഞ്ജിത്ത് പറഞ്ഞു. ശ്രീലേഖ ഓഡിഷനു വന്നിരുന്നു. കഥാപാത്രത്തിനു അനുയോജ്യം അല്ലാത്തതുകൊണ്ടാണ് പരിഗണിക്കാതിരുന്നതെന്നും രഞ്ജിത്ത് പറഞ്ഞു.