latest news
ഒരാളും തന്നോട് ഇതുവരെ മോശമായി പെരുമാറിയിട്ടില്ല, എങ്ങനേലും സിനിമയില്‍ അഭിനയിക്കണം എന്ന് കരുതി നടക്കുന്നവര്‍ എന്തെങ്കിലും കുഴപ്പത്തില്‍ ചാടുന്നുണ്ടാകാം: ശ്രിയ രമേഷ്
മലയാളിയുടെ ലൈംഗിക ദാരിദ്ര്യത്തിലേക്ക് വീണു കിട്ടിയ വലിയ ഒരു മസാലപ്പൊതിയായി മാറിയിരിക്കുന്നു ജസ്റ്റിസ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് എന്ന് ഞാന്‍ ആശങ്കപ്പെടുന്നുവെന്ന് നടി ശ്രിയ രമേഷ്. സ്‌പെസിഫിക്ക് അല്ലാതെ സകലരെയും ബാധിക്കുന്ന ഒരു കാര്‍പ്പെറ്റ് ബോംബിംഗ് പോലെ ആയി അത്. സത്യത്തില്‍ ഇവര്‍ സിനിമയിലെ സ്ത്രീകളുടെ സുരക്ഷയെ കുറിച്ച് വേണ്ടത്ര കണ്‍സേണ്‍ ആയിരുന്നോ? ആണെങ്കില്‍ അഭ്യൂഹങ്ങള്‍ക്ക് വഴിവെക്കാതെ കുറ്റക്കാര്‍ എന്ന് കണ്ടെത്തിയവരുടെ പേരുകള്‍ പുറത്ത് വിടണം. നടപടി എടുക്കണം.അതല്ലാതെ കണ്ട ഞരമ്പ് രോഗികള്‍ക്ക് സാമൂഹ്യ മാധ്യമങ്ങളിലൂടെ എന്ത് വൃത്തികേടുകളും ലൈംഗിക വൈകൃത കഥകളും പടച്ചുവിടുവാന്‍ അവസരം ഒരുക്കല്‍ അല്ലായിരുന്നു വേണ്ടത്.
അന്തസ്സായി ജോലി ചെയ്ത് ജീവിക്കുന്ന ആയിരക്കണക്കിന് പേര്‍ ഉള്ള ഒരു ഇന്റസ്ട്രിയെ മൊത്തത്തില്‍ സമൂഹ മധ്യത്തില്‍ മോശക്കാരാക്കുവാനും, സിനിമ വ്യവസായത്തെ പ്രതിസന്ധിയിലേക്ക് തള്ളി വിടുവാന്‍ അവസരം ഉണ്ടാക്കുകയല്ല വേണ്ടത്. ഇന്നിപ്പോള്‍ പരമാവധി വഷളത്തരവും അഭ്യൂഹങ്ങളും ചേര്‍ത്ത് കൊഴുപ്പിച്ച് വിളമ്പുവാനും അതുവഴി വ്യൂവേഴ്‌സിനെ കൂട്ടുവാനും കുറേ ഞരമ്പ് രോഗികള്‍ ഇറങ്ങിയിട്ടുണ്ട്. മാധ്യമങ്ങളില്‍ വന്നിരുന്ന് അലറി വിളിക്കുന്നു വേറെ ഒരു കൂട്ടര്‍. ഈ അഭ്യൂഹം പരത്തുന്ന കൂട്ടര്‍ തിരിച്ചറിയാതെ പോകുന്നത് ഈ മേഖലയില്‍ മാന്യമായി തൊഴില്‍ ചെയ്തു കുടുംബവുമായി ജീവിക്കുന്ന ഒരു പാട് പേരുടെ ജീവിതത്തെ പറ്റിയാണ്. അവരുടെ പങ്കാളികള്‍ക്കും മക്കള്‍ക്കും മറ്റു കുടുംബാംഗങ്ങള്‍ക്കും ഈ സമൂഹത്തില്‍ ജീവിക്കേണ്ടതുണ്ട് എന്ന് കമ്മീഷനുള്‍പ്പെടെ ഉള്ളവര്‍ ചിന്തിക്കണം.
ആയിരക്കണക്കിന് പേരാണ് സിനിമ ഇന്റസ്ട്രിയില്‍ ജോലി ചെയ്യുന്നത്. അവര്‍ നമ്മുടെ സൊസൈറ്റിയുടെ ഭാഗവുമാണ്. ഏതാനും ചിലര്‍ പ്രശ്‌നക്കാരായിട്ട് ഉണ്ടെങ്കില്‍ ആ പേരില്‍ ഇന്റസ്ട്രിയെ മൊത്തം അധിക്ഷേപിക്കുന്നത് ശരിയല്ല. റിപ്പോര്‍ട്ട് വന്ന ശേഷം പരക്കുന്ന അഭ്യൂഹങ്ങളുടെ ചുവട് പിടിച്ച് പലരും നേരിട്ടും ഫോണ്‍ വഴിയും സോഷ്യല്‍ മീഡിയ വഴിയും കമ്മീഷന്‍ വെളിപ്പെടുത്താത്ത പേരുകള്‍ ആരെല്ലാമാണ്, നിങ്ങള്‍ക്ക് മോശം അനുഭവം ഉണ്ടോ എന്നെല്ലാം നിരന്തരം എന്നോട് ചോദിക്കുന്നു. മറ്റുള്ളവരോടും ചോദിക്കുന്നുണ്ടാവാം. കഴിഞ്ഞ 12 വര്‍ഷമായി മലയാള സിനിമയിലെ ലജന്റ്‌സിന്റെ സിനിമകളില്‍ ഉള്‍പ്പെടെ ഞാന്‍ പ്രവര്‍ത്തിക്കുന്നു. അവരില്‍ ഒരാളും മോശമായി പെരുമാറിയിട്ടില്ല.
സിനിമയുടെ ഫെയിം ആവോളം ആസ്വദിച്ച് പിന്നീട് അതില്‍ നിന്നും പുറത്തായി വര്‍ഷങ്ങള്‍ക്ക് ശേഷം ആരോപണം ഉന്നയിക്കുന്നവര്‍ക്ക് ഓരോന്നും പറഞ്ഞ് പോയാ മതി. നിലവില്‍ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നരാണ് അതിന്റെ പേരില്‍ അവഹേളിക്കപ്പെടുന്നത്. പീഡിപ്പിച്ചു എന്ന് പറയുന്നവര്‍ ചങ്കുറ്റത്തോടെ ആ പേരുകള്‍ വെളിപ്പെടുത്തട്ടെ. അഭ്യൂഹങ്ങള്‍ക്ക് അവസരം ഉണ്ടാക്കരുത്. എങ്ങനേലും സിനിമയില്‍ അഭിനയിക്കണം എന്ന് കരുതി നടക്കുന്നവര്‍ എന്തെങ്കിലും കുഴപ്പത്തില്‍ ചാടുന്നുണ്ടാകാം. അത്തരക്കാരെ ആരെങ്കിലും ചൂഷണം ചെയ്യുന്നതിന് മറ്റുള്ളവര്‍ എന്തിന് ചീത്ത പേര് കേള്‍ക്കണം എന്നും ഇവര്‍ പറയുന്നു.