latest news
മോദിയോട് ഇഷ്ടം തോന്നാനുള്ള കാരണങ്ങള്‍ ഇതൊക്കെയാണ്; തുറന്ന് പറഞ്ഞ് ഉണ്ണി മുകുന്ദന്‍
ചുരുങ്ങിയകാലം കൊണ്ട് സിനിമയില്‍ നല്ല വേഷങ്ങള്‍ ചെയ്യാന്‍ സാധിച്ച താരമാണ് ഉണ്ണി മുകുന്ദന്‍. 2002ലെ മലയാളം സിനിമയായ നന്ദനത്തിന്റെ തമിഴ് റീമേക്കായ സീദന്‍ എന്ന ചിത്രത്തിലൂടെയാണ് ഉണ്ണി മുകുന്ദന്റെ സിനിമാ പ്രവേശനം. 2011ല്‍ റിലീസായ ബോംബേ മാര്‍ച്ച് 12 എന്ന സിനിമയിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചു. ഈ ചിത്രത്തിലെ അഭിനയത്തിന് നിരവധി അവാര്‍ഡുകള്‍ ലഭിച്ചു.
തുടര്‍ന്ന് ബാങ്കോക്ക് സമ്മര്‍, തത്സമയം ഒരു പെണ്‍കുട്ടി എന്നീ ചിത്രങ്ങളില്‍ അഭിനയിച്ച ഉണ്ണി മുകുന്ദന്‍ 2012ല്‍ റിലീസായ മല്ലൂസിംഗ് എന്ന സിനിമയില്‍ നായകനായി. മല്ലൂസിംഗിന്റെ വലിയ വിജയം ഒരു പിടി സിനിമകളില്‍ നായക വേഷം ചെയ്യാന്‍ ഉണ്ണി മുകുന്ദന് അവസരമൊരുക്കി.
ഇപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് തനിക്ക് ഇഷ്ടം തോന്നനുള്ള കാരണം പറയുകയാണ് ഉണ്ണി മുകുന്ദന്‍. മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ ഗുജറാത്ത് എന്ന സംസ്ഥാനത്തിന്റെ മുഖച്ഛായ മാറ്റി. എട്ടാം ക്ലാസില്‍ പഠിക്കുമ്പോഴാണ് നരേന്ദ്ര മോദി എന്ന പേര് കേള്‍ക്കുന്നത്. വളരെ ദയനീയമായിരുന്ന അഹമ്മദാബാദിന്റെ തെരുവുകളെ മാറ്റി മറിച്ചത് അദ്ദേഹത്തിന്റെ ഭരണക്കാലത്താണ്. മഴ പെയ്താല്‍ ചളി നിറയുന്ന വഴികളെ കുറിച്ച് കുട്ടിക്കാലത്ത് കൂട്ടുകാര്‍ക്കൊപ്പം മുഖ്യമന്ത്രിക്ക് കത്തയച്ചു. തുടര്‍ന്നാണ് പ്രശ്‌നം പരിഹരിക്കാനായത്. ജനങ്ങളിലേക്ക് അത്രമാത്രം ഇറങ്ങി ചെന്ന്, അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നയാളാണ് നരേന്ദ്ര മോദി എന്നും ഉണ്ണി മുകുന്ദന്‍ പറയുന്നു.