Connect with us

Screenima

latest news

പത്മരാജന്‍ പറഞ്ഞതാണ് ഞാന്‍ ചെയ്തത്, തിരുത്താനൊന്നും ആരും ഉണ്ടായിരുന്നില്ല; തൃശൂര്‍ ഭാഷ വിഷയത്തില്‍ മോഹന്‍ലാല്‍

പത്മരാജന്‍ ചിത്രം തൂവാനത്തുമ്പികളില്‍ പറയുന്ന തൃശൂര്‍ ഭാഷ ശരിയല്ലെന്ന സംവിധായകന്‍ രഞ്ജിത്തിന്റെ വിമര്‍ശനങ്ങളോട് പ്രതികരിച്ച് മോഹന്‍ലാല്‍. താന്‍ തൃശൂര്‍ക്കാരനല്ലെന്നും അറിയാവുന്ന രീതിയില്‍ അല്ലേ പറയാന്‍ കഴിയൂ എന്നും മോഹന്‍ലാല്‍ പറഞ്ഞു. മനോരമ ന്യൂസിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ ആ സമയത്ത് പത്മരാജന്‍ പറഞ്ഞതാണ് ഞാന്‍ ചെയ്തത്. ഞാന്‍ തൃശൂര്‍ക്കാരനല്ലല്ലോ? എനിക്ക് അറിയാവുന്ന രീതിയില്‍ അല്ലേ പറയാന്‍ പറ്റൂ. പത്മരാജന്‍ തൃശൂരിലെ ഓള്‍ ഇന്ത്യ റേഡിയോയില്‍ ജോലി ചെയ്ത ആളാണ്, അദ്ദേഹത്തിനു അവിടെ ഒരുപാട് സുഹൃത്തുക്കളും ഉണ്ട്. അദ്ദേഹം പറഞ്ഞു തന്ന രീതിയില്‍ ആണ് ഞാന്‍ ചെയ്തത്. പിന്നെ അന്ന് എനിക്ക് കറക്ട് ചെയ്തു തരാനും ആരും ഉണ്ടായിരുന്നില്ല,’ മോഹന്‍ലാല്‍ പറഞ്ഞു.

Mohanlal
Mohanlal

മോഹന്‍ലാലിനെ നായകനാക്കി പത്മരാജന്‍ സംവിധാനം ചെയ്ത ചിത്രമാണ് തൂവാനത്തുമ്പികള്‍. 1987 ല്‍ റിലീസ് ചെയ്ത ചിത്രം അന്ന് ബോക്‌സ്ഓഫീസില്‍ വലിയ വിജയമായില്ലെങ്കിലും പിന്നീട് ക്ലാസിക് എന്ന രീതിയില്‍ പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ചയായി. തൃശൂര്‍ പശ്ചാത്തലമാക്കിയാണ് സിനിമ ഒരുക്കിയിരിക്കുന്നത്. മോഹന്‍ലാല്‍ തൃശൂര്‍ ഭാഷയാണ് സിനിമയില്‍ സംസാരിക്കുന്നത്. തൂവാനത്തുമ്പികളില്‍ ഉപയോഗിച്ചിരിക്കുന്ന തൃശൂര്‍ ഭാഷ യഥാര്‍ഥ തൃശൂര്‍ ഭാഷയല്ലെന്നാണ് കഴിഞ്ഞ ദിവസം രഞ്ജിത്ത് വിമര്‍ശിച്ചത്. ‘ ലാലിന്റെ നമുക്കൊക്കെ ഇഷ്ടപ്പെട്ട തൂവാനത്തുമ്പികളിലെ തൃശൂര്‍ ഭാഷ വളരെ ബോറാണ്. അത് തൃശൂര്‍ ഭാഷയെ അനുകരിക്കാന്‍ ശ്രമം നടത്തുകയാണ് ചെയ്തത്. ‘മ്മ്ക്കൊരു നാരങ്ങാവെള്ളം കാച്ചിയാലോ’ ആ താളത്തിലൊന്നും അല്ല യഥാര്‍ഥത്തില്‍ തൃശൂര്‍ ഭാഷ സംസാരിക്കുക,’ രഞ്ജിത്ത് പറഞ്ഞു.

Continue Reading
To Top