latest news
മോഹന്‍ലാലിന്റെ തൂവാനത്തുമ്പികളിലെ തൃശൂര്‍ ഭാഷ വളരെ ബോറാണ്: രഞ്ജിത്ത്
തൃശൂര്‍ ഭാഷ പലതവണ മലയാള സിനിമയില്‍ ഹിറ്റായിട്ടുണ്ട്. തൂവാനത്തുമ്പികളിലെ മോഹന്‍ലാല്‍, പ്രാഞ്ചിയേട്ടനിലെ മമ്മൂട്ടി, പുണ്യാളന്‍ അഗര്‍ബത്തീസിലെ ജയസൂര്യ എന്നിവരെല്ലാം തൃശൂര്‍ ഭാഷ പറഞ്ഞു കയ്യടി നേടിയവരാണ്. എന്നാല്‍ തൂവാനത്തുമ്പികളിലെ തൃശൂര്‍ ഭാഷ യഥാര്‍ഥ തൃശൂര്‍ ഭാഷയല്ലെന്നാണ് സംവിധായകന്‍ രഞ്ജിത്ത് പറയുന്നത്. ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനു നല്‍കിയ അഭിമുഖത്തിലാണ് രഞ്ജിത്ത് ഇക്കാര്യം പറഞ്ഞത്.
‘ ലാലിന്റെ നമുക്കൊക്കെ ഇഷ്ടപ്പെട്ട തൂവാനത്തുമ്പികളിലെ തൃശൂര്‍ ഭാഷ വളരെ ബോറാണ്. അത് തൃശൂര്‍ ഭാഷയെ അനുകരിക്കാന്‍ ശ്രമം നടത്തുകയാണ് ചെയ്തത്. ‘മ്മ്‌ക്കൊരു നാരങ്ങാവെള്ളം കാച്ചിയാലോ’ ആ താളത്തിലൊന്നും അല്ല യഥാര്‍ഥത്തില്‍ തൃശൂര്‍ ഭാഷ സംസാരിക്കുക,’ രഞ്ജിത്ത് പറഞ്ഞു.
പത്മരാജന്‍ സംവിധാനം ചെയ്ത തൂവാനത്തുമ്പികള്‍ 1987 ലാണ് റിലീസ് ചെയ്തത്. അന്ന് തിയറ്ററുകളില്‍ വലിയ വിജയമായില്ലെങ്കിലും പില്‍ക്കാലത്ത് ചിത്രം ശ്രദ്ധിക്കപ്പെട്ടു. സുമലത, പാര്‍വതി, അശോകന്‍, ശങ്കരാടി എന്നിവര്‍ തൂവാനത്തുമ്പികളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്.