latest news
മമ്മൂട്ടിയ്ക്ക് പകരം നായകനാകേണ്ടിയിരുന്നത് മറ്റൊരു നടൻ!
ഒരേസമയം പ്രേക്ഷക-നിരൂപക പ്രശംസ നേടി തിയറ്ററുകളിൽ മുന്നേറുകയാണ് കാതൽ. മമ്മൂട്ടിയുടെ പ്രകടനത്തോടൊപ്പം തന്നെ അദ്ദേഹത്തിന്റെ കരിയറിലെ നിർണായക തീരുമനത്തെയും നിറ മനസോടെയാണ് പ്രേക്ഷകർ സ്വീകരിച്ചിരിക്കുന്നത്. അതേസമയം മമ്മൂട്ടിക്ക് പകരം സിനിമയിൽ ആദ്യം നായകനാകേണ്ടിയിരുന്നത് മറ്റൊരു പ്രമുഖ നടനായിരുന്നു. തിരക്കഥാകൃത്തുക്കളിൽ ഒരാളായ ആദർശ് സുകുമാരൻ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കഥയും തിരക്കഥയും എഴുതുമ്പോൾ ഒരു നടനെയും മനസിൽ കണ്ടിട്ടില്ലെന്നും തങ്ങളുടെ സിനിമയിൽ മമ്മൂക്ക നായകനാകുമെന്ന് സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോവിഡ് കാലത്ത് ആലോചിച്ചെടുത്ത കുറച്ചു കഥകളിൽ ഏറ്റവും മികച്ചതെന്നു ഞങ്ങൾക്കു തോന്നിയ കഥയാണ് കാതലിന്റേതെന്ന് ആദർശ് പറയുന്നു. ഒരു ചെറിയ പടം എന്ന നിലയിലാണ് ഞങ്ങൾ ഇൗ സിനിമയെ കണ്ടത്. മലയാളത്തിലെ മറ്റൊരു നടനെയാണ് ഇതിലെ നായകനായ മാത്യു ദേവസിയായി മനസിൽ കണ്ടത്. അദ്ദേഹത്തെ കാണുകയും കഥ പറയുകയും അദ്ദേഹത്തിന് വളരയധികം ഇഷ്ടപ്പെടുകയും ചെയ്തതാണ്. പക്ഷേ പിന്നീട് ചില കാരണങ്ങളാൽ അതു നടന്നില്ലയെന്നും ആദർശ് വ്യക്തമാക്കി.
നേരത്തെ നെയ്മർ, ആർഡിഎക്സ് തുടങ്ങിയ ചിത്രങ്ങളുടെയും തിരക്കഥയെഴുതിയത് ആദർശായിരുന്നു. കതലിന്റെ കഥയുമായി പത്തു പന്ത്രണ്ട് സംവിധായകരുടെ അടുത്ത് പോയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. എല്ലാവരും സിനിമയുടെ കണ്ടന്റ് നല്ലതാണെന്ന അഭിപ്രായക്കാരായിരുന്നു. പക്ഷേ പലരും ഇത് ഇപ്പോൾ ചെയ്യണോ എന്ന് സംശയം പറഞ്ഞു. ജിയോ ബേബി എന്ന സംവിധായകനെ കണ്ടതോടെയാണ് ഞങ്ങളുടെയും സിനിമയുടെയും തലവര മാറിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.