Connect with us

Screenima

latest news

അന്ന് സ്വവർഗ പ്രണയ സിനിമ ചെയ്തുവെന്ന് പറഞ്ഞ് കല്ലെറിഞ്ഞു, കുട്ടികളെ തുണ്ടുപട സംവിധായകന്റെ മക്കളെന്ന് വിളിച്ചു! 

ജിയോ ബേബി സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം കാതൽ വലിയ പ്രേക്ഷക പ്രതികരണം നേടി തിയറ്ററുകളിൽ മുന്നേറുകയാണ്. മമ്മൂട്ടിയുടെ പ്രകടനത്തോടൊപ്പം ചിത്രം സംസാരിക്കുന്ന വിഷയവും സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നു. ഇതിനിടയിൽ സംവിധായകൻ എം.ബി പദ്മകുമാർ പങ്കുവെച്ച വീഡിയോയും വൈറലാകുന്നു. തന്റെ ചിത്രമായ മൈ ലൈഫ് പാര്‍ട്ണറിന് ലഭിക്കാതെ പോയ തീയേറ്ററുകളെക്കുറിച്ചാണ് പദ്മകുമാര്‍ സംസാരിക്കുന്നത്. 2014ല്‍ പുറത്തിറങ്ങിയ മൈ ലൈഫ് പാര്‍ട്ണര്‍ നിരവധി സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ നേടിയിരുന്നു. 

കാതല്‍ സിനിമയില്‍ ഒരു സീനുണ്ട്. മമ്മൂട്ടിയെ കഥാപാത്രം കണ്ണാടിയില്‍ നോക്കി മുഖം കഴുകുന്ന സീന്‍. ഒന്നല്ല, രണ്ടല്ല പല തവണ അദ്ദേഹം ടാപ്പില്‍ നിന്നും വെള്ളമെടുത്ത് മുഖം കഴുകുന്നുണ്ട്. എത്ര മനോഹരമായാണ് അദ്ദേഹം ആ രംഗം അഭിനയിച്ചിരിക്കുന്നത്. എത്ര ആഴത്തിലാണ് അദ്ദേഹം കഥപാത്രത്തെ മനസിലാക്കിയതും പഠിച്ചതെന്നും ആ സീനില്‍ നിന്നും മനസിലാക്കാം. ജിയോ ബേബിയ്ക്ക് കിട്ടിയ ഭാഗ്യം എല്ലാ ചലച്ചിത്രകാരന്മാര്‍ക്കും കിട്ടാത്തതിനാല്‍ പലരും മുഖ്യധാരയിലേക്ക് വരാനാകാതെ കഷ്ടപ്പെടുന്നുണ്ട്.

സ്വവര്‍ഗ്ഗ പ്രണയത്തിന്റെ കഥ അവതരിപ്പിച്ച സിനിമ ഇത്ര മാത്രം സ്വീകരിക്കപ്പെട്ടപ്പോള്‍ ഓര്‍മ്മ വരുന്നത് മറ്റൊന്നാണ്. 2014 ല്‍ മൈ ലൈഫ് പാര്‍ട്ണര്‍ എന്നൊരു സിനിമയിറങ്ങിയിരുന്നു. അതും സ്വവര്‍ഗ്ഗ പ്രണയം പറഞ്ഞ സിനിമായിരുന്നു. അതും സമൂഹത്തിന് നേരെ തിരിച്ചു പിടിച്ച കണ്ണാടിയായിരുന്നു. അതിലെ കഥയും കഥാപാത്രങ്ങളും ഇന്നും ജീവിച്ചിരിക്കുന്നുണ്ട്. റിസര്‍ച്ചിലൂടെ ഞാന്‍ കണ്ടതും കേട്ടതുമൊക്കെ വച്ച് എഴുതി സിനിമയായിരുന്നു അത്.

പക്ഷെ ആ വര്‍ഷം ഞാന്‍ കടുത്ത മാനസിക സമ്മര്‍ദ്ദമാണ് അനുഭവിച്ചത്. സ്വവര്‍ഗ്ഗ പ്രണയ സിനിമ ചെയ്തുവെന്ന് പറഞ്ഞ് സമൂഹം എനിക്കു നേരെ കല്ലെറിഞ്ഞിരുന്നു. സ്‌കൂളില്‍ പോകുന്ന എന്റെ കുട്ടികളോട് തുണ്ട് സിനിമയുടെ സംവിധായകന്റെ മക്കളാണെന്ന് പോലും പറഞ്ഞിട്ടുണ്ട്. എന്നെ വല്ലാതെ വേദനിപ്പിച്ചിരുന്നു. എന്റെ മനസിനേയും ശരീരത്തേയും കുത്തി നോവിപ്പിച്ചിരുന്നു.

ആ സിനിമ കണ്ടിട്ട് ഇതൊന്നു കാണൂവെന്ന് പറയിപ്പിക്കാനായി പല താരങ്ങളേയും സമീപിച്ചിരുന്നു. അടുത്തു പോലും എത്താനായില്ല. പലരും മുഖം തിരിച്ചുകളഞ്ഞു. സിനിമ റിലീസായ ദിവസം ഞാന്‍ തീയേറ്ററില്‍ പോയിരുന്നു. വാതില്‍ തുറന്ന് ആരെങ്കിലും എന്റെ സിനിമ കാണാന്‍ വരണേ എന്നായിരുന്നു മനസ് പറഞ്ഞത്. പക്ഷെ അധികം പേരൊന്നും ആ സിനിമയ്ക്ക് വന്നില്ല. 40 തീയേറ്ററുകള്‍ ലഭിച്ച സിനിമ പിറ്റേന്ന് പലയിടത്തു നിന്നും മാറ്റി.

ഇതില്‍ ഏതെങ്കിലും അറിയപ്പെടുന്ന താരത്തിന്റെ സാന്നിധ്യമുണ്ടെങ്കില്‍ തീയേറ്റര്‍ തരാമെന്നാണ് ഉടമകള്‍ പറഞ്ഞത്. മനസിനെ വല്ലാതെ വേദനിപ്പിച്ചു. പക്ഷെ ആ വര്‍ഷം മികച്ച നടനടക്കം നാല് സ്റ്റേറ്റ് അവാര്‍ഡുകള്‍ വാങ്ങി. പിന്നീട് പല ചാനലുകളില്‍ പ്രദര്‍ശിപ്പിച്ചു. അതിന്റെ നിര്‍മ്മാതാവും ഒരുപാട് സഹിച്ചു. അതിന്റെ റൈറ്റ്‌സ് അദ്ദേഹം കൊടുത്തവര്‍ കഷണം കഷണം ആയിട്ടാണ് യൂട്യൂബിലും മറ്റുമിട്ടത്. അങ്ങനെ പോലും കൃത്യമായി പ്രേക്ഷകരിലേക്ക് എത്തിയില്ല.

പിന്നീടാണ് സുദേവിനേയും അമീറിനേയുമൊക്കെ വച്ച് സിനിമ ചെയ്യാമെന്ന് തീരുമാനിക്കുന്നത്. എല്ലാവരും നന്നായി അഭിനയിച്ചു. കൊച്ചു പ്രേമന്‍ ചേട്ടനെ രൂപാന്തരം വരുത്തിയും അഭിനയിപ്പിച്ചു. വലിയ താരങ്ങള്‍ സ്‌പേസ് തന്നില്ലെങ്കില്‍ പുതിയ താരങ്ങളെ സൃഷ്ടിക്കേണ്ടി വരും. എന്തിരുന്നാലും ഇനിയും ഇതുപോലുള്ള സിനിമകള്‍ വരട്ടെ. മമ്മൂട്ടി സാറിനെ ഒരിക്കല്‍ കൂടി അഭിനന്ദിക്കുന്നു. പറ്റുമെങ്കില്‍ മൈ ലൈഫ് പാര്‍ട്ട്ണര്‍ എന്ന സിനിമ കൂടി കാണണം.

Continue Reading
To Top