Gossips
ഹോമോ സെക്ഷ്വല്‍ ഉള്ളടക്കം ! മമ്മൂട്ടിയുടെ കാതലിന് വിലക്ക്
മമ്മൂട്ടിയെ നായകനാക്കി ജിയോ ബേബി സംവിധാനം ചെയ്ത ‘കാതല്‍ ദി കോര്‍’ നവംബര്‍ 23 വ്യാഴാഴ്ച തിയറ്ററുകളിലെത്തുകയാണ്. തമിഴ് സൂപ്പര്‍താരം ജ്യോതികയാണ് കാതലില്‍ മമ്മൂട്ടിയുടെ നായിക. വളരെ സങ്കീര്‍ണമായ കഥയാണ് ചിത്രത്തിന്റേതെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഖത്തര്‍, കുവൈറ്റ് എന്നീ രാജ്യങ്ങളില്‍ കാതല്‍ റിലീസ് വിലക്കി എന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഈ രണ്ട് രാജ്യങ്ങളിലും ചിത്രത്തിനു സെന്‍സറിങ് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ല. ചിത്രത്തിന്റെ ഉള്ളടക്കം രാജ്യത്തെ സദാചാരമൂല്യങ്ങളോട് പൊരുത്തപ്പെടാത്ത സാഹചര്യത്തിലാണ് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാതിരുന്നത്. ഹോമോ സെക്ഷ്വല്‍ ഉള്ളടക്കമാണ് ചിത്രത്തിലുള്ളതെന്നും അതുകൊണ്ടാണ് ഈ രാജ്യങ്ങളില്‍ നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ആദര്‍ശ് സുകുമാരന്‍, പോള്‍സണ്‍ സ്‌കറിയ എന്നിവരാണ് ചിത്രത്തിന്റെ തിരക്കഥാകൃത്തുക്കള്‍. മമ്മൂട്ടി കമ്പനി നിര്‍മിച്ചിരിക്കുന്ന ചിത്രം ദുല്‍ഖര്‍ സല്‍മാന്റെ വേഫറര്‍ ഫിലിംസാണ് തിയറ്ററുകളിലെത്തിക്കുക. ഒരു സ്വവര്‍ഗാനുരാഗിയോട് സമൂഹം പുലര്‍ത്തുന്ന മനോഭാവം ചിത്രത്തില്‍ പ്രതിപാദിച്ചിട്ടുണ്ടെന്നും മമ്മൂട്ടിയാണ് സ്വവര്‍ഗാനുരാഗിയുടെ കഥാപാത്രം അവതരിപ്പിച്ചിരിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. സിനിമ ഗ്രൂപ്പുകളില്‍ അടക്കം ഇത് വലിയ ചര്‍ച്ചയായിട്ടുണ്ട്. സങ്കീര്‍ണമായ കഥാപരിസരമാണ് ചിത്രത്തിന്റേതെന്നും ഈ റിപ്പോര്‍ട്ടില്‍ പറയുന്നു. സിനിമയുടെ പ്രചാരണവുമായി ബന്ധപ്പെട്ട അഭിമുഖത്തില്‍ ഇതേ കുറിച്ച് മമ്മൂട്ടിയോട് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചിരുന്നു. വിപ്ലവകരമായ വിഷയമാണ് സിനിമ സംസാരിക്കുന്നതെന്നും പ്രധാന കഥാപാത്രങ്ങള്‍ക്ക് ചില പ്രത്യേകതകള്‍ ഉണ്ടെന്നും പറഞ്ഞ മമ്മൂട്ടി നിങ്ങള്‍ സിനിമയെ കുറിച്ച് അറിഞ്ഞ പല കാര്യങ്ങളും യാഥാര്‍ഥ്യമാണെന്നും അതൊന്നും നിഷേധിക്കുന്നില്ലെന്നും കൂട്ടിച്ചേര്‍ത്തു.
ഇന്ത്യന്‍ പനോരമയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഏഴ് മലയാള സിനിമകളില്‍ ഒരെണ്ണം കാതലാണ്. ചിത്രത്തിന്റെ പ്രമേയം തന്നെയാണ് ശ്രദ്ധിക്കപ്പെടാന്‍ പോകുന്നതെന്ന് പനോരമയിലെ ജൂറി അംഗമായ കെ.പി.വ്യാസന്‍ പറയുന്നു. കാതലിലെ കഥാപാത്രം ചെയ്യാന്‍ മമ്മൂട്ടി കാണിച്ച ധൈര്യം അപാരമാണെന്നും ഈ സിനിമയും മമ്മൂട്ടി എന്ന നടന്റെ പ്രകടനവും പ്രേക്ഷകരെ അമ്പരിപ്പിക്കുമെന്നും വ്യാസന്‍ പറഞ്ഞു. ഗോവ ഫിലിം ഫെസ്റ്റിവലിലെ സര്‍പ്രൈസ് ആയിരിക്കും കാതല്‍ എന്ന ചിത്രമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.