Reviews
പാളിയത് ഉദയകൃഷ്ണയുടെ തിരക്കഥ; ബാന്ദ്ര എങ്ങനെയുണ്ട്?
ദിലീപിനെ നായകനാക്കി അരുണ്‍ ഗോപി സംവിധാനം ചെയ്ത ‘ബാന്ദ്ര’ തിയറ്ററുകളില്‍. ആദ്യ ഷോ കഴിയുമ്പോള്‍ ചിത്രത്തിനു മോശം പ്രതികരണമാണ് ലഭിക്കുന്നത്. ഒരു നല്ല സിനിമയ്ക്ക് തിരക്കഥ എത്രത്തോളം പ്രധാനപ്പെട്ടതാണെന്ന് ഈ സിനിമയില്‍ പറയുന്നുണ്ട്. ‘ബാന്ദ്ര’ക്ക് തിരിച്ചടിയായതും കാമ്പില്ലാത്ത ഉദയകൃഷ്ണയുടെ തിരക്കഥ തന്നെ. സിനിമയ്ക്കുള്ളിലെ സിനിമയാണ് ബാന്ദ്രയിലെ കഥ.
കണ്ണൂരിലെ ഹാര്‍ബര്‍ നടത്തിപ്പുക്കാരനായ അലന് അലക്സാണ്ടര്‍ ഡൊമിനിക് മുംബൈയില്‍ എത്തുന്നതും തുടര്‍ന്നുള്ള സംഭവവികാസങ്ങളുമാണ് സിനിമ കൈകാര്യം ചെയ്യുന്നത്. ആല എന്നറിയപ്പെടുന്ന അലക്സാണ്ടര്‍ ഡൊമിനിക്കായി ദിലീപ് വേഷമിടുന്നു. താര ജാനകി എന്ന ചലച്ചിത്ര നടിയായി തമന്ന വേഷമിടുന്നു. താര ജാനകിയുടെ ജീവിതത്തില്‍ ആല നടത്തുന്ന ഇടപെടലാണ് സിനിമ പ്രധാനമായും പറഞ്ഞുവയ്ക്കുന്നത്.
ക്ലീഷേകളുടെ കുത്തൊഴുക്കാണ് ചിത്രത്തെ മടുപ്പിക്കുന്നത്. ഉദയകൃഷ്ണയുടെ പല സിനിമകളിലും കണ്ടുമടുത്ത കാഴ്ചകള്‍ ബാന്ദ്രയിലും ഉണ്ട്. ഇവയൊന്നും പ്രേക്ഷകരുമായി കണക്ട് ചെയ്യുന്നില്ല. ആദ്യ ഭാഗങ്ങളില്‍ കേരളത്തിലാണ് കഥ നടക്കുന്നത്. തുടക്കത്തില്‍ ചില നര്മങ്ങള് പ്രേക്ഷകരെ രസിപ്പിക്കുന്നുണ്ട്. ദിലീപും ഈ ഭാഗങ്ങളില്‍ തരക്കേടില്ലാത്ത പ്രകടനം കാഴ്ചവെച്ചു. പിന്നീട് അധോലോക കഥ പറച്ചില് സിനിമയെ പൂര്‍ണമായി പിന്നോട്ടടിപ്പിക്കുന്നു. തമന്നയുടെ കഥാപാത്രം മികവ് പുലര്‍ത്തി. ചില സംഘട്ടന രംഗങ്ങള്‍ മികച്ചു നിന്നു. എന്നാല്‍ കഥയ്ക്ക് കൃത്യമായ അടിത്തറയില്ലാത്തത് പ്രേക്ഷകരെ മുഷിപ്പിക്കുന്നു. രണ്ടാം ഭാഗത്തിനുള്ള സാധ്യത തുറന്നിട്ടാണ് ബാന്ദ്ര അവസാനിക്കുന്നത്.