latest news
പിതാവിന്റെ പരാജയത്തിനു മക്കളിലൂടെ മറുപടി നല്‍കി മമ്മൂട്ടി; കണ്ണൂര്‍ സ്‌ക്വാഡിന് പിന്നില്‍ ഇങ്ങനെയൊരു കഥയുണ്ട് !
മമ്മൂട്ടി ചിത്രം ‘കണ്ണൂര്‍ സ്‌ക്വാഡ്’ തിയറ്ററുകളില്‍ വലിയ ആരവം തീര്‍ത്തുകൊണ്ടിരിക്കുകയാണ്. ആദ്യ ഷോയ്ക്ക് പല സ്‌ക്രീനുകളിലും തിയറ്ററുകള്‍ പകുതി മാത്രമേ നിറഞ്ഞിരുന്നുള്ളൂ. എന്നാല്‍ ആദ്യ ഷോ കഴിഞ്ഞതോടെ പ്രേക്ഷകരുടെ തിരക്ക് കാരണം സ്‌ക്രീനുകളുടെ എണ്ണം വര്‍ധിപ്പിക്കേണ്ടി വന്നു. മിക്കയിടത്തും രാത്രി 12 ന് സ്‌പെഷ്യല്‍ ഷോയും നടന്നു. ചിത്രം 50 കോടി ക്ലബില്‍ കയറുമെന്ന് ഇപ്പോള്‍ തന്നെ ഉറപ്പായി.
മമ്മൂട്ടിക്ക് ഒരു കടംവീട്ടല്‍ കൂടിയാണ് ഈ സിനിമ. 1989 ല്‍ പുറത്തിറങ്ങിയ മമ്മൂട്ടിയുടെ മഹായാനം എന്ന ചിത്രം നിര്‍മിച്ച സി.ടി.രാജന്റെ മക്കളാണ് ഇപ്പോള്‍ കണ്ണൂര്‍ സ്‌ക്വാഡ് എന്ന സിനിമയ്ക്ക് പിന്നില്‍. സി.ടി.രാജന്റെ മൂത്ത മകന്‍ റോബി വര്‍ഗീസ് രാജാണ് കണ്ണൂര്‍ സ്‌ക്വാഡിന്റെ സംവിധായകന്‍. റോബിയുടെ ഇളയ സഹോദരനാണ് കണ്ണൂര്‍ സ്‌ക്വാഡിന്റെ തിരക്കഥാകൃത്തും ചിത്രത്തില്‍ പ്രധാന വേഷം അവതരിപ്പിക്കുകയും ചെയ്ത റോണി ഡേവിഡ് രാജ്.
മമ്മൂട്ടി വളരെ ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ച മഹായാനം ഏറെ പ്രേക്ഷക പ്രശംസ നേടിയിരുന്നെങ്കിലും സാമ്പത്തികമായി പരാജയമായിരുന്നു. മഹായാനത്തിന്റെ പരാജയത്തോടെ സി.ടി.രാജന്‍ സിനിമ രംഗത്തുനിന്ന് മാറിനിന്നു. ഇപ്പോള്‍ രാജനോടുള്ള കടം കണ്ണൂര്‍ സ്‌ക്വാഡിലൂടെ വീട്ടിയിരിക്കുകയാണ് മമ്മൂട്ടി. കണ്ണൂര്‍ സ്‌ക്വാഡിന്റെ നിര്‍മാണം മമ്മൂട്ടി കമ്പനിയാണ്. കഥ കേട്ട ശേഷം താന്‍ തന്നെ നിര്‍മിക്കാമെന്ന് മമ്മൂട്ടി അങ്ങോട്ട് പറയുകയായിരുന്നു.
സംവിധായകന്‍ റോബി വര്‍ഗീസ് രാജിന്റെ ഭാര്യ ഡോ.അഞ്ജു മേരി ഇതേ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിച്ച് വൈറലാകുകയാണ്. മക്കളായ റോബിക്കും റോണിക്കും ഒപ്പം സി.ടി.രാജന്‍ നില്‍ക്കുന്ന ചിത്രവും അഞ്ജു മേരി പങ്കുവെച്ചിട്ടുണ്ട്.
‘ ഈ ചിത്രം പോസ്റ്റ് ചെയ്യാന്‍ സാധിച്ചതില്‍ വലിയ സന്തോഷം. ഒത്തിരി സ്‌നേഹവും സമ്മിശ്ര വികാരങ്ങളും. 1989 ല്‍ മമ്മൂട്ടി നായകനായ ‘മഹായാനം’ എന്ന ചിത്രം നിര്‍മിച്ചത് പപ്പയാണ്. സിനിമ നിരൂപക പ്രശംസ നേടിയെങ്കിലും, അത് അദ്ദേഹത്തിനു വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കി. ഒടുവില്‍ നിര്‍മാണം തന്നെ ഉപേക്ഷിക്കേണ്ടി വന്നു. എന്നാല്‍ അദ്ദേഹത്തിന്റെ സിനിമകളോടുള്ള ഇഷ്ടം അടുത്ത തലമുറ നന്നായി മുന്നോട്ടു കൊണ്ടുപോയി. 34 വര്‍ഷങ്ങള്‍ക്ക് ശേഷം അദ്ദേഹത്തിന്റെ മൂത്ത മകന്‍ റോണി തിരക്കഥയെഴുതി, ഇളയവന്‍ റോബി സംവിധാനം ചെയ്തത് അതേ മെഗാസ്റ്റാര്‍ മമ്മൂട്ടിയെ വെച്ച് ! ജീവിതവൃത്തം പൂര്‍ത്തിയാകുന്നു,’ അഞ്ജു കുറിച്ചു.