latest news
ഭാര്യാഭര്‍ത്താക്കന്‍മാര്‍ മരണം വരെ ഒന്നിച്ചു കിടന്നു നരകിക്കണോ? കെ.ജി.ജോര്‍ജ്-സെല്‍മ വിഷയത്തില്‍ പ്രതികരണവുമായി ശാരദക്കുട്ടി
മലയാള സിനിമയ്ക്ക് വേറിട്ട വഴി തുറന്നു തന്ന സംവിധായകനാണ് കെ.ജി.ജോര്‍ജ്. സ്ത്രീ കഥാപാത്രങ്ങള്‍ക്ക് ഏറെ പ്രാധാന്യം നല്‍കുന്ന സിനിമകള്‍ ജോര്‍ജ് ചെയ്തിട്ടുണ്ട്. വിഖ്യാത സംവിധായകന്റെ നിര്യാണം മലയാള സിനിമയ്ക്ക് തീരാ നഷ്ടമാണ്. അതേസമയം ജോര്‍ജ്ജിന്റെ മരണവുമായി ബന്ധപ്പെട്ട് ചില വിവാദ ചര്‍ച്ചകളും സോഷ്യല്‍ മീഡിയയില്‍ നടക്കുന്നുണ്ട്. സ്വത്തും പണവുമെല്ലാം തട്ടിയെടുത്ത ശേഷം ജോര്‍ജിനെ കുടുംബം വയോജന കേന്ദ്രത്തില്‍ ആക്കിയെന്നാണ് ചില യുട്യൂബ് ചാനലുകള്‍ അടക്കം ആരോപിച്ചിരുന്നത്. ഇതിനു മറുപടിയുമായി ജോര്‍ജ്ജിന്റെ ഭാര്യ സെല്‍മ ജോര്‍ജ് രംഗത്തെത്തിയിരുന്നു. സെല്‍മയ്ക്കെതിരായ പ്രചാരണങ്ങള്‍ക്ക് മറുപടി നല്‍കുകയാണ് സാഹിത്യകാരി എസ്.ശാരദക്കുട്ടി. ജോര്‍ജ്ജിന്റെ സിനിമയുടെ രാഷ്ട്രീയം മനസിലാകാത്തവരാണ് സെല്‍മയെ ക്രൂശിക്കുന്നതെന്ന് ശാരദക്കുട്ടി പറഞ്ഞു.
ശാരദക്കുട്ടിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്
ഭാര്യാഭര്‍തൃ ബന്ധത്തില്‍ എവിടെ പ്രശ്നമുണ്ടെന്നു നോക്കി അവിടെ എടം കേടുണ്ടാക്കാന്‍ നടക്കുന്നവരാണല്ലോ ചുറ്റിനും. അവര്‍ക്കു മുന്നില്‍ മാതൃകാ ഭാര്യ ചമയാനോ മാതൃകാ ഭര്‍ത്താവ് ചമയാനോ മെനക്കെടാത്തവരോട് ബഹുമാനമേയുള്ളു.
യൗവ്വനകാലം സിനിമക്കു വേണ്ടി ചെലവഴിച്ച ഒരാള്‍ക്ക് വാര്‍ധക്യം നല്ല പരിചരണം ഉറപ്പാക്കുന്ന ഒരു സ്ഥാപനത്തിലാകണമെന്ന് തീരുമാനിക്കാനും മരണാനന്തരം ശരീരം കത്തിച്ചുകളയണമെന്നും തോന്നിയാല്‍ അതില്‍ സമൂഹത്തിനെന്തു കാര്യം? സമൂഹത്തിന് ചര്‍ച്ച ചെയ്യാന്‍ അദ്ദേഹം നല്ല ഒന്നാം ക്ലാസ് സിനിമകള്‍ ഉണ്ടാക്കി വെച്ചിട്ടാണ് പോയിരിക്കുന്നത്. അവിടെ നില്‍ക്കാനുള്ള അന്തസ്സുണ്ടാകണം.
യൗവന കാലം കുടുംബത്തിനു വേണ്ടി മാത്രം ജീവിച്ച ഒരു സ്ത്രീ തന്റെ അനാരോഗ്യകാലം എവിടെ കഴിയണമെന്ന് തീരുമാനിച്ചാല്‍ അതില്‍ സമൂഹത്തിനെന്തു കാര്യം? നിങ്ങള്‍ ആഗ്രഹിക്കുന്ന തരത്തില്‍ മാതൃകാ കുടുംബിനി ആകാന്‍ അവര്‍ക്കു സൗകര്യമില്ലെങ്കില്‍ നിങ്ങള്‍ക്കെന്താ കുഴപ്പം? ഭര്‍ത്താവിന്റെ മികച്ച സിനിമകളിലെ കരുത്തരായ സ്ത്രീകളെ പരിചയപ്പെട്ട ഒരു ഭാര്യയെടുത്ത സ്വാതന്ത്ര്യമായി ആ തീരുമാനത്തെ കാണാന്‍ കഴിയണം. സിനിമകളിലെ സ്ത്രീകളെ വാഴ്ത്തുന്നത്ര എളുപ്പമല്ല ജീവിതത്തില്‍ തീരുമാനങ്ങളെടുക്കുന്ന സ്ത്രീയെ വാഴ്ത്തുവാന്‍ . സ്വതന്ത്ര വ്യക്തിയായ അവരെ മാതൃകാഭാര്യയാക്കാനും മികച്ച ഒരു കലാകാരനെ മാതൃകാ ഭര്‍ത്താവാക്കാനും നിങ്ങള്‍ക്കെന്തവകാശം? പുതിയ മാതൃകകള്‍ ഉണ്ടാകട്ടെ . അതിനെ വരവേല്‍ക്കാനുള്ള മനസ്സുണ്ടാകട്ടെ .
അവര്‍ സ്വതന്ത്ര വ്യക്തിത്വമുള്ള മനുഷ്യരാണ്. എങ്ങനെ ജീവിക്കണം, എന്തൊക്കെ പറയണം, എങ്ങനെ മരിക്കണം, എവിടെക്കിടന്നു മരിക്കണം എന്നവര്‍ തീരുമാനിക്കട്ടെ. ഭാര്യാഭര്‍ത്താക്കന്മാര്‍ മരണം വരെ ഒരുമിച്ചു കിടന്നു നരകിക്കണമെന്ന് ശഠിക്കുന്ന സമൂഹത്തിന് ഭ്രാന്താണ് .
കിട്ടിയ അവസരമൊന്നും തന്റെ അഭിപ്രായം പറയാന്‍ മടിച്ചിട്ടില്ലാത്ത ആളാണ് സെല്‍മാ ജോര്‍ജ്ജ്. അതിനവരെ ക്രൂശിക്കുന്നവര്‍ കെ.ജി.ജോര്‍ജ്ജിന്റെ സിനിമയുടെ രാഷ്ട്രീയം മനസ്സിലാക്കാത്തവരാണ്. അദ്ദേഹത്തിന്റെ ശാന്തമായ മരണത്തില്‍ താന്‍ ആശ്വസിക്കുന്നു എന്നു പറയുന്ന സെല്‍മാ ജോര്‍ജ്ജ്, മറ്റൊരു കെ.ജി. ജോര്‍ജ്ജ് കഥാപാത്രം എന്നു സങ്കല്‍പിച്ചു നോക്കിയാല്‍ മനോവൈകൃതങ്ങളേ, ചിലപ്പോള്‍ നിങ്ങള്‍ക്കൊരു സമാധാനം കിട്ടും.