Gossips
മമ്മൂട്ടി, പൃഥ്വിരാജ്, കുഞ്ചാക്കോ ബോബന്‍…! ആരാകും മികച്ച നടന്‍
ഈ മാസം അവസാനത്തോടെ 2022 ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിക്കും. സംസ്ഥാന ചലച്ചിത്ര അവാര്‍ഡിനായി സമര്‍പ്പിക്കപ്പെട്ട 154 സിനിമകളില്‍ നിന്ന് 42 സിനിമകള്‍ രണ്ടാം റൗണ്ടിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഇതില്‍ നിന്ന് പത്ത് സിനിമകളാകും ഫൈനല്‍ റൗണ്ടിലേക്ക് എത്തുക.
മൂന്ന് മമ്മൂട്ടി ചിത്രങ്ങളാണ് മികച്ച സിനിമയ്ക്കുള്ള കാറ്റഗറിയില്‍ രണ്ടാം റൗണ്ടിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. പുഴു, റോഷാക്ക്, നന്‍പകല്‍ നേരത്ത് മയക്കം എന്നിവയാണ് ആ മൂന്ന് സിനിമകള്‍.
മികച്ച നടനുവേണ്ടിയുള്ള പോരാട്ടത്തില്‍ മമ്മൂട്ടി തന്നെയാണ് മുന്നിട്ടു നില്‍ക്കുന്നത്. രണ്ടാം റൗണ്ടിലേക്കുള്ള ചുരുക്ക പട്ടികയില്‍ ഉള്‍പ്പെട്ട മൂന്ന് സിനിമകള്‍ക്ക് പുറമേ ഭീഷ്മ പര്‍വ്വത്തിലെ പ്രകടനം കൂടി മികച്ച നടനുള്ള കാറ്റഗറിയില്‍ മമ്മൂട്ടിയുടേതായി പരിഗണിക്കും. മമ്മൂട്ടിക്ക് വെല്ലുവിളി ഉയര്‍ത്തി കുഞ്ചാക്കോ ബോബനും മികച്ച നടനാകാന്‍ മത്സരരംഗത്തുണ്ട്. കുഞ്ചാക്കോ ബോബന്റെ മൂന്ന് സിനിമകളാണ് രണ്ടാം റൗണ്ടിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ന്നാ താന്‍ കേസ് കൊട്, പട, അറിയിപ്പ് എന്നിവയാണ് ചാക്കോച്ചന്റെ ചിത്രങ്ങള്‍. ഈ മൂന്ന് സിനിമകളിലേയും കുഞ്ചാക്കോ ബോബന്റെ പ്രകടനം മികച്ചതായിരുന്നു. തീര്‍പ്പ്, ജന ഗണ മന എന്നീ ചിത്രങ്ങളിലെ പ്രകടനത്തിന് പൃഥ്വിരാജിനെയും മികച്ച നടനായുള്ള അവാര്‍ഡിന് പരിഗണിക്കും.
ബംഗാളി സംവിധായകനും നടനുമായ ഗൗതം ഘോഷ് ചെയര്‍മാനായ അന്തിമ ജൂറിയില്‍ ഉപസമിതികളിലെ ചെയര്‍മാന്‍മാര്‍ക്കു പുറമേ ഛായാഗ്രാഹകന്‍ ഹരിനായര്‍, സൗണ്ട് ഡിസൈനര്‍ ഡി.യുവരാജ്, നടി ഗൗതമി, പിന്നണിഗായിക ജെന്‍സി ഗ്രിഗറി എന്നിവര്‍ അംഗങ്ങളുമാണ്.