latest news
മരണ വാര്‍ത്തയോട് പ്രതികരിച്ച് നടന്‍ ടി.എസ്.രാജു; വാക്കുകള്‍ ഇങ്ങനെ
താന്‍ മരിച്ചെന്ന വ്യാജ വാര്‍ത്തകളോട് പ്രതികരിച്ച് പ്രമുഖ സിനിമ, സീരിയല്‍ നടന്‍ ടി.എസ്.രാജു. തനിക്ക് യാതൊരു ആരോഗ്യപ്രശ്‌നങ്ങളും ഇല്ലെന്നും വീട്ടില്‍ സുഖമായിരിക്കുന്നെന്നും രാജു പറഞ്ഞു. സുഹൃത്തിന്റെ മകള്‍ വിളിച്ചപ്പോഴാണ് തന്റെ മരണവാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് അറിഞ്ഞതെന്നും ഒരു നിമിഷത്തേക്ക് ഞാന്‍ ശരിക്ക് മരിച്ചോ എന്ന് സംശയം പോലും തോന്നിയെന്നും രാജു പറഞ്ഞു.
‘ എല്ലാവരും വിളിയോട് വിളിയായിരുന്നു. എനിക്ക് യാതൊരു ആരോഗ്യ പ്രശ്‌നവുമില്ല. ഞാന്‍ ഷൂട്ടിങ്ങിന് തിരുവനന്തപുരം പോകാനിരുന്നതാ, മഴ കാരണം മാറ്റിവെച്ചു. എല്ലാവരും അനുശോചനം അറിയിച്ചതില്‍ സന്തോഷമേ ഉള്ളൂ. പരാതിയൊന്നും ഇല്ല. എനിക്ക് ഒരു കുഴപ്പവുമില്ല. ഞാന്‍ ഉടനെ ചാകുമെന്ന് ആരും പ്രതീക്ഷിക്കുകയും വേണ്ട. എങ്ങനെ പോയാലും പത്ത് നാല്‍പത് കൊല്ലം കൂടി ഞാന്‍ ജീവിക്കും. ഞാന്‍ ഇിയും അഭിനയിക്കും. വയസ് എണ്‍പതിന് അടുത്തായി. പക്ഷേ എനിക്ക് ഒരു ആരോഗ്യപ്രശ്‌നവും ഇല്ല. ഷുഗറില്ല പ്രഷറില്ല ഒന്നുമില്ല. ജലദോഷം പോലും വന്നിട്ട് വര്‍ഷങ്ങളായി. അത്രയും ആരോഗ്യവാനാണ്,’ രാജു പറഞ്ഞു.
മലയാളത്തിലെ സിനിമ, സീരിയലുകളില്‍ വില്ലന്‍ വേഷങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നടനാണ് ടി.എസ്.രാജു. ജോക്കര്‍ എന്ന സിനിമയിലെ സര്‍ക്കസ് നടത്തിപ്പുക്കാരന്‍ ഗോവിന്ദന്‍ സാബ് എന്ന വേഷത്തിലൂടെയാണ് അദ്ദേഹം ഏറെ ശ്രദ്ധിക്കപ്പെട്ടത്.