Gossips
സ്പൂഫാണ് ഉദ്ദേശിച്ചത്, രണ്ടാം പകുതിയില്‍ ആവശ്യമില്ലാത്ത സ്ഥലത്തേക്ക് പോയി; ആറാട്ടിന്റെ പരാജയത്തെ കുറിച്ച് ബി.ഉണ്ണികൃഷ്ണന്‍
ഏറെ പ്രതീക്ഷകളോടെ തിയറ്ററുകളിലെത്തിയ ചിത്രമായിരുന്നു ആറാട്ട്. ഉദയകൃഷ്ണയുടെ തിരക്കഥയില്‍ ബി.ഉണ്ണികൃഷ്ണനാണ് ചിത്രം സംവിധാനം ചെയ്തത്. മോഹന്‍ലാലാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. തിയറ്ററുകളില്‍ തകര്‍ന്നടിഞ്ഞ ആറാട്ട് വലിയ രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശിക്കപ്പെട്ടിരുന്നു. ആറാട്ടില്‍ തങ്ങള്‍ എവിടെയാണ് പിഴച്ചതെന്ന് വെളിപ്പെടുത്തുകയാണ് സംവിധായകന്‍ ഉണ്ണികൃഷ്ണന്‍. ഒരു സ്പൂഫാണ് ഉദ്ദേശിച്ചതെന്നും രണ്ടാം പകുതിയില്‍ സിനിമ കൈവിട്ട് പോയെന്നും ഉണ്ണികൃഷ്ണന്‍ പറയുന്നു.
എന്റെ സോണിലുള്ള സിനിമയേ ആയിരുന്നില്ല ആറാട്ട്. നെയ്യാറ്റിന്‍ കര ഗോപന്‍ എന്ന കഥാപാത്രവുമായി ഉദയകൃഷ്ണ എന്ന സമീപിക്കുകയായിരുന്നു. ഒരു മുഴുനീള സ്പൂഫ് ചിത്രം ചെയ്യാനാണ് ഞാന്‍ ആഗ്രഹിച്ചത്. മോഹന്‍ലാലിന് താരപരിവേഷം ഉണ്ടാക്കിയ സിനിമകളെ അദ്ദേഹത്തെ കൊണ്ട് തന്നെ സ്പൂഫ് ചെയ്യിപ്പിക്കുന്നത് രസകരമായി തോന്നി. വേറെ ഒരു നടനോടും നമ്മള്‍ക്കിത് പറയാന്‍ കഴിയില്ല. ഞാന്‍ അദ്ദേഹത്തോട് ഇത് ചോദിച്ചപ്പോള്‍ എന്തുകൊണ്ട് ചെയ്തുകൂടാ എന്നായിരുന്നു മറുപടി. സ്പൂഫ് സ്വഭാവം സിനിമയില്‍ ഉടനീളം കൊണ്ടുവന്നില്ല എന്നതിലാണ് ഞങ്ങള്‍ക്ക് പിഴവ് പറ്റിയത്.
രണ്ടാം പകുതിയില്‍ ആവശ്യമില്ലാത്ത സ്ഥലത്തേക്ക് ഞങ്ങള്‍ പോയി. ആ ട്രാക്ക് തന്നെ ശരിയായില്ല. മോഹന്‍ലാലിനോട് അല്ലാതെ പലരോടും സിനിമയുടെ ആശയം സംസാരിച്ചിരുന്നു. സ്പൂഫ് മാത്രമായി എങ്ങനെ സിനിമ കൊണ്ട് പോകുമെന്നാണ് അവരെല്ലാം ചോദിച്ചത്. അതോടെ ഞങ്ങളും സംശയത്തിലായി. ചിത്രത്തിലെ സ്പൂഫിനെ ആളുകള്‍ റഫറന്‍സുകളായാണ് കണ്ടത്. കാലങ്ങളായി മുടങ്ങികിടക്കുന്ന ഉത്സവമുണ്ടോ എന്നാണ് ഗോപന്‍ ചോദിക്കുന്നത്, തളര്‍ന്ന് കിടക്കുന്ന ആള് പാട്ട് കേട്ട് എഴുന്നേല്‍ക്കുന്ന രംഗം ചന്ദ്രലേഖയുടെ സ്പൂഫ് ആയി ചെയ്തതാണ്. ആളുകള്‍ പക്ഷേ അതിനെ അങ്ങനെയല്ല കണ്ടത്.
ആ സ്പൂഫ് ട്രാക്ക് സിനിമയില്‍ ഉടനീളം കൊണ്ടുപോകണമായിരുന്നു. മാത്രമല്ല അവസാനം വന്ന ഏജന്റ് എലമെന്റെല്ലാം പ്രേക്ഷകര്‍ക്ക് ബാലിശമായാണ് തോന്നിയത്. ഏജന്റ് ഫാക്ടര്‍ തമാശയായി എടുത്തതാണ്. പക്ഷേ അതെല്ലാം ഗൗരവകരമായി. ഫിലിം കമ്പാനിയന് നല്‍കിയ അഭിമുഖത്തിനിടെ ഉണ്ണികൃഷ്ണന്‍ പറഞ്ഞു.