Connect with us

Screenima

Nanpakal Nerathu Mayakkam

Reviews

വീണ്ടും വിസ്മയിപ്പിച്ച് മമ്മൂട്ടി, വഴിമാറി നടന്ന് ലിജോ; നന്‍പകല്‍ നേരത്ത് മയക്കം ഗംഭീരം (റിവ്യു)

ഐഎഫ്എഫ്‌കെ വേദിയില്‍ നിറഞ്ഞ സദസ്സിന്റെ കൈയടി വാരിക്കൂട്ടി ലിജോ ജോസ് പെല്ലിശ്ശേരി-മമ്മൂട്ടി ചിത്രം നന്‍പകല്‍ നേരത്ത് മയക്കം. ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനമാണ് ഐഎഫ്എഫ്‌കെ വേദിയില്‍ നടന്നത്. സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരിയും പ്രദര്‍ശനത്തിനു എത്തിയിരുന്നു. നന്‍പകല്‍ നേരത്ത് മയക്കം ലിജോയുടെ വേറിട്ട സിനിമാ അനുഭവമെന്നാണ് പ്രേക്ഷകര്‍ ഒന്നടങ്കം പറയുന്നത്.

ഇതുവരെ കണ്ടുപരിചിതമല്ലാത്ത വഴികളിലൂടെയാണ് ലിജോ നന്‍പകല്‍ നേരത്ത് മയക്കത്തിന്റെ കഥ പറയുന്നത്. ലിജോയുടെ മുന്‍ സിനിമകളെ പോലെ ഇതൊരു കോംപ്ലെക്‌സ് സിനിമാ അനുഭവമല്ല. വളരെ ലളിതമായി കഥ പറഞ്ഞു പോകുന്ന രീതി. എല്ലാ തരത്തിലുള്ള പ്രേക്ഷകരേയും തൃപ്തിപ്പെടുത്തുന്ന സിനിമാ അനുഭവം. ലിജോയില്‍ നിന്ന് ഇങ്ങനെയൊരു സിനിമ ആദ്യം !

മൂവാറ്റുപുഴക്കാരന്‍ ജെയിംസ് ഒരു ഉറക്കത്തില്‍ സുന്ദരം എന്ന വ്യക്തിയായി മാറുന്ന കാഴ്ച. വേളാങ്കണ്ണിക്കുള്ള യാത്രക്കിടയില്‍ ബസില്‍ വെച്ചാണ് ഈ സ്വപ്‌നാടനം. ജെയിംസില്‍ നിന്ന് സുന്ദരത്തിലേക്കുള്ള യാത്രയാണ് നന്‍പകല്‍ നേരത്ത് മയക്കം. ജെയിംസ്, സുന്ദരം എന്നിങ്ങനെ രണ്ട് വ്യത്യസ്ത ധ്രുവങ്ങളിലുള്ള കഥാപാത്രങ്ങളെ മമ്മൂട്ടി അനശ്വരമാക്കിയിരിക്കുന്നു. മമ്മൂട്ടിയിലെ താരത്തെ സിനിമയില്‍ എവിടെയും കാണാന്‍ സാധിക്കുന്നില്ല. അത്രത്തോളം കഥാപാത്രങ്ങളോട് ഇഴുകിചേര്‍ന്ന് അഭിനയിച്ചിരിക്കുകയാണ് മമ്മൂട്ടി. എന്നാല്‍ വളരെ ലളിതമായും അനായാസമായും ഈ കഥാപാത്രങ്ങളിലേക്ക് കൂടുമാറ്റം നടത്താന്‍ മമ്മൂട്ടിക്ക് സാധിച്ചിരിക്കുന്നു.

മൂവാറ്റുപുഴയില്‍ നിന്ന് വേളാങ്കണ്ണിക്ക് പോകുന്ന ബസില്‍ പ്രേക്ഷകരും ആസ്വദിച്ചു യാത്ര ചെയ്യുന്നു. നീണ്ട ഇടവേളയ്ക്ക് ശേഷം അശോകന്റെ മികച്ചൊരു കഥാപാത്രം മലയാളികള്‍ക്ക് കാണാന്‍ സാധിച്ചു. മറ്റ് കഥാപാത്രങ്ങളെല്ലാം പ്രേക്ഷകരെ രസിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നു. ഒരു ചെറുകഥ വായിക്കുന്ന ലാളിത്യത്തോടെ കണ്ടുതീര്‍ക്കാവുന്ന ചിത്രമാണ് നന്‍പകല്‍.

സ്റ്റാറ്റിക്ക് ഷോട്ടുകളാണ് നന്‍പകല്‍ നേരത്ത് മയക്കത്തിലെ പ്രധാന ആകര്‍ഷണം. ഒരു തമിഴ് ഉള്‍ഗ്രാമത്തെ അതിന്റെ സ്വാഭാവികത നഷ്ടപ്പെടുത്താതെ വളരെ മനോഹരമായി അവതരിപ്പിക്കാന്‍ ഛായാഗ്രഹകന്‍ തേനി ഈശ്വറിന് സാധിച്ചിട്ടുണ്ട്. എസ്.ഹരീഷിന്റെ തിരക്കഥയും കൈയടി അര്‍ഹിക്കുന്നു.

Continue Reading
To Top