Gossips
തിരക്കഥ വില്ലനായി; മോണ്‍സ്റ്ററില്‍ കൂടുതല്‍ വിമര്‍ശിക്കപ്പെടേണ്ടത് ഉദയകൃഷ്ണ തന്നെ
മോഹന്‍ലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത മോണ്‍സ്റ്റര്‍ തിയറ്ററുകളിലെത്തിയിരിക്കുകയാണ്. പ്രേക്ഷകര്‍ക്കിടയില്‍ നിന്ന് മോശം അഭിപ്രായമാണ് ചിത്രത്തിനു ലഭിച്ചുകൊണ്ടിരിക്കുന്നത്. മികച്ച ത്രില്ലര്‍ ആയിരിക്കുമെന്ന സംവിധായകന്റെ വാക്കുകളെ തകിടംമറിക്കുന്നതായിരുന്നു മോണ്‍സ്റ്റര്‍. തിരക്കഥ തന്നെയാണ് സിനിമയുടെ ഭാവി നിര്‍ണയിച്ചത്.
ഉദയകൃഷ്ണയുടെ പൊള്ളയായ തിരക്കഥയെ വിമര്‍ശിക്കാതിരിക്കാന്‍ സാധിക്കില്ല. പഴയകാല തെറ്റുകള്‍ ആവര്‍ത്തിക്കുന്ന ഉദയകൃഷ്ണയെയാണ് മോണ്‍സ്റ്ററിലും കാണുന്നത്. മോഹന്‍ലാലിനെ തന്നെ നായകനാക്കി ഉദയകൃഷ്ണയുടെ തിരക്കഥയില്‍ ഒരുങ്ങിയ ആറാട്ടിനെ ഓര്‍മിപ്പിക്കുന്നുണ്ട് മോണ്‍സ്റ്റര്‍ പലയിടങ്ങളിലും. ആറാട്ടില്‍ പാളിയതുപോലെ മോണ്‍സ്റ്ററിലും തിരക്കഥ അമ്പേ പാളി. 2022 ലൂടെയാണ് താന്‍ സഞ്ചരിക്കുന്നതെന്ന തിരിച്ചറിവ് ഇപ്പോഴും ഉദയകൃഷ്ണയ്ക്ക് ആയിട്ടില്ല.
മോഹന്‍ലാലിനെ പോലൊരു സൂപ്പര്‍ താരത്തോട്, പകരം വയ്ക്കാനില്ലാത്ത അഭിനയ പ്രതിഭയോട് ഉദയകൃഷ്ണയെ പോലുള്ള തിരക്കഥാകൃത്തുക്കള്‍ ചെയ്യുന്നത് നെറികേടാണ്. നിര്‍ബന്ധിച്ച് നിലവാരമില്ലാത്ത തമാശകള്‍ പറയിപ്പിക്കുക, ദ്വയാര്‍ത്ഥ പ്രയോഗങ്ങള്‍ കുത്തിനിറച്ച് പ്രേക്ഷകരെ അസ്വസ്ഥരാക്കുക തുടങ്ങിയ തെറ്റുകളെല്ലാം ഉദയകൃഷ്ണ മോണ്‍സ്റ്ററിലും ആവര്‍ത്തിക്കുന്നു.
സ്ത്രീ കഥാപാത്രങ്ങളെ കണ്ടാല്‍ ഒരു വട്ടമെങ്കിലും ദ്വയാര്‍ത്ഥ പ്രയോഗം നടത്തുന്ന അല്ലെങ്കില്‍ അശ്ലീല ചുവയോടെ സംസാരിക്കുന്ന ആളായിരിക്കും മോഹന്‍ലാലിന്റെ എല്ലാ കഥാപാത്രങ്ങളും എന്ന നിര്‍ബന്ധം ഉദയകൃഷ്ണയ്ക്കുണ്ടെന്ന് തോന്നുന്നു. ആറാട്ടിലെ പോലെ ദ്വയാര്‍ത്ഥ പ്രയോഗങ്ങളുടെ അയ്യരുകളിയാണ് മോണ്‍സ്റ്ററിലും. ജാക്കി, കയറ്റുക, ഇറക്കുക തുടങ്ങി പ്രേക്ഷകരുടെ നെറ്റി ചുളിപ്പിക്കുന്ന ദ്വയാര്‍ത്ഥ പ്രയോഗങ്ങള്‍ ഒരു കൂസലുമില്ലാതെ സ്ത്രീ കഥാപാത്രങ്ങളുടെ മുഖത്ത് നോക്കി പറയുന്ന തരത്തിലേക്ക് മോഹന്‍ലാലിനെ ഇവര്‍ മോള്‍ഡ് ചെയ്തു വച്ചിരിക്കുകയാണ്. സിനിമയില്‍ ഇത്രയും അനുഭവസമ്പത്തുള്ള മോഹന്‍ലാല്‍ ഇതിനെല്ലാം നിന്നുകൊടുക്കുന്നതും ഏറെ അതിശയിപ്പിക്കുന്നുണ്ട്.
വിന്റേജ് മോഹന്‍ലാലിനെ വീണ്ടും സ്‌ക്രീനില്‍ കൊണ്ടുവരാനുള്ള ശ്രമമാണ് മറ്റൊന്ന്. മോഹന്‍ലാലിന്റെ തന്നെ പഴയകാല സിനിമകളുടെ റഫറന്‍സുകള്‍, പഴയകാല കോമഡി നമ്പറുകള്‍ ഇവയെല്ലാം ആവര്‍ത്തിക്കുമ്പോള്‍ അത് പ്രേക്ഷകരെ മടുപ്പിക്കുന്നുണ്ടെന്ന സത്യം ഉദയകൃഷ്ണയെ പോലുള്ളവര്‍ തിരിച്ചറിയുന്നില്ല. ഇക്കിളിയിട്ടാല്‍ പോലും പ്രേക്ഷകര്‍ക്ക് ചിരി വരാത്ത തരത്തിലുള്ള കോമഡി നമ്പറുകള്‍ കുത്തികയറ്റി തിരക്കഥയെ ദുര്‍ബലമാക്കിയിരിക്കുകയാണ് ഉദയകൃഷ്ണ. മോഹന്‍ലാലിനെ പോലൊരു വമ്പന്‍ താരത്തേയും നടനേയും കൈയില്‍ കിട്ടുമ്പോള്‍ അത് എങ്ങനെ പ്രയോജനപ്പെടുത്തണമെന്ന് ഹോം വര്‍ക്ക് ചെയ്യാതെ എന്തെങ്കിലുമൊന്ന് തട്ടിക്കൂട്ടിയാല്‍ മതിയെന്ന ചിന്തയില്‍ നിന്നാണ് ഇത്തരം മോശം സിനിമകള്‍ പിറവി കൊള്ളുന്നത്.