Connect with us

Screenima

Rorschach

Reviews

വേറിട്ട വഴിയിലൂടെയുള്ള സഞ്ചാരം, മമ്മൂട്ടിയുടെ മാസ്മരിക പ്രകടനം; റോഷാക്ക് കയ്യടി നേടുന്നു

സംസാരത്തിലും പെരുമാറ്റത്തിലും വളരെ വ്യത്യസ്തനായ മനുഷ്യനാണ് യുകെ സിറ്റിസണ്‍ ആയ ലൂക്ക് ആന്റണി. അടിമുടി ദുരൂഹത നിറഞ്ഞ ഒരു കഥാപാത്രം. ലൂക്കിന്റെ ഇന്‍ട്രോയോടുകൂടിയാണ് റോഷാക്ക് ആരംഭിക്കുന്നത്. പിന്നീടങ്ങോട്ട് അയാളുടെ ജീവിതവുമായി ചുറ്റിപറ്റിയാണ് സിനിമയുടെ സഞ്ചാരം.

പ്രതികാര ദാഹിയാണ് ലൂക്ക്. പെരുമാറ്റം കാണുമ്പോള്‍ ഒരു സൈക്കോയെ പോലെ തോന്നും. തന്റെ കുടുംബം നശിക്കാന്‍ കാരണമായവരെ വേരോടെ ഉന്മൂലനം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ലൂക്ക് കേരളത്തിലെത്തുന്നത്. ലൂക്കിന്റെ വരവിലും പിന്നീടുള്ള പ്രവൃത്തികളിലും ദുരൂഹത തളം കെട്ടി നില്‍ക്കുന്നുണ്ട്. ഈ ദുരൂഹതയാണ് പ്രേക്ഷകരെ തിയറ്ററില്‍ എന്‍ഗേജ് ചെയ്യിപ്പിക്കുന്നത്. ആരാണ് ലൂക്ക്? ലൂക്കിന്റെ ഉദ്ദേശ ലക്ഷ്യം എന്താണ്? ലൂക്കിന്റെ ശത്രുക്കള്‍ ആരെല്ലാം? തുടങ്ങിയ ചോദ്യങ്ങളിലേക്കാണ് റോഷാക്കിന്റെ കഥ സഞ്ചരിക്കുന്നത്.

മമ്മൂട്ടി പറഞ്ഞതുപോലെ ഒരു സ്ലോ പോയ്സണ്‍ ത്രില്ലര്‍ ഴോണറില്‍ ഉള്‍പ്പെടുത്താവുന്ന ചിത്രമാണ് റോഷാക്ക്. ക്ഷമയോടെ വേണം ചിത്രത്തെ സമീപിക്കാന്‍. അതുകൊണ്ട് തന്നെ എല്ലാ വിഭാഗം പ്രേക്ഷകരേയും ചിത്രം തൃപ്തിപ്പെടുത്തില്ല. ബോക്സ്ഓഫീസില്‍ വലിയൊരു ഇംപാക്ട് ഉണ്ടാക്കാന്‍ റോഷാക്കിന് സാധിക്കണമെന്നുമില്ല. എങ്കിലും വ്യത്യസ്തമായ മേക്കിങ് റോഷാക്കിനെ മികച്ച തിയറ്റര്‍ അനുഭവമാക്കുന്നുണ്ട്.

Rorschach

Rorschach

പ്രവചിക്കാവുന്ന കഥയെന്ന പോരായ്മയെ ഒരു പരിധിവരെ മറികടക്കുന്നത് മേക്കിങ് മികവ് കൊണ്ടാണ്. സംവിധായകന്‍ നിസാം ബഷീറിന്റെ അവതരണ രീതി കയ്യടി അര്‍ഹിക്കുന്നു. പരീക്ഷണ സിനിമ ചെയ്യാന്‍ നിസാം ബഷീര്‍ കാണിച്ച ധൈര്യം വരും കാലത്ത് മറ്റ് പല സംവിധായകര്‍ക്കും പ്രചോദനമാകും.

മമ്മൂട്ടിയുടെ പെര്‍ഫോമന്‍സാണ് രണ്ടാമത്തെ പോസിറ്റീവ് ഘടകം. വളരെ ദുരൂഹത നിറഞ്ഞ രീതിയില്‍ ഒപ്പം പ്രേക്ഷകരില്‍ സംശയം ജനിപ്പിച്ചുകൊണ്ട് ലൂക്ക് ആന്റണി എന്ന കഥാപാത്രത്തെ മമ്മൂട്ടി മികച്ചതാക്കിയിട്ടുണ്ട്. മിനിമല്‍ ആയി ചെയ്യേണ്ട മുഖഭാവങ്ങളിലും ഡയലോഗ് ഡെലിവറിയിലെ സൂക്ഷമതയിലും മമ്മൂട്ടി നൂറ് ശതമാനം നീതി പുലര്‍ത്തി. ബിന്ദു പണിക്കര്‍, ജഗദീഷ്, ഷറഫുദ്ദീന്‍, ഗ്രേസ് ആന്റണി തുടങ്ങിയവരുടെ പ്രകടനങ്ങളും മികച്ചുനിന്നു.

മിഥുന്‍ മുകുന്ദന്റെ പശ്ചാത്തല സംഗീതം അതിഗംഭീരം. റോഷാക്കിന്റെ നട്ടെല്ല് തന്നെ പശ്ചാത്തല സംഗീതമാണ്. ഒരു ത്രില്ലര്‍-ഹൊറര്‍ മൂഡ് പ്രേക്ഷകരില്‍ നിലനിര്‍ത്താന്‍ സംഗീതത്തിനു സാധിച്ചു. നിമിഷ് രവിയുടെ ഛായാഗ്രഹണവും എടുത്തുപറയേണ്ട ഘടകമാണ്.

മെല്ലെപ്പോക്കാണ് സിനിമയെ പ്രതികൂലമായി ബാധിക്കാന്‍ സാധ്യതയുള്ള പ്രധാന ഘടകം. ഒപ്പം സിനിമ ഇറങ്ങും മുന്‍പ് ചര്‍ച്ച ചെയ്യപ്പെട്ട വൈറ്റ് റൂം ടോര്‍ച്ചര്‍ പോലുള്ള വിഷയങ്ങളെയൊന്നും സിനിമ കാര്യമായി കൈകാര്യം ചെയ്തിട്ടില്ല. ഒരു സൈക്കോളജിക്കല്‍ ത്രില്ലര്‍ എന്ന നിലയിലേക്ക് പൂര്‍ണമായി ഉയരാനും സിനിമയ്ക്ക് സാധിച്ചില്ല. പ്രവചിക്കാവുന്ന കഥ എന്നതും സിനിമയുടെ ആസ്വാദനത്തെ ബാധിക്കുന്നുണ്ട്. വളരെ എളുപ്പത്തില്‍ പ്രേക്ഷകര്‍ക്ക് സങ്കല്‍പ്പിക്കാവുന്ന കാര്യങ്ങളാണ് സ്‌ക്രീനില്‍ നടക്കുന്നത്. ഇത് സിനിമയുടെ പ്രധാനപ്പെട്ട നെഗറ്റീവ് വശമാണ്.

 

Continue Reading
To Top