Gossips
മകനെ മതം മാറ്റണമെന്ന് പറഞ്ഞു, പറ്റില്ലെന്ന് ഞാന്‍ വാശിപിടിച്ചു; രണ്ടാം വിവാഹബന്ധം ഡിവോഴ്‌സില്‍ എത്തിയതിനെ കുറിച്ച് നടി ചാര്‍മിള
മലയാളികള്‍ക്ക് ഏറെ സുപരിചിതയായ താരമാണ് ചാര്‍മിള. ഒരുകാലത്ത് തെന്നിന്ത്യന്‍ സിനിമകളില്‍ താരം സജീവ സാന്നിധ്യമായിരുന്നു. ഏറെ വിവാദങ്ങളിലും ചാര്‍മിളയുടെ പേര് ഉയര്‍ന്നുകേട്ടിരുന്നു. ചാര്‍മിളയുടെ വ്യക്തിജീവിതം അത്ര സുഖകരമായിരുന്നില്ല.
നടന്‍ ബാബു ആന്റണിയുമായി ചാര്‍മിള പ്രണയത്തിലായിരുന്നു. ഇതേ കുറിച്ച് ഒരു അഭിമുഖത്തില്‍ ചാര്‍മിള മനസ്സുതുറന്നിട്ടുണ്ട്. ബാബു ആന്റണിയുമായുള്ള ബന്ധം വിവാഹം വരെ അടുത്തിരുന്നെന്നും ചാര്‍മിള പറയുന്നു. ‘ബാബു ആന്റണിയുമായി അടുക്കാന്‍ ഇമോഷണലായ ഒരു കാര്യം ഉണ്ട്. കട്ടപ്പനയില്‍ ഒരു സിനിമയുടെ ഷൂട്ടിങ് നടക്കുന്ന സമയത്ത് അച്ഛന് ഹെവി ഹാര്‍ട്ട് അറ്റാക്ക് ഉണ്ടായി. സഹായത്തിന് എനിക്ക് ആരും ഉണ്ടായിരുന്നില്ല, ഭാഷയും അറിയില്ല. ആ സമയത്ത് ആശുപത്രിയില്‍ കൂടെ നിന്ന് സഹായിച്ചത് ബാബു ആന്റണിയാണ്. അന്ന് ബാബു ഇല്ലായിരുന്നുവെങ്കില്‍ എനിക്ക് എന്റെ അച്ഛനെ കിട്ടുമായിരുന്നില്ല,’ ചാര്‍മിള പറഞ്ഞു. ഈ ബന്ധം പിന്നീട് വളര്‍ന്നെന്നും എന്നാല്‍ പല കാരണങ്ങളാല്‍ പിരിയേണ്ടി വന്നെന്നും ചാര്‍മിള പറയുന്നു.
ബാബു ആന്റണിയുമായുള്ള ബന്ധം പിരിഞ്ഞു നില്‍ക്കുന്ന സമയത്താണ് കിഷോര്‍ സത്യ ചാര്‍മിളയുടെ ജീവിതത്തിലേക്ക് കയറിവരുന്നത്. കിഷോറാണ് ചാര്‍മിളയുടെ ആദ്യ ജീവിതപങ്കാളി. അന്ന് കിഷോര്‍ സിനിമയില്‍ അസിസ്റ്റന്റ് ഡയറക്ടറായിരുന്നു.ആ സമയത്താണ് ചാര്‍മിളയുടെ അമ്മ മരിച്ചത്. ആ ഷോക്കില്‍ ചാര്‍മിളയ്‌ക്കൊപ്പം നിന്നത് കിഷോറാണ്. ഈ സൗഹൃദം പിന്നീട് പ്രണയമാകുകയും ഇരുവരും വീട്ടുകാരുടെ സമ്മതത്തോടെ വിവാഹം കഴിക്കുകയും ചെയ്തു. ‘വിവാഹം കഴിഞ്ഞതും കിഷോര്‍ ഗള്‍ഫിലേക്ക് പോയി. എന്നെ അഭിനയിക്കാനും സമ്മതിച്ചില്ല. ഷോകള്‍ ചെയ്യാം, സിനിമയില്‍ അഭിനയിക്കാന്‍ പാടില്ല എന്നൊക്കെയായിരുന്നു നിബന്ധന. നാല് വര്‍ഷത്തോളം ഗള്‍ഫില്‍ ആയിരുന്നു. എന്നെ വിളിക്കുകയോ നാട്ടിലേക്ക് വരികയോ ചെയ്തില്ല. വിസയും അയച്ചില്ല. അവസാനം ഞാന്‍ അങ്ങോട്ട് തേടി പോകേണ്ട അവസ്ഥയിലേക്ക് എത്തി. പിന്നീട് നിരവധി പ്രശ്നങ്ങളെ തുടര്‍ന്ന് വിവാഹമോചിതരാവുകയായിരുന്നു,’ ചാര്‍മിള പറഞ്ഞു.
2006 ല്‍ രാജേഷ് എന്നയാളെ ചാര്‍മിള വിവാഹം കഴിച്ചു. ഈ ബന്ധം 2014 ല്‍ പിരിഞ്ഞു. അതിന്റെ കാരണങ്ങളും ചാര്‍മിള വെളിപ്പെടുത്തുന്നു. ‘രണ്ടാമത് കല്യാണം ചെയ്ത ആളാണ് രാജേഷ്. പൂര്‍ണമായും ഒരു ഗ്രാമത്തില്‍ ജനിച്ച് വളര്‍ന്ന ആളാണ രാജേഷ്. ഒരു നടിയായ ഞാന്‍ ആ ഗ്രാമത്തിലേക്ക് പോയത് തന്നെ ഏറ്റവും വലിയ തെറ്റ് ആയിരുന്നു. അതിന്റെ ഏറ്റവും ക്രൂരമായ മുഖം അനുഭവിയ്ക്കുമ്പോഴേക്കും ഞങ്ങള്‍ക്ക് കുഞ്ഞ് ജനിച്ചിരുന്നു. പ്രധാന പ്രശ്‌നം സംശയമായിരുന്നു. സിനിമയില്‍ ഇത്രയും ആളുകള്‍ക്കൊപ്പം തൊട്ട് അഭിനയിച്ച നടി എന്ന സംശയം എപ്പോഴും അവരുടെ വീട്ടുകാര്‍ക്ക് ഉണ്ടായി. മറ്റ് ചില കാരണങ്ങള്‍ കൊണ്ടാണ് രണ്ടാമതും ബന്ധം വേര്‍പിരിയുന്നത്. രാജേഷ് ഹിന്ദുവായിരുന്നു. ഞാന്‍ ക്രിസ്ത്യന്‍ വിശ്വാസത്തിലാണ് ജീവിച്ചിരുന്നത്. മകനെയും ക്രിസ്ത്യന്‍ വിശ്വാസത്തില്‍ വളര്‍ത്താനായിരുന്നു എനിക്ക് ഇഷ്ടം. മകനെ മതം മാറ്റണമെന്ന് രാജേഷ് ആവശ്യപ്പെട്ടു. ഇതിനു ഞാന്‍ സമ്മതിച്ചില്ല. ഇതാണ് അവസാനം ഡിവോഴ്‌സില്‍ കലാശിച്ചത്,’ ചാര്‍മിള കൂട്ടിച്ചേര്‍ത്തു.